ഒരുമയോടെ പ്രതിരോധിക്കാം;ലോക്ക്ഡൗണിനോട് സഹകരിക്കുക

ഡോ. കെ.സി. ചാക്കോ
ചീഫ് എഡിറ്റര്‍

മാനവരാശിക്ക് അതിന്റെ സഞ്ചാര ചരിത്രത്തില്‍ ഒട്ടേറെ വെല്ലുവിളികളും പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. പ്രകൃതിദുരന്തങ്ങളായും മഹാമാരികളായും യുദ്ധങ്ങളായും മൃത്യുരൂപം പൂണ്ടുവന്ന എല്ലാറ്റിനേയും മനുഷ്യന്‍ അവന്റെ ഇഛാശക്തിയും ആത്മധൈര്യവും ഐക്യബോധവും സഹജീവിസ്‌നേഹവും ശാസ്ത്രകഴിവുകളും കരുതലും ജാഗ്രതയും ഒക്കെ കൊണ്ട് നേരിടുകയും അതിജീവിക്കുകയും ചെയ്തിട്ടുണ്ട് എന്നതിനാലാണ് ഏത് പ്രതിസന്ധിയിലും നമ്മള്‍ ശുഭാപ്തി വിശ്വാസികളായി നിലനില്‍ക്കുന്നതും എന്നും മുന്നോട്ട് പ്രയാണം തുടരുന്നതും.
ഇപ്പോള്‍ നാം കൊവിഡ് 19 എന്ന വലിയ ഭീഷണിക്കു മുന്‍പിലാണ്. ലോകത്ത് 185 രാജ്യങ്ങളിലേക്ക് പടര്‍ന്ന വൈറസ് മൂന്നേകാല്‍ ലക്ഷത്തോളം മനഷ്യരെ ബാധിച്ചു കഴിഞ്ഞിരിക്കുന്നു. പതിനാലായിരത്തിലേറെ ആളുകളുടെ ജീവന്‍ കവര്‍ന്നെടുത്തു കഴിഞ്ഞു. ഇറ്റലി പോലെയുള്ള ഏതാനും രാജ്യങ്ങളില്‍ സ്ഥിതി അതീവ ഗുരതരമായിരിക്കുന്നത് ആശങ്കാകുലമാകുമ്പോഴും രോഗം ആദ്യം പ്രകടമായ ചൈനയിലടക്കം പല രാജ്യങ്ങളിലും സ്ഥിതി നിയന്ത്രണ വിധേയമായിരിക്കുന്നു എന്നത് പ്രതീക്ഷ നല്‍കുന്ന ശുഭസൂചനയാണ്. ഇനിയും പൂര്‍ണ്ണമായും പ്രയോഗക്ഷമതയുള്ള മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത ഈ വൈറസ്‌രോഗത്തെ നേരിടാനുള്ള ഏകമാര്‍ഗം, രോഗം പടരാതെ നോക്കുക എന്നതാണ്. വൈറസ് ബാധിതരില്‍ നിന്ന് നേരിട്ടോ അവര്‍ സ്പര്‍ശിച്ചിട്ടുള്ള വസ്തുക്കളില്‍ നിന്നോ മറ്റുള്ളവരിലേക്ക് സ്രവങ്ങളിലൂടെ കോശങ്ങളിലേക്ക് പ്രവേശിക്കുന്ന വൈറസ് ആയതുകൊണ്ട്, മറ്റുള്ളവരുമായുള്ള ഇടപഴകല്‍ ഒഴിവാക്കിയും മെഡിക്കല്‍ അണുനാശിനി കൊണ്ട് കൈകള്‍ വൃത്തിയാക്കിയും പരമാവധി രോഗപ്രതിരോധം സാധ്യമാണ്.
ലോകാരോഗ്യ സംഘടനയും മറ്റിതര ആരോഗ്യ- ശാസ്ത്ര വിദഗ്ധരും രോഗപ്രതിരോധത്തിനുള്ള ശരിയും ശാസ്ത്രീയവുമായ മാര്‍ഗരേഖകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അത് കൃത്യതയോടെയും ഉത്തരവാദിത്തത്തോടെയും പാലിക്കുക എന്നതാണ് ഇന്ന് ഏത് രാജ്യത്തിന്റേയും ഉത്തരവാദിത്തം. ലോകത്തെ ഒരു കുടുംബമായി കണ്ട് കൊണ്ട് ശാസ്ത്ര- ഗവേഷണ വിവരങ്ങളും ഓരോ രാജ്യത്തിന്റേയും ഇതു സംബന്ധിച്ച അനുഭവങ്ങളും പരസ്പരം പങ്കുവച്ചു കൊണ്ട് ലോക ജനതയുടെ അതിജീവനത്തിനായ് ഐക്യപ്പെടേണ്ട ചരിത്ര സന്ദര്‍ഭമാണിത്.
ഇന്ത്യയിലാകട്ടെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത മാര്‍ച്ച് 22 ന്റെ ജനതാ കര്‍ഫ്യൂ ജനങ്ങള്‍ ഉത്തരവാദിത്തപൂര്‍വ്വം ഏറ്റെടുക്കുകയും അന്നേ ദിവസം പൂര്‍ണ്ണമായും സാമൂഹ്യ സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കുകയും ചെയ്തത് ആശാവഹമായ ചുവടുവെയ്പാണ്. നമ്മുടെ രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം നാനൂറില്‍ താഴെയും മരണം പത്തില്‍ താഴെയുമാണ്. സംഖ്യ ഇത്ര കുറഞ്ഞിരിക്കുന്നത് ആശ്വാസകരമാണെങ്കിലും ഇത്രയേറെ ജനസംഖ്യയുള്ള, ജനസാന്ദ്രത വളരെ കൂടിയ രാജ്യത്ത്, വളരെയേറേ ശ്രദ്ധാപൂര്‍വ്വവും കാര്യക്ഷമതയോടെയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ചില്ലെങ്കില്‍ രോഗവ്യാപനത്തിനുള്ള സാധ്യത ഏറെയാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളും ശാസ്ത്ര – ആരോഗ്യ രംഗവും ഇക്കാര്യത്തില്‍ ചെയ്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുമ്പോള്‍ തന്നെ മറ്റു ചില കാര്യങ്ങള്‍ സൂചിപ്പിക്കേണ്ടതുണ്ടെന്നു കരുതുന്നു.
നഗരങ്ങളിലോ അര്‍ദ്ധനഗരങ്ങളിലോ രോഗചികിത്സയോ പ്രതിരോധ പ്രവര്‍ത്തനങ്ങളോ നടപ്പിലാക്കുന്നത്ര എളുപ്പമല്ലല്ലോ വിശാലമായ ഇന്‍ഡ്യന്‍ ഗ്രാമങ്ങളിലേക്ക് കടക്കുമ്പോള്‍. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ പോലും കിലോമീറ്ററുകള്‍ക്കകലെ മാത്രമായ എത്രയോ ഗ്രാമങ്ങള്‍ ഉണ്ട് ഇന്ത്യയില്‍. യാതൊരു ആരോഗ്യ സുരക്ഷാ സംവിധാനവുമില്ലാത്ത സാഹചര്യത്തില്‍ മനുഷ്യര്‍ അടുങ്ങി ജീവിക്കുന്ന ചേരികള്‍, ഗലികള്‍.. കേരളമടക്കമുള്ള പലയിടങ്ങളിലും മോശം ചുറ്റുപാടുകളില്‍ ജീവിക്കുന്ന മറ്റു സംസ്ഥാന തൊഴിലാളികള്‍. ഇങ്ങനെ ഇന്നു തുടരുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആ വിധത്തില്‍ പ്രായോഗികമാകാത്ത വലിയൊരു മേഖലയുണ്ട് നമ്മുടെ രാജ്യത്ത്. വൈറസ് വ്യാപനത്തിന്റെ ഭാവി അപകടത്തെ ദീര്‍ഘവീക്ഷണത്തോടെ കണ്ടുള്ള പ്രയോഗിക പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. ഇപ്പോള്‍ രോഗത്തിന്റെ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ല എങ്കിലും അതു കൂടി മുന്‍കൂട്ടി കണക്കുകൂട്ടേണ്ടതുണ്ട്.
അസാധാരണമായ ഈ സാഹചര്യത്തില്‍, അസാധാരണവും അതി വിപുലവും ക്ലേശപൂര്‍ണവുമായ ഒട്ടേറെ ഉത്തരവാദിത്തങ്ങള്‍ ഓരോ സംസ്ഥാന സര്‍ക്കാരുകളും നിര്‍വ്വഹിച്ചുകൊണ്ടിരിക്കയാണ്. വിവിധ വകുപ്പുകളുടെ മുന്‍ കൈയ്യില്‍ പല വിധത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് രോഗ വ്യാപനത്തിനെതിരെ നടത്തികൊണ്ടിരിക്കുന്നത്. ഭാരിച്ച സാമ്പത്തിക ബാധ്യതയുള്ള ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസഹായം നല്കിക്കൊണ്ട് അതാത് സംസ്ഥാന സര്‍ക്കാരുകളെ ഊര്‍ജ്ജസ്വലമാക്കേണ്ടതുണ്ട്. അതോടൊപ്പം രോഗനിര്‍ണയത്തിനുള്ള രക്തപരിശോധന ലബോറട്ടറി സൗകര്യത്തിന്റെ പരിമിതി ഇന്നൊരു പ്രധാന വെല്ലുവിളിയാണ്. അക്കാര്യത്തില്‍ ശുഷ്‌ക്കാന്തിയോടുള്ള ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ട്.
ജനസാന്ദ്രത വളരെയേറിയതും പതിനായിരക്കണക്കിനാളുകള്‍ വിദേശത്ത് നിന്ന് വന്നു പോകുന്നതുമായ നമ്മുടെ സംസ്ഥാനമാണ് വലിയ ജാഗ്രത പുലര്‍ത്തേണ്ടത്. നൂറോളം പേര്‍ക്ക് ഈ കൊച്ചു സംസ്ഥാനത്ത് രോഗം ബാധിച്ചിരിക്കുന്നു എന്നതിന്റെ ഗൗരവം വളരെ വലുതാണല്ലോ. വളരെ ചിട്ടയായ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്നത്. പക്ഷേ വളരെയേറെ സാമൂഹ്യബോധവും താരതമ്യേന ഉയര്‍ന്ന ജീവിതനിലവാരവും ഉള്ള ജനതയായിട്ടും രോഗവ്യാപന ഭീഷണിയുടെ വേണ്ടത്ര ഗൗരവം പൊതുസമൂഹം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിട്ടില്ല എന്നു ബോധ്യപ്പെടുന്ന പല സംഭവങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. കാര്യങ്ങള്‍ കുറച്ചു കൈവിട്ടുപോയാല്‍ പിന്നെ പെട്ടെന്ന് നിയന്ത്രണ വിധേയമാക്കാനാവില്ല കേരളത്തില്‍ എന്നത് എല്ലാവരും മനസിലാക്കേണ്ടതുണ്ട്. പരസ്പരം വളരെയേറെ ഇടപഴകി ജീവിക്കുന്ന ജീവിത ശൈലിയുള്ള കേരളത്തില്‍ സവിശേഷമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ആരോഗ്യ വകുപ്പും ബന്ധപ്പെട്ട അധികൃതരും യഥാസമയത്ത് നല്കുന്ന നിര്‍ദ്ദേശങ്ങള്‍, കൃത്യതയോടെ പാലിക്കുകയും അതിനായി മറ്റുള്ളവരെ തയ്യാറാക്കുകയും ചെയ്യുക എന്നതാണ് ഈ ഘട്ടത്തില്‍ നാം ഓരോരുത്തരും ചെയ്യേണ്ട ഉത്തരവാദിത്തം. മലയാളിക്ക് അതിന് കഴിയും. കഴിയണം.
കേരളത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഇതിലേക്കെത്തിച്ച സാഹചര്യത്തിന്റെ ഗൗരവത്തെ ആരും കുറച്ചുകാണരുത്. കേരളം ഒരു പരീക്ഷണഘട്ടത്തെ നേരിടുകയാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകളില്‍ എല്ലാമുണ്ട്. നിറഞ്ഞ സാമൂഹ്യ ഉത്തരവാദിത്വത്തോടെ ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക എന്നുള്ളതാണ് ഏതൊരു പൗരന്റെയും ഉത്തരവാദിത്വം. അതിനനുസരിച്ച് നമ്മുടെ ജീവിത ക്രമത്തില്‍ മാറ്റം വരുത്തുക തന്നെ വേണം.
ഒപ്പം തന്നെ സര്‍ക്കാര്‍ ചില കാര്യങ്ങള്‍ ഉറപ്പു വരുത്തേണ്ടതുണ്ട്. മുഴുവന്‍ കുടുംബങ്ങള്‍ക്കും ആവശ്യമായ ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത മുന്‍കൂട്ടി ഉറപ്പു വരുത്തണം. രണ്ടാഴ്ചത്തേക്കോ ഒരു മാസത്തേക്കോ ഉള്ള സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കാന്‍ പണമില്ലാത്ത പതിനായിരക്കണക്കിന് കുടുംബങ്ങള്‍ ഉണ്ട് കേരളത്തില്‍. നിത്യവേതനക്കാരായ ആളുകള്‍ അന്നന്നത്തെ വിയര്‍പ്പു കൊണ്ട് ഉണ്ണുന്നവരാണ്. താഴ്ന്ന ഇടത്തരക്കാര്‍ക്കു പോലും ഒരു വലിയ കരുതല്‍ പ്രയാസമേറിയതാണ്. ജനങ്ങള്‍ വീട്ടില്‍തന്നെ ഇരിക്കേണ്ടി വരിക എന്ന സാഹചര്യം കേരളീയര്‍ ഇതുവരെ നേരിടാത്തതാണ്. ഒട്ടും പരിചിതമല്ലാത്ത ഇത്തരമൊരു ഘട്ടത്തില്‍ ജീവിക്കുവാന്‍ ജനങ്ങളെ പ്രാപ്തരാക്കേണ്ടതുണ്ട് എന്നത് മുന്‍കൂട്ടി കാണേണ്ടതുമുണ്ട്.
രോഗപ്രതിരോധത്തിന് സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികളോടും സര്‍വ്വാത്മനാ പിന്തുണക്കുന്നു. ഈ വെല്ലുവിളിയെ സധൈര്യം, ജാഗ്രതാപൂര്‍വ്വം, സാമൂഹ്യ ഉത്തരവാദിത്തത്തോടെ, വൈദ്യശാസ്ത്ര നിര്‍ദ്ദേശങ്ങള്‍ ഏറ്റെടുത്തുകൊണ്ട് നമുക്കൊന്നായി നേരിടാം.

       

You must be logged in to post a comment Login