ഒരു കാസറഗോഡന്‍ വീരഗാഥ

ഡോ. ബി. ഇഫ്തിഖാര്‍ അഹമ്മദ്

പിന്നാക്ക ജില്ലയായ കാസറഗോഡ് നിന്നും, പിന്നാക്ക സമുദായമായ മുസ്ലിം വിഭാഗത്തിലെ, ഇനിയും വെളിച്ചം കണ്ടു തുടങ്ങിയിട്ടില്ലാത്ത വനിതകളെക്കുറിച്ചുള്ള അപമാന ഭാരം ഇനിയെങ്കിലും ഇറക്കിവെക്കാം. കാരണം ഭാരതത്തിന്റെ വിദേശകാര്യ വകുപ്പിലെ ജോയിന്റ് സെക്രട്ടറി പദവിയിലെത്തിയ ആദ്യ മുസ്ലിം വനിത എന്ന ഖ്യാതി ലഭിച്ചിരിക്കുന്നത് കാസറഗോഡ് ചെമ്മനാട് സ്വദേശിനിയായ നഗ്മ മുഹമ്മദ് ഫരീദ് എന്ന ഐ.എഫ്.എസ്.കാരിക്കാണ്.
നഗ്മയുടെ വിജയത്തിലും പുതിയ സ്ഥാനലബ്ധിയിലും അവരുടെ പ്രദേശത്തുകാര്‍ക്ക് വലിയ അദ്ഭുതമൊന്നുമില്ല. കാരണം, തൊള്ളായിരത്തി ഇരുപതുകളില്‍, ചന്ദ്രഗിരിപ്പുഴ നീന്തിക്കടന്ന് പ്രൈമറി സ്‌ക്കൂളില്‍ അറിവ് നേടാന്‍ പോയ ചരിത്രമുള്ള പടിപ്പുര തറവാട്ടിലെ മുഹമ്മദിന്റെ മകളാണ് അവര്‍. ആ അഭിനിവേശം മുഹമ്മദിനെ മംഗലാപുരത്തേക്ക് ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തിനും, ശേഷം, അന്നത്തെ മദിരാശിയുടെ ഭാഗമായിരുന്ന ദിക്കിലെ കോളേജിലും എത്തിച്ചതിന്റെ ജനിതകരേഖ തന്നെയാണ് നഗ്മക്കും കിട്ടിയിരിക്കുന്നത്. ബിരുദങ്ങള്‍ ഒന്നല്ല, രണ്ടെണ്ണം നേടി വക്കീല്‍ക്കുപ്പായമണിഞ്ഞ ഉപ്പയുടെ വീറും വാശിയും അതേപടി നിലനിര്‍ത്താനായതിനാല്‍ തന്നെ, നഗ്മയുടെ വിജയയാത്ര തുടങ്ങിയിട്ടേയുള്ളൂ എന്ന് പറയേണ്ടിവരും.
വീടും പരിസരവും എന്ന ചെറിയ ഇട്ടാവട്ടത്ത് മാത്രം ഒതുങ്ങുന്നതാണ് ഒരു ശരാശരി കാസറഗോഡ് മുസ്ലിം പെണ്‍ജന്മത്തിന്റെ ജീവിതക്രമം. എത്ര വിദ്യാസമ്പന്നരായാലും ‘കുടുംബം’ എന്ന ഏകജാലകത്തിലൂടെ മാത്രമേ അവര്‍ ജീവിതത്തെ നോക്കിക്കാണാറുള്ളൂ. അതിനെ അതിജീവിക്കുക എന്ന വെല്ലുവിളിയാണ് നഗ്മ ഏറ്റെടുത്തിട്ടുള്ളതും പരാജയപ്പെടുത്തി തെളിയിച്ചിരുന്നതും. നഗ്മയുടെ തിളക്കം ഈ ഭൂപ്രദേശത്ത് മറഞ്ഞു കിടക്കുന്ന ചെപ്പുകളില്‍ നിന്നും കൂടുതല്‍ മുത്തുകളെ പുറത്തെടുക്കാനാവും എന്ന പ്രതീക്ഷ ഈ പുതുവര്‍ഷത്തില്‍ ഉണ്ട്. മൂന്ന് സഹോദരന്മാരെയും മദ്രാസിലേക്ക് ഉന്നത പഠനത്തിനയച്ച മുഹമ്മദ്, മകളെ പഠിപ്പിച്ചത് നാട്ടില്‍ തന്നെയായിരുന്നു. മെട്രിക്കുലേഷന്‍ വരെ എന്തെങ്കിലും പഠിപ്പിക്കുക, തുടര്‍ന്ന് നല്ലൊരു ചെറുക്കനെ കണ്ടെത്തി ‘ഭാരമിറക്കിവെക്കുക’ എന്ന ഒരുരു ശരാശരി കാസറഗോഡന്‍ സ്വപ്‌നം മാത്രമേ മുഹമ്മദ് എന്ന പിതാവിനും ഉണ്ടായിരുന്നുള്ളൂ.. പക്ഷെ, പഠനത്തില്‍ മിടുക്ക് കാണിച്ച നഗ്മയെ, പെണ്‍കുട്ടിയാണെന്ന ഒറ്റ കാരണത്താല്‍, അവഗണിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. പിന്നെ, സെന്റ് സ്റ്റീഫന്‍ കോളേജിലും ഡല്‍ഹി സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്‌സിലും ഇന്ത്യന്‍ സിവില്‍ സര്‍വീസ് സ്വപ്‌നങ്ങള്‍ ചാലിച്ചുചേര്‍ത്ത് നഗ്മ പഠിച്ചും പാറിയും നടന്നു.
ഇംഗ്ലിഷ് സാഹിത്യവും സോഷ്യോളജിയും പ്രധാന വിഷയങ്ങളായി പഠിച്ച്, നഗ്മ 1990 ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യത്തെ നൂറ് റാങ്കില്‍ ഉള്‍പ്പെട്ട് വിജയിച്ചു. ഐ.എ.എസ്. എന്ന സ്വപ്‌നത്തിന് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് എന്ന ഗതിമാറ്റമുണ്ടായ നഗ്മ, അടുത്ത വര്‍ഷം പ്രസ്തുത സര്‍വീസിലെത്തി. വിവിധ അറേബ്യന്‍ രാഷ്ട്രങ്ങളിലും ശ്രീലങ്ക, നേപ്പാള്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലുമുള്ള വിദേശകാര്യ ഓഫീസുകളില്‍ നഗ്മ സേവനമനുഷ്ഠിച്ചു. ടുണീസ്യയിലും തയ്‌ലാന്റിലും ഇന്ത്യന്‍ അംബാസഡറായി. ഡെപ്യൂട്ടി ചീഫ് പ്രോട്ടോകോള്‍ ഓഫീസര്‍, സ്റ്റാഫ് ഓഫീസര്‍ എന്നീ നിലയില്‍ ഡല്‍ഹിയുടെ ഭരണ സിരാകേന്ദ്രങ്ങളിലായി, പിന്നീട് ഈ കാസറഗോഡുകാരി വിഹരിച്ചു.
ഇക്കഴിഞ്ഞ മാസമാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അവരുടെ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയായി നഗ്മയെ അവരോധിച്ചത്. നഗ്മ ഫരീദിലൂടെ ഒരു പുതിയ യുഗം കുറിക്കപ്പെട്ടിരിക്കുന്നു – ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ആദ്യ മുസ്ലിം വനിതാ ജോയിന്റ് സെക്രട്ടറി എന്ന റേക്കോര്‍ഡ് നേടിക്കൊണ്ട്!

You must be logged in to post a comment Login