ഒരു ഹൊഗ്ഗനക്കൽ ഡയറീസ്

Althaf Muhammad

ജീവിതം തളംകെട്ടി നിൽക്കുന്നു വെന്ന തോന്നലുണ്ടാകുമ്പോഴാണ് നമ്മൾ യാത്രകൾ ചെയ്യാറുള്ളത്, ജീവിതത്തെ ഒന്ന് റീചാർജ് ചെയ്യാൻ യാത്രകൾ സഹായിക്കും.

ഇത് കസിൻസ് ഒത്തുചേർന്നൊരു യാത്രയാണ്, 12 പേർ..

തിരഞ്ഞെടുത്തതോ, ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നും.!ഇങ്ങനൊരു യാത്ര ഏറെനാൾ മുന്നേ മനസ്സിലുണ്ടായിരുന്നെങ്കിലും തരംകിട്ടിവന്ന ഒരു ദിവസം പെട്ടെന്നങ്ങ് തയ്യാറെടുത്തു. പന്ത്രണ്ട് പേരും പല ഭാഗങ്ങളിൽ..

ബന്ധിപ്പൂർ കാടുകളിലൂടെ മൈസൂരൊക്കെ കണ്ട് ആഘോഷമാക്കാൻ തീരുമാനിച്ച ഞങ്ങളുടെ മുന്നിലേക്ക് പെട്ടെന്നാണ്, മൈസൂർ മാറ്റി ഹൊഗ്ഗനക്കൽ പോയാലോന്ന് ആലോചന വന്നത്. എല്ലാവർക്കും നൂറു സമ്മതം. പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു.

ആലോചന തുടങ്ങി പത്തുദിവസത്തിന് ശേഷം യാത്ര, തിരക്കുകളിൽ നിന്നല്ലാം ഒഴിയണം, തയ്യാറെടുപ്പുകൾ നടത്തണം, പോകേണ്ട സ്ഥലങ്ങളും താമസ സൗകര്യങ്ങളും ക്രമീകരിക്കണം, അങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ. എന്നാലും സഹോദരങ്ങൾ ഒരുമിച്ചുള്ള യാത്രയോട് അതിയായി ആഗ്രഹം ഏറിയേറി വന്നതിനാൽ കാര്യങ്ങളെല്ലാം അത്യുത്സാഹത്തോടെ ദ്രുതഗതിയിൽ നടന്നു.

കസിൻസിൽ പലരും പല സ്ഥലങ്ങളിലാണെന്നതാണ് ഞങ്ങളുടെ പ്രത്യേകത 😜. കുറച്ചുപേർ ആലുവയിൽ, ചിലർ ഇടുക്കിയിൽ, കുമളിയിൽ തൊടുപുഴയിൽ, അങ്ങനെ പല സ്ഥലങ്ങളിൽ. എല്ലാവരും ഒരു സ്ഥലത്ത് ഒരുമിച്ചുകൂടി യാത്ര തുടങ്ങൽ ഞങ്ങളെ സംബന്ധിച്ചടത്തോളം പ്രായോഗികമായിരുന്നില്ല, സമയനഷ്ടവും അധികയാത്രയും വേണ്ടിവരും. അതിനാൽ, രണ്ടിടങ്ങളിൽ നിന്നായി യാത്ര തുടങ്ങി വഴി മധ്യത്തിൽ സന്ധിക്കാം എന്ന തീരുമാനത്തിലാണ് എത്തിച്ചേർന്നത്.

ആലുവയിലുള്ളവർ തൃശൂർ/പാലക്കാട് വഴിയും ഇടുക്കിയിലുള്ളവർ കുമളി/ദിണ്ടിഗ്ഗൽ വഴിയും സഞ്ചരിച്ച് തമിഴ്നാട്ടിലെ സേലം വന്ന് സന്ധിക്കാം എന്ന് തീരുമാനിച്ചു.

അങ്ങനെ ജനുവരി 11 ന് രാത്രി ഡിന്നർ കഴിഞ്ഞ് വീട്ടിൽ നിന്നും യാത്ര പറഞ്ഞു, കുമളിയിൽ നിന്നും കമ്പം ചുരമിറങ്ങി ഇന്നോവ തമിഴ്നാട്ടിലേക്ക് പ്രവേശിച്ചപ്പോൾ, തൃശൂർ/പാലക്കാട് ഹൈവേയിൽ സ്കോഡ പാഞ്ഞു..

പിന്നൊരാഘോഷമായിരുന്നു.. 😂 കളിയും ചിരിയും ഉച്ചത്തിൽ പാട്ടുപാടലും ചളിയടിക്കലും ഹൈവേയിലൂടെ വണ്ടി പറപ്പിക്കലും, ഈ വിശാല ലോകം ഞങ്ങൾ 12 പേരിലേക്ക് ചുരുങ്ങുകയായിരുന്നു..രാത്രിയുടെ അവസാന യാമത്തിൽ, സേലത്തിനടുത്ത് സങ്കരിയിൽ ഞങ്ങൾ ഒത്തുചേർന്നു, അവിടെയും ഒരു കസിൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

വണ്ടികൾ മാറിക്കയറിയും പരസ്പരം കളിയാക്കിയും കോമഡിയടിച്ചും അപാരം തള്ളുകൾ നടത്തിയും അവിസ്മരണീയമായ യാത്ര. ഇടയ്ക്ക് ഹൈവേയിൽ ദൂരം ലാഭിക്കാൻ ഊടുവഴികൾ കണ്ടെത്തി നടത്തിയ പ്രയാണങ്ങൾ ഇപ്പോഴും മനസ്സിൽ നിന്നും മായുന്നില്ല 😜..

ഇടയ്ക്ക് പേരറിയാത്ത ഏതോ ഗ്രാമത്തിലെത്തിയപ്പോൾ, മഞ്ഞണിഞ്ഞ താഴ്വരകളെ എതിരിടുന്ന മലനിരകൾക്കു മേൽ കിരീടം ചാർത്തി സൂര്യൻ ഉദിക്കുന്ന ഗംഭീരകാഴ്ച. കാനോണിന്റെ ക്യാമറക്ക് പിന്നെയതൊരു പൂരപ്പറമ്പായിരുന്നു. തുരുതുരാ ഫ്ലാഷുകൾ മിന്നി. തമിഴ്നാടിന്റെ ഗ്രാമങ്ങൾ, നമ്മൾക്കെന്നോ നഷ്ടപ്പെട്ടുപോയ ഗ്രാമീണ ജീവിതത്തിന്റെ ഗൃഹാതുരത്വമുണർത്തുന്ന കാഴ്ചകൾ..!! വടവൃക്ഷങ്ങൾ അതിരിടുന്ന പാത.!! ഇടയ്ക്കൊരിടത്ത് ഇറങ്ങി ചായയും ലഘുഭക്ഷണങ്ങളും കഴിച്ചശേഷം ചിക്കനും പച്ചക്കറികളും വാങ്ങി. ഞങ്ങൾ തന്നെ പാചകം ചെയ്യാനുള്ള പദ്ധതിയുണ്ടായിരുന്നു.

ഏതാണ്ട് 9 മണിയോടെ കർണാടക അതിർത്തിയിൽ ഹൊഗ്ഗനക്കൽ എത്തി. ഒരു ചെറുപട്ടണം. വിനോദസഞ്ചാര കേന്ദ്രത്തിന്റെ തിരക്കൊന്നുമില്ല. എങ്ങും സഞ്ചാരികളെ ആശ്രയിച്ച് ജീവിക്കുന്ന കച്ചവടക്കാർ. വാനരപ്പടയുടെ സ്വൈര്യവിഹാരം എടുത്തുപറയണം. ഹൊഗ്ഗനക്കലിന് തമിഴ്നാടിന്റെ തനത് ഭൂപ്രകൃതിയല്ല, കർണാടകത്തിന്റെ തുടർച്ചയെന്ന് തോന്നും. പാറക്കൂട്ടങ്ങൾക്കിടയിൽ മരങ്ങളും കുറ്റിക്കാടുകളും വല്ലാത്തൊരു ഭംഗിയാണ്. ഇവിടുത്തെ പ്രധാന ആകർഷണം വെള്ളത്തിലൂടെയുള്ള കൊട്ടവഞ്ചിയാത്രയാണ്. കുതിച്ചൊഴുകുന്ന കാവേരിയുടെ കരുത്ത് തീരത്തെ പാറക്കെട്ടുകളിൽ കാണാം. നൂറ്റാണ്ടുകളായി നദിയുടെ കുത്തൊഴുക്കിൽ മിനുസമായ പാറയിടുക്കുകളുടെ വിചിത്രരൂപം ആരെയും അമ്പരപ്പിക്കും. ആർത്തലച്ച് ഒഴുകുന്ന നദിയിലൂടെ കൊട്ടവഞ്ചിയാത്ര അവിസ്മരണീയമാണ്. കാവേരി അതിന്റെ എല്ലാ രൗദ്രഭാവങ്ങളും ഇവിടെ ആവാഹിച്ചിരിക്കുന്നു. പാറക്കെട്ടുകൾക്കിടയിൽ ചെറുതും വലുതുമായ അനേകം വെള്ളച്ചാട്ടങ്ങൾ. പാൽ നിറത്തിൽ നുരകളോടെ അതങ്ങനെയൊഴുകുകയാണ്. ഇടയ്ക്ക് മണൽതിട്ടകളിൽ വിശ്രമമാവാം. പാറക്കൂട്ടങ്ങളിൽ ഇരുന്ന് മീൻപിടിക്കുന്നവരിൽ നിന്നും മീനുകൾ പാകം ചെയ്തുവാങ്ങാം. നദിയുടെ കുത്തൊഴുക്കിൽ രൂപപ്പെട്ട ഗുഹകളിൽ കയറാം. അങ്ങനൊരുപാട് activities ഇവിടുണ്ട്.

ഉച്ചയോടെ ഞങ്ങൾ മുള്ളങ്കൊല്ലിക്ക് പോകാൻ തീരുമാനിച്ചു. അതെ, ‘നരനിലെ’ വേലായുധന്റെ മുള്ളങ്കൊല്ലി തന്നെ.. രാമു എന്നൊരു ലോക്കൽ ഗൈഡിന്റെ സഹായത്തോടെ പാസ് തരപ്പെടുത്തി. ഹൊഗ്ഗനക്കൽ നിന്നും 7 KM ദൂരമുണ്ട് മുള്ളങ്കൊല്ലിക്ക്. കാവേരിയെ തഴുകി കിടക്കുന്ന മനോഹരദേശം. വനമേഖലയാണ്. കടത്തുകാരൻ വഞ്ചിയിൽ പുഴയുടെ മറുകരയ്ക്കലെ ദ്വീപിലെത്തിച്ചു. ഹരിതഭംഗി വിളിച്ചോതി മരക്കൂട്ടങ്ങളും പുഴയോട് കിന്നരം പറയുന്ന പഞ്ചാരമണൽ തിട്ടകളും ചേർന്ന് അന്നോളം പരിചയിച്ചിട്ടില്ലാത്തൊരു തരം പ്രകൃതിഭംഗി. രജതരേഖപോലെ കാവേരി ഒഴുകുകയാണ്. മരക്കൂട്ടത്തിനിടയിൽ ടെന്റടിച്ചു. വാനരന്മാർ ഇവിടെയുമുണ്ട്. ചുറ്റും വനമാണ്, ജനവാസമില്ല. ആദിവാസി ഊരുകൾ വനത്തിനുള്ളിലുള്ളതായി അറിഞ്ഞു. കാടിനുള്ളിൽ നമുക്ക് അതൊരു സുരക്ഷയാണ്.

പുഴയിൽ ഒരു ഗംഭീര ആറാട്ട്. നേരത്തേ വാങ്ങിയ ചിക്കൻ ഗ്രിൽ ചെയ്തും രുചികരമായ മറ്റു വിഭവങ്ങൾ ഉണ്ടാക്കിയും ഞങ്ങൾ തന്നെ ചെയ്ത പാചകം വളരെ ആസ്വദിച്ചു. ഞങ്ങൾ ഇവിടൊരുക്കിയ ക്യാംപ് ഫയർ ഒരു വ്യത്യസ്ഥ അനുഭവമായിരുന്നു. കഥ പറഞ്ഞും ബഡായി പൊട്ടിച്ചും പാട്ടുപാടിയും നൃത്തം വെച്ചും അവിസ്മരണീയമാക്കിയ രാത്രി. പുഴയോരത്ത് മണൽതിട്ടിൽ നിലാവെളിച്ചത്തിൽ നക്ഷത്രങ്ങൾ എണ്ണി അങ്ങനെ കിടക്കാൻ തന്നെ ഒരു ഭാഗ്യം വേണമെന്ന് തോന്നി.

കുളിരണിഞ്ഞ പ്രഭാതത്തിൽ കിളികളുടെ കളകളാരവം കേട്ടാണ് ഞങ്ങളുണർന്നത്. ഉന്മേഷമുണർത്തുന്ന പ്രഭാതം. കടത്തുകാർ രാവിലേ തന്നെ എത്തിയിരുന്നു. തലേദിവസത്തെ മധുരമൂറുന്ന അനുഭവങ്ങൾ സമ്മാനിച്ച മുള്ളങ്കൊല്ലിയിലെ പേരറിയാത്ത ആ ചെറു ദ്വീപിൽനിന്നും മടക്കം. ഹൊഗ്ഗനക്കലിലെ ഏറ്റവും പ്രധാന ആകർഷണങ്ങളാണ് റാഫ്റ്റിങ്ങും മുള്ളങ്കൊല്ലിയിലെ ക്യാംപ് ഫയറും. അധികമൊന്നും അറിയപ്പെടാത്ത, എന്നാൽ പകരം വെക്കാൻ മറ്റൊന്നില്ലാത്ത ഇവിടം തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലം തന്നെയാണ്. അത്ര മികച്ച അനുഭവമാണ് ഇവിടം ഞങ്ങൾക്ക് സമ്മാനിച്ചത്. എങ്കിലും ചില മുൻകരുതലുകൾ എടുക്കുന്നത് നല്ലതാണ്, ഏതൊരു വിനോദസഞ്ചാരകേന്ദ്രവും പോലെ കബളിപ്പിക്കപ്പെടാൻ സാധ്യതയുള്ളതാണ് ഇവിടവും. ടെന്റ് കൊടുക്കാമെന്ന് പറഞ്ഞ് കബളിപ്പിക്കപ്പെട്ടൊരു സംഘത്തെ ഞങ്ങൾ സഹായിച്ചിരുന്നു. മുള്ളങ്കൊല്ലിയിൽ ക്യാംപ് ഫയർ ആഗ്രഹിക്കുന്നവർ ഗൈഡുമാരുടെ സഹായം തേടുന്നതോടൊപ്പം തന്നെ ടെന്റ്, ഭക്ഷണം, വെള്ളം മുതലായവ സ്വയം തന്നെ കരുതുന്നത് നല്ലതാണ്.

രണ്ടാം ദിവസം ഞങ്ങളുടെ യാത്ര കോത്തഗിരിയിലേക്കായിരുന്നു. ഊട്ടിയോട് ചേർന്നുകിടക്കുന്ന കോത്തഗിരിയിലേക്ക് മേട്ടുപ്പാളയത്തിൽ നിന്നും ഹെയർപിൻ വളവുകളോടുകൂടിയ വഴി കയറിചെല്ലുമ്പോഴേക്കും കാലാവസ്ഥയോടൊപ്പം പ്രകൃതിയും മാറുന്നത് ദൃശ്യമാവും. ബ്രിട്ടീഷുകാർക്കിവിടം അവരുടെ സുഖവാസകേന്ദ്രമായിരുന്നു. നീലഗിരിയുടെ മഞ്ഞണിഞ്ഞ മലനിരകളും തേയില തോട്ടങ്ങളും കാലികൾ മേയുന്ന പുൽമേടുകളും അങ്ങിങ്ങായി ചെറു അരുവികളും ജലാശയങ്ങളും വെള്ളച്ചാട്ടങ്ങളുമൊക്കെ ചേർന്ന ഒരു സുന്ദരദേശം. ഊട്ടിയോട് ചേർന്ന് കിടക്കുകയാണ് കോത്തഗിരി. എന്നാൽ ഊട്ടിയുടെ അത്ര തിരക്കില്ല. ക്ലാസിക്കൽ കാലത്തിന്റെ ഓർമ്മ സമ്മാനിച്ചുകൊണ്ട് മേട്ടുപ്പാളയത്തിൽ നിന്നും കൂനൂര് വഴി ഊട്ടിയിലേക്ക് സഞ്ചരിക്കുന്ന ഹിൽ ട്രെയ്ൻ കാണേണ്ട കാഴ്ച തന്നെയാണ്. എത്രയോ സിനിമകളിൽ നമ്മൾ കാലത്തെ അതിജീവിച്ച ആ തീവണ്ടി കണ്ടിരിക്കുന്നു.

തിരികെ മേട്ടുപ്പാളയം വന്നശേഷം രാത്രിയോടെ രണ്ടുദിവസം നീണ്ടുനിന്ന ആ സുന്ദര യാത്രയ്ക്ക് വിരാമമിടാൻ ഞങ്ങൾ തീരുമാനിച്ചു. ആലുവയിൽ നിന്നുവന്നവർ കോയമ്പത്തൂർ/പാലക്കാട് വഴിയും, ഇടുക്കിയിൽ നിന്നും വന്നവർ ഡിണ്ടിഗൽ/കുമളി വഴിയും മടക്കം.

കേവലം 2 ദിവസമേ നീണ്ടുനിന്നുള്ളുവെങ്കിലും സമീപകാലത്ത് നടത്തിയ ഏറ്റവും സുന്ദരമായ യാത്രയുടെ ഓർമ്മകൾ ഇന്നും സ്മൃതികളിൽ നിന്നും മായുന്നില്ല.

You must be logged in to post a comment Login