ഒരു കോടി രൂപ വില വരുന്ന ഡീസല്‍ കടത്താന്‍ ശ്രമിച്ച സംഘത്തിലെ നാല് പേരെ ഹൈദരാബാദില്‍ പിടികൂടി

ഹൈദരാബാദ്: ഒരു കോടി രൂപ വില വരുന്ന ഡീസല്‍ കടത്താന്‍ ശ്രമിച്ച സംഘത്തിലെ നാല് പേരെ ഹൈദരാബാദില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡിആര്‍ഐ) പിടികൂടി. ദുബൈയില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച ഡീസലാണ് പിടികൂടിയത്.

ദുബൈയില്‍ നിന്ന് ആന്ധ്രയിലെ കാക്കിനാഡ വഴി ഡീസല്‍ ഇന്ത്യയിലെത്തിക്കാനായിരുന്നു ഇവരുടെ നീക്കമെന്ന് ഡിആര്‍ ഐ വിവേക് ചതുര്‍വേദി പറഞ്ഞു. ദുബൈയില്‍ ഡമ്മി കമ്പനികള്‍ തുറന്ന് വ്യാജ രേഖകളും ഇന്‍വോയ്‌സുകളും ഉണ്ടാക്കി ഡീസല്‍ വാങ്ങുകയും അത് ചെന്നൈയിലേക്ക് ഇറക്കുമതി ചെയ്യുകയുമായിരുന്നു ഇവരുടെ ലക്ഷ്യം. നേരത്തെ ഇതേ സംഘം 17.7 കോടി രൂപ വിലമതിക്കുന്ന 5366 മെട്രിക് ടണ്‍(63 ലക്ഷം ലിറ്റര്‍) കടത്തിയതായി കണ്ടെത്തി. 285 കണ്ടെയ്‌നറുകളിലായാണ് ഡീസല്‍ കടത്തിയത്.

ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ഇന്റലിജന്‍സ് ഡിപ്പാര്‍ട്‌മെന്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 17 മുതല്‍ ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലുമായി ഡിആര്‍ഐ റെയ്ഡ് നടത്തിയിരുന്നു.

You must be logged in to post a comment Login