ഒരു റിട്ടയേഡ് പോരാളിയുടെ വ്യഥകള്‍

  • കെ.എം.എസ്

തന്നെ പോരാളിയാക്കിയത് കഴിഞ്ഞ ഒരു വര്‍ഷവും രണ്ടു മാസവുമാണെന്ന് മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ പറയുമ്പോള്‍ അതില്‍ അടങ്ങിയിരിക്കുന്ന ഹ്യൂമറാണ് പ്രധാനം. പക്ഷേ, ആ തമാശയിലല്ല മലയാളിക്കു നോട്ടം. അതുകൊണ്ടാണ് അദ്ദേഹത്തിന് സ്വന്തം അഭിമുഖത്തെ തള്ളിപ്പറഞ്ഞ് പീലാത്തോസാകേണ്ടി വന്നത്. ആര്‍ക്കും എപ്പോഴും പോരാളിയാകാനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിലുണ്ട്, നിയമവിരുദ്ധമാകാതിരുന്നാല്‍ മതി. പക്ഷേ, സെന്‍കുമാര്‍ ഇപ്പോള്‍ സ്വന്തം ഔദ്യോഗിക ജീവിതത്തില്‍ സംഭവിച്ച പീഢാനുഭവങ്ങളുടെ നീറ്റലില്‍ ഠപ്പേന്ന് പോരാളിയാതാണു തമാശ. തന്റെ അഭിമുഖം റെക്കോര്‍ഡ് ചെയ്യുന്നതിന് സ്വിച്ചമര്‍ത്തും മുമ്പ് ചോദിച്ചില്ല എന്നൊക്കെ പറഞ്ഞ് നിഷേധിക്കുന്ന അദ്ദേഹം ഇനി രാഷ്ട്രീയത്തിലിറങ്ങിക്കഴിഞ്ഞാല്‍ എന്തൊക്കെയാകുമോ എന്തോ…

ഏതായാലും എഡിജിപി ബി സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണ് നടിയുടെ കേസിലെ അന്വേഷണം എന്നതുപോലുള്ള ബോംബുകള്‍ വിട്ട് നാടന്‍ പടക്കങ്ങളിലൂടെയാവാം നമ്മുടെ സഞ്ചാരം. പ്രമുഖ വാരികയില്‍ വന്നതും സെന്‍കുമാര്‍ പറഞ്ഞതുമായ കാര്യങ്ങളുടെ ഓരത്തൂകൂടിയൊരു സഞ്ചാരം. കേട്ടുനോക്കൂ, ഇദ്ദേഹമല്ലെങ്കില്‍ പിന്നെ ആരാണ് ഹീറോ?

സെന്‍കുമാര്‍ റീ റ്റോള്‍ഡ്:

ഒന്നു പറയാം, ഞാന്‍ സാധാരണഗതിയില്‍ ഡിജിപിയായി വിരമിച്ചിരുന്നെങ്കില്‍ കെഎറ്റിയില്‍ കിട്ടിയാല്‍ സന്തോഷത്തോടെ അതില്‍ ജോയിന്‍ ചെയ്തേനേ. ഇന്നത്തോളം ഒരു ഫീലിങ് അപ്പോള്‍ ഉണ്ടാകുമായിരുന്നില്ല. കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ഒരു സിവില്‍ സര്‍വന്റായി അഞ്ച് വര്‍ഷംകൂടി തുടരുകയായിരുന്നിരിക്കും ചെയ്യുക. പക്ഷേ, എന്നോട് കുറേയധികം അനീതിയുണ്ടായി എന്ന് തോന്നിയതുകൊണ്ടാണ് ഇനിയും പൊരുതുക തന്നെ വേണം എന്ന നിലപാടിലേക്ക് എത്തിയത്. അതില്‍ കഴിഞ്ഞ ഒരു വര്‍ഷവും ചില മാസങ്ങളും വളരെ പ്രധാനമാണ്. അതിനുമുമ്പും ഞാന്‍ നീതിക്കൊപ്പം തന്നെയാണ്. രാഷ്ട്രീയത്തിലൊക്കെ എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. ആര്‍ക്കും സത്യം ചര്‍ച്ച ചെയ്യേണ്ട. എല്ലാവരും പലതും ഒളിപ്പിച്ചുവയ്ക്കുകയാണ്. ചില കാര്യങ്ങള്‍ വ്യക്തമായി ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുക്കുക തന്നെ വേണം. അതല്ലാതെ എങ്ങനെ മുന്നോട്ടു പോകാനാകും. മിക്ക പാര്‍ട്ടികള്‍ക്കും യഥാര്‍ത്ഥ പ്രശ്നത്തെ അഭിമുഖീകരിക്കാന്‍ താല്‍പര്യമില്ല.

ഞാന്‍ കെഎറ്റിയിലൊന്നും പോകാന്‍ പോകുന്നില്ല. അതില്‍ പോയാല്‍പ്പിന്നെ എനിക്ക് വല്ലതും പറയാന്‍ പറ്റ്വോ. വീണ്ടും അഞ്ച് വര്‍ഷം ഒരു സ്വാതന്ത്ര്യവുമുണ്ടാകില്ല. ശമ്പള സുരക്ഷയും വാഹനവും സെക്യൂരിറ്റിയുമൊക്കെ കിട്ടുമായിരിക്കും. അതുകഴിയുമ്പോള്‍ ഞാനൊരു ചീഞ്ഞ പഴമായിരിക്കും. ഉള്ള സെക്യൂരിറ്റി എടുത്തുകളയുമെന്നാണ് ഇപ്പോഴത്തെ ഭീഷണി. എനിക്ക് ബി കാറ്റഗറി സുരക്ഷയാണുള്ളത്. അതുപ്രകാരം മുഴുവന്‍ സമയവും വണ്‍ പ്ലസ് ത്രീ സായുധ അംഗരക്ഷകര്‍, എവിടെപ്പോകുന്നോ അവിടെ വണ്‍ പ്ലസ് ത്രീ ഗാര്‍ഡ് വേറെ, എന്റെ കൂടെ 24 മണിക്കൂറും ആയുധധാരിയായ ഒരു ഓഫീസര്‍, സുരക്ഷാ സ്‌ക്രീനിംഗിന് 24 മണിക്കൂറും ഒരുദ്യോഗസ്ഥന്‍ ഇത്രയുമാണ് വേണ്ടത്. എല്ലാം കൂടി നോക്കുമ്പോള്‍ 30 പേരെ വയ്ക്കാം. പക്ഷേ, ഞാന്‍ ആകെ വച്ചിരിക്കുന്നത് മൂന്നു പേരെയാണ്. എനിക്ക് ഐഎസ് ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളതാണ്. പിന്നെ, എസ്ഡിപിഐയുടെ ഒരു വന്‍ ആക്രമണം ഇല്ലാതാക്കിയത് ഞാനാണ്. പിന്നെ മാവോയിസ്റ്റ് ഭീഷണിയും. മാവോയിസ്റ്റുകള്‍ക്കെതിരേ പോലീസിന്റെ പക്ഷത്തു നിന്ന് പ്രതിരോധിക്കാന്‍ ഞാനേ ഉണ്ടായിരുന്നുള്ളല്ലോ.

ഞാന്‍ സജീവമായിരിക്കും. നിശ്ശബ്ദനായിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ, എന്തു ചെയ്യുന്നതും മൂന്നു മാസത്തിനു ശേഷം മാത്രമേയുള്ളു. സ്വന്തം കുറേ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. രാഷ്ട്രീയത്തിലേക്ക് പോകില്ലെന്നു പറയുന്നില്ല. രാഷ്ട്രീയം വിലക്കപ്പെട്ട മേഖലയൊന്നുമല്ല. എന്നാല്‍ എവിടെ, എങ്ങനെ, എപ്പോള്‍ തുടങ്ങിയ കാര്യങ്ങളൊന്നും തീരുമാനിച്ചിട്ടില്ല. സര്‍വ്വീസ് സ്റ്റോറിയുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. ഡിസി ബുക്സ് ആയിരിക്കും അത് പ്രസിദ്ധീകരിക്കുക. പക്ഷേ, ഏതു രീതിയില്‍ വേണമെന്ന് തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷക്കാലത്തെ മാത്രം അനുഭവങ്ങള്‍ ഒരു പുസ്തകമാക്കണം എന്നാണ് അവരുടെ ആവശ്യം. എങ്ങനെ ആ കാലത്തെ അതിജീവിച്ചു എന്നത്. ശരിക്കും രണ്ടാമത് ചുമതലയേറ്റ ശേഷമുള്ള 55 ദിവസങ്ങള്‍ മാത്രമെടുത്താലും ഏറെ ബുദ്ധിമുട്ടിയതിന്റെ അനുഭവങ്ങള്‍ പറയാനുണ്ട്.

ഹും, പെരുങ്കള്ളികള്‍:

2013ലെ സ്ത്രീസുരക്ഷാ നിയമം വന്നതിനു ശേഷം സ്ത്രീപീഡനക്കേസുകളിലും ശിക്ഷയിലും സ്ഥിതി മുമ്പത്തേക്കാള്‍ വളരെ മാറിയിട്ടുണ്ട്. പക്ഷേ, സ്ത്രീപീഢന പരാതികളില്‍ ശരിയായവയും അല്ലാത്തവയും വേര്‍തിരിച്ചു സമൂഹം മനസ്സിലാക്കേണ്ടതുണ്ട്. നളിനി നെറ്റോ പണ്ട് നീലലോഹിത ദാസിനെതിരേ കൊടുത്ത കേസിന്റെ കാലം വരെയൊക്കെ ഞാന്‍ വിചാരിച്ചിരുന്നത് സ്ത്രീപീഢന പരാതികളില്‍ 95 ശതമാനവും യഥാര്‍ത്ഥത്തില്‍ ഉള്ളതാണ് എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാനത് 75 ശതമാനമായി കുറച്ചു. ബാക്കി 25 ശതമാനവും കള്ളികളാണെന്ന് വിശ്വസിക്കേണ്ടി വരുന്നു. കാരണം, അത്രമേല്‍ അനുഭവങ്ങള്‍ സര്‍വീസില്‍ എനിക്ക് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് വളരെ ശരിയായ വഴിയിലുള്ള അന്വേഷണം വേണം. മെഡിക്കല്‍ ചെക്കപ്പ് ഉള്‍പ്പെടെ. പക്ഷേ, സ്ത്രീകളുടെയും കുട്ടികളുടെയും കേസുകളില്‍ പ്രത്യേക യൂണിറ്റുകള്‍ വേണം. അതൊന്നും കൊടുത്തിട്ടില്ല. ഉദാഹരണത്തിന്, ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം പൊലീസ് യൂണിഫോമില്‍ പോകാന്‍ പാടില്ല, പൊലീസിന്റെ വണ്ടിയില്‍ പോകാന്‍ പാടില്ല. സ്വാഭാവികമായും അതിനനുസരിച്ച് സൗകര്യങ്ങളും വേറെ വണ്ടിയുമൊക്കെ കൊടുക്കണം.

വന്നിരിക്കുന്ന ഗതികേട് എന്താണെന്നുവച്ചാല്‍, നൂറു കണക്കിന് ചുമതലകള്‍ അധികമായി വരുന്നുണ്ടെങ്കിലും ഒരാളെപ്പോലും പുതിയതായി വയ്ക്കുന്നില്ല. ഇവിടെിപ്പോള്‍ ദേശീയ സ്ത്രീസുരക്ഷാ കണ്‍ട്രോള്‍ റൂം തുടങ്ങി. മൂന്ന് വനിതാ എസ്ഐമാരെ വേണമെന്ന് അവര്‍ എന്നോടു വന്നു പറഞ്ഞു. ഒരു നിവൃത്തിയുമില്ലെന്നു ഞാന്‍ പറഞ്ഞു. നിങ്ങള്‍തന്നെ ആളെ നിയമിക്കുകയേ വഴിയുള്ളു. കൊടുക്കാന്‍ ആളില്ല. ക്രെഡിറ്റ് മുഴുവന്‍ മറ്റുള്ളവര്‍ക്ക്, അത് പ്രവര്‍ത്തിപ്പിക്കാന്‍ പൊലീസ് വേണം. ആവശ്യത്തിനു പൊലീസില്ലാതെ വരുന്നതിന്റെ ദോഷഫലം അനുഭവിക്കുന്നത് സാധാരണ ജനമാണ്. ഉള്ള പൊലീസ് ജോലി ചെയ്ത് മടുക്കുകയാണ്. പിങ്ക് പട്രോള്‍ വന്നതോടെ പൊലീസ് സ്റ്റേഷനുകളില്‍ ഒരു എസ്ഐയാണ് 24 മണിക്കൂറും ജോലി ചെയ്യുന്നത്. അധികം ആളുകളെ നിയമിച്ചുകൊണ്ടു വേണം പുതിയ പദ്ധതികള്‍ കൊണ്ടുവരാന്‍.

പിറണായി കീ, ജെയ്:

മുഖ്യമന്ത്രി എന്നെ മനസിലാക്കിത്തുടങ്ങിയപ്പോഴേക്കും പിരിയേണ്ടി വന്നു.കുറച്ചുകൂടി ദിവസങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ അദ്ദേഹം അത്ഭുതപ്പെടുമായിരുന്നു, ഇയാളാണോ ഈ പറഞ്ഞ കക്ഷി എന്ന്. മുഖ്യമന്ത്രിയെ വളയ്ക്കുന്നതാണ്, തെറ്റിദ്ധരിപ്പിക്കുന്നതാണ്. അദ്ദേഹത്തിന് എന്നെ വിശ്വാസമുണ്ടായിരുന്നു എന്നാണ് മനസിലാകുന്നത്. ഞാന്‍ അദ്ദേഹത്തെ കുഴപ്പത്തിലാക്കില്ല എന്ന വിശ്വാസം. പുതുവൈപ്പ് സംഭവത്തില്‍ വേണമെങ്കില്‍ എനിക്ക് സര്‍ക്കാരിനെ കുഴപ്പത്തിലാക്കാമായിരുന്നല്ലോ. പക്ഷേ, അതല്ല നടക്കുന്നതെന്ന് അദ്ദേഹത്തിനു മനസിലായി. നടിയുടെ കേസിന്റെ അന്വേഷണത്തിന്റെ കാര്യം തന്നെ നോക്കൂ. ഞാന്‍ അദ്ദേഹത്തോട് ഫോണിലാണ് പറഞ്ഞത്, ഇതില്‍ എനിക്കെന്തോ അഭംഗി തോന്നുന്നു ക്രൈംബ്രാഞ്ചിനെ പൂര്‍ണ്ണമായും ഏല്‍പ്പിക്കുന്നതായിരിക്കും നല്ലത്. അദ്ദേഹത്തിന്റെ മറുപടി, സെന്‍കുമാറിന് അതാണു ശരിയെന്നു തോന്നുന്നെങ്കില്‍ അങ്ങനെ ചെയ്തുകൊള്ളാനായിരുന്നു. ഔദ്യോഗിക കാര്യങ്ങളില്‍ അദ്ദേഹത്തിന് എന്നെക്കുറിച്ച് ഒരിക്കലും സംശയമുണ്ടായിട്ടില്ല.

പിന്നീടുണ്ടാകുന്നത് ഇവരൊക്കെക്കൂടി സൃഷ്ടിക്കുന്ന സംശയങ്ങളാണ്. നളിനി, എം വി ജയരാജന്‍, തച്ചങ്കരി. അത് കുറേയൊക്കെ ഫലപ്രദമായിട്ടുണ്ടാകണം. കാരണം, അതിന്റെ ആദ്യത്തെ പടികളിലാണല്ലോ ഇവര്‍ക്കൊക്കെ എന്നെ ബുദ്ധിമുട്ടിക്കാന്‍ അവസരം ലഭിക്കുന്നത്. ഞാന്‍ അദ്ദേഹത്തോട് കാര്യങ്ങള്‍ നേരിട്ട് ചോദിക്കാറുണ്ടായിരുന്നു. എനിക്കെതിരേ പ്രോസിക്യൂഷന് അനുമതി കൊടുത്തുവെന്ന് വാര്‍ത്ത വന്നപ്പോള്‍ ഞാന്‍ ചോദിച്ചു. ആ ഫയല്‍ വന്നിരുന്നുവെന്നും അത് തെറ്റാണെന്നു മനസിലായതുകൊണ്ട് താനത് ഒപ്പിട്ടിട്ടില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, പത്രങ്ങളില്‍ പോയി അത് നിഷേധിക്കാനൊന്നും നിന്നില്ല. അതുപോലെ എന്റെ പേഴ്സണല്‍ ഗണ്‍മാനായിരുന്ന അനില്‍കുമാറിന്റെ കാര്യം. അനില്‍കുമാറിനെ എന്റെ കൂടെത്തന്നെ നിര്‍ത്താന്‍ ഓര്‍ഡറിട്ടുകൊടുത്തിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഔദ്യോഗികജീവിതത്തില്‍നിന്ന് വിരമിച്ച ഉടന്‍ സര്‍വ്വീസ് സ്റ്റോറി രചിച്ച് പുസ്തകമിറക്കുന്ന മുന്‍ ഉന്നതസ്ഥാനീയരുടെ സീസണാണല്ലോ ഇപ്പോള്‍…
ഒരു കഥ ഒരു വാരികയില്‍ പ്രസിദ്ധീകരിച്ച് അത് വിവാദമാക്കി അടുത്തയാഴ്ച തന്നെ പ്രസ്തുത വിവാദകഥ ഉള്‍പ്പെടുന്ന പുസ്തകമിറക്കി കച്ചവടം പൊടിപൊടിക്കുന്ന പ്രസാധക കുലപതി സ്ഥാപനങ്ങളെ നോക്കി മൂക്കത്ത് വിരല്‍വച്ചിരിപ്പാണ് നമ്മള്‍. കച്ചവടത്തിന് ഔചിത്യം ആവശ്യമില്ലല്ലോ. കച്ചവടമത്സരത്തിന്റെ ഇക്കാലത്ത് ടി പി സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍ പുസ്തകത്തിന് ഡി സി പദ്ധതിയിട്ടിരിക്കുമ്പോള്‍ ബദല്‍ പുസ്തകത്തിന് മറ്റാരുടെയൊക്കെ പുറകേ ഏതേതൊക്കെ പ്രസാധക സ്ഥാപനങ്ങള്‍ അഡ്വാന്‍സുമായി പായുന്നുണ്ടോ ആവോ?
പള്‍സര്‍ സുനിയുടെയും ആത്മകഥ പിന്നാലെ പ്രതീക്ഷിക്കാമായിരിക്കാം.

 

You must be logged in to post a comment Login