ഒരു ലക്ഷം വോട്ടിന് തോറ്റ ജയ്റ്റ്‌ലിക്ക് എന്ത് പൊതുസ്വീകാര്യതയെന്ന് അരവിന്ദ് കേജ്‌രിവാള്‍

കേജ്‌രിവാളിനും എഎപിയുടെ അഞ്ച് നേതാക്കള്‍ക്കുമെതിരെ ജയ്റ്റ്‌ലി പട്യാല കോടതിയില്‍ ക്രിമിനല്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

kejriwal

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ ആഞ്ഞടിച്ച് അരവിന്ദ് കേജ്‌രിവാള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷം വോട്ടിന് തോറ്റ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌ലിയ്ക്ക് ജനങ്ങള്‍ക്കിടയില്‍ യാതൊരു ബഹുമാന്യതയും മതിപ്പുമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ആരോപിച്ചു. ഡല്‍ഹി കോടതിയില്‍ കേജ്‌രിവാള്‍ സമര്‍പ്പിച്ച പ്രസ്താവനയിലാണ് ജയ്റ്റ്‌ലിക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍.

ജയ്റ്റ്‌ലിക്കുണ്ട് എന്ന് അവകാശപ്പെടുന്ന പൊതുസ്വീകാര്യത നിലനില്‍ക്കാത്തതും കെട്ടിച്ചമച്ചതുമാണ് എന്നാണ് കേജ്‌രിവാള്‍ കോടതിയില്‍ പറഞ്ഞത്. ബിജെപിക്ക് വന്‍വിജയം ലഭിച്ച 2014 ലെ തെരഞ്ഞെടുപ്പില്‍ പോലും അമൃത്‌സറില്‍ ഒരു ലക്ഷം വോട്ടിനാണ് അരുണ്‍ ജയ്റ്റ്‌ലി തോറ്റെന്നായിരുന്നു കേജ്‌രിവാള്‍ കോടതിക്ക് കൈമാറിയ വിശദമായ പ്രസ്താവനയില്‍ പറയുന്നത്.

ഡിഡിസിഎയുടെ തലപ്പത്ത് 13 വര്‍ഷം ഉണ്ടായിരുന്ന അരുണ്‍ ജയ്റ്റ്‌ലിക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് കേജ്‌രിവാളും എഎപിയും ആരോപിച്ചിരുന്നു. തുടര്‍ന്ന് കേജ്‌രിവാളിനും എഎപിയുടെ അഞ്ച് നേതാക്കള്‍ക്കുമെതിരെ ജയ്റ്റ്‌ലി പട്യാല കോടതിയില്‍ ക്രിമിനല്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തിട്ടുണ്ട്. കേജ്‌രിവാള്‍ തന്നെയും കുടുംബത്തെയും അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് അവഹേളിച്ചുവെന്നാണ് ജയ്റ്റ്‌ലിയുടെ പരാതി. ആറു പേര്‍ക്കുമെതിരെ പത്ത് കോടി രൂപ ആവശ്യപ്പെട്ട് സിവില്‍ കോടതിയില്‍ മാനനഷ്ടകേസും ജയ്റ്റ്‌ലി ഫയല്‍ ചെയ്തിട്ടുണ്ട്.

You must be logged in to post a comment Login