‘ഒരു തെറ്റും ചെയ്യാത്ത വീട്ടിലിരിക്കുന്ന അമ്മയെ വരെ തെറിവിളിച്ചു’; ടിനി ടോം

പ്രളയ ദുരിതാശ്വാസ നിധിയിലെ പണത്തിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വിശദീകരണവുമായി നടൻ ടിനി ടോം. താരസംഘടനയായ അമ്മ നൽകിയത് അഞ്ച് കോടിയല്ലെന്നും അഞ്ച് കോടി 90 ലക്ഷമാണെന്നും ടിനി ടോം പറഞ്ഞു. ഒരു തെറ്റും ചെയ്യാത്ത വീട്ടിരിക്കുന്ന അമ്മയെ വരെ തെറിവിളിച്ച സംഭവമുണ്ടായെന്നും ടിനി ടോം പറഞ്ഞു. ഡിജെ സാവിയോയും സംഘവും നടത്തുന്ന ദുരിതാശ്വസ പ്രവർത്തനങ്ങളെക്കുറിച്ച് പറയാൻ ഫേസ്ബുക്ക് ലൈവിൽ വന്നപ്പോഴായിരുന്നു ഇത് പറഞ്ഞത്.

താരസംഘടനയായ ‘അമ്മ’ അഞ്ച് കോടി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയെന്നും പണം എന്ത് ചെയ്‌തെന്ന് അന്വേഷിച്ചപ്പോൾ തൃപ്തികരമായ മറുപടി കിട്ടിയില്ലെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്. ധർമജനെ പിന്തുണച്ചുകൊണ്ടായിരുന്നു ടിനി ടോമിന്റെ പ്രതികരണം. സൈബറിടത്തിൽ രൂക്ഷമായ ഭാഷയിലാണ് ഇരുവർക്കുമെതിരെ പ്രതികരണമുയർന്നത്. അഞ്ചു കോടി നൽകിയിരുന്നില്ലെന്നും അത്രയും പണം നൽകിയെന്നത് വെറും തള്ളാണെന്നും ആരോപിച്ച് നിരവധി പോസ്റ്റുകളും പുറത്തുവന്നു. ഇതോടെയാണ് ടിനി ടോം കൂടുതൽ വിശദീകരണവുമായി എത്തിയിരിക്കുന്നത്.

‘അമ്മ’ കൊടുത്തത് അഞ്ച് കോടിയല്ല, അഞ്ച് കോടി 90 ലക്ഷമാണ്. അതിന്റെ തെളിവ് വരും. ഇത് മാനസികമായി ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നും ടിനി ടോം പറഞ്ഞു. നമ്മൾ ആരുടേയും മനസ് വിഷമിപ്പിച്ചാൽ നമ്മളും വിഷമിക്കേണ്ടി വരും. പ്രളയം അനുഭവിച്ച ആളാണ് താൻ. വീടില്ലാത്തവർക്ക് വീട് ലഭിക്കണം. പല രീതിയിൽ ആളുകൾ തനിക്കെതിരെ പ്രതികരിച്ചു. തന്റെ അമ്മയെ വരെ ചീത്ത വിളിച്ചു. വീട്ടിലിരിക്കുന്ന അമ്മ ഒരു തെറ്റും ചെയ്തിട്ടില്ല. തന്റെ പ്രവർത്തനം ഇനിയും തുടരും. ഒരിക്കലും കണക്ക് പറഞ്ഞതല്ലെന്നും അനുഭവിച്ചവർക്കേ അതിന്റെ വേദന അറിയൂ എന്നും ടിനി ടോം കൂട്ടിച്ചേർത്തു.

You must be logged in to post a comment Login