ഒരു സിനിമയുടെ പ്രതിഫലമെങ്കിലും ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കണമായിരുന്നു;  ഷീല

 

തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാതാരങ്ങള്‍ നല്‍കിയ സംഭാവന കുറഞ്ഞുപോയെന്ന പരാതിയുമായി മുതിര്‍ന്ന നടി ഷീല രംഗത്ത്. സിനിമാ താരങ്ങള്‍ ഒരു സിനിമയില്‍ അഭിനയിക്കുന്പോള്‍ ലഭിക്കുന്ന മുഴുവന്‍ പ്രതിഫലമെങ്കിലും നല്‍കണമായിരുന്നെന്ന് ഷീല മാദ്ധ്യമപ്രവര്‍ത്തകരോട് പറ‍ഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

കേരളം കെട്ടിപ്പടുക്കേണ്ടത് നമ്മുടെ എല്ലാവരുടേയും കടമയാണ്. താരങ്ങള്‍ എല്ലാവരും അവരുടെ ഒരു സിനിമയിലെ പ്രതിഫലം നല്‍കിയിരുന്നെങ്കില്‍ എത്ര വലിയ തുക ആയേനെ. നാല് കോടിയുടെ കാറില്‍ സഞ്ചരിക്കുന്ന താരങ്ങളുണ്ടെന്നും ഷീല പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താന്‍ താരനിശ നടത്തണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.

അതേസമയം, തെന്നിന്ത്യയിലെ നിരവധി താരങ്ങള്‍ കേരളത്തെ സഹായിക്കാന്‍ രംഗത്തെത്തി. സൗത്ത് ഇന്ത്യന്‍ സിനിമ ലോകത്തെ പിടിച്ചു കുലുക്കിയ എണ്‍പത്തിലെ സൂപ്പര്‍ നായികമാരായ ലിസി, സുഹാസിനി, ഖുശ്‌ബു എന്നിവര്‍ അടങ്ങുന്ന സംഘം 40 ലക്ഷം രൂപയാണ് കൈമാറിയത്.

സുഹാസിനി, ഖുശ്ബു, ലിസി എന്നിവര്‍ നേരിട്ടെത്തിയാണ് തുക കൈമാറിയത്. താരങ്ങള്‍ മാത്രമല്ല ചെന്നൈയിലെ പരിചയക്കാരും ഇതിലേക്ക് സംഭാവന നല്‍കിയിട്ടുണ്ടെന്ന് അവര്‍ പറയുന്നു. ഇവര്‍ വ്യക്തിപരമായ സഹായങ്ങള്‍ നേരത്തെ നല്‍കിയിരുന്നു അതിനു പുറമെയാണിത്. മണിരത്‌നം, സുഹാസിനി, ഖുശ്ബു, സുന്ദര്‍, ലിസി ലക്ഷ്മി, രാജ് കുമാര്‍ സേതുപതി, ജാക്കി ഷ്‌റോഫ്, പൂര്‍ണ്ണിമ ഭാഗ്യരാജ്, സരിത, ജയസുധ തുടങ്ങിയവരും മറ്റുള്ളവരും ചേര്‍ന്നാണ് ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്നത്. ലിസിയും സുഹാസിനിയും സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്.

You must be logged in to post a comment Login