ഒരേ ആകാശത്തിലെ രണ്ടു സൂര്യന്മാര്‍

നിഷ അനില്‍കുമാര്‍

ഇരുപതാം നൂറ്റാണ്ടിലെ അതുല്യ ദാര്‍ശനികരും പ്രതിഭകളും ആയിരുന്നു ഫ്രാന്‍സ് കാഫ്കയും ജീന്‍ പോള്‍ സാര്‍ത്രെയും. ഏത് കാലഘട്ടത്തിലും പ്രസക്തമാകാവുന്ന തത്വചിന്തകളും ആശയങ്ങളും ആവിഷ്‌ക്കരിച്ചത് കൊണ്ട് മാത്രമല്ല അവര്‍ ഇതിഹാസങ്ങള്‍ ആയത്, എഴുതി വച്ച നിലപാടുകള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തി ജീവിച്ചു കാണിച്ചത് കൊണ്ട് കൂടിയാണ്. ആത്മധൈര്യം ആയിരുന്നു അവരുടെ ജീവിതത്തിലെയും എഴുത്തിലെയും മുഖമുദ്ര.

 

1899 ഡിസംബര്‍ 29നു തൊഴില്‍ നഷ്ട്ടപ്പെട്ട് ജീവിതം അനിശ്ചിതാവസ്ഥയില്‍ ആയതിന്റെ മുഴുവന്‍ ഭ്രാന്തുമായി ഒരു മനുഷ്യന്‍ പ്രാഗിലെ വര്‍ക്കേഴ്‌സ് ആക്‌സിഡെന്റ് ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റുട്ടില്‍ നഷ്ടപരിഹാരത്തിനുള്ള അപേക്ഷയുമായി എത്തുന്നു. ദൗര്‍ഭാഗ്യം ആ വ്യക്തിയുടെ കൂടപ്പിറപ്പായിരുന്നു. അവിടെയും അത് തന്നെയാണ് അയാള്‍ക്ക്  ലഭിച്ചതും. അയാള്‍ക്ക് സ്വയം നിയന്ത്രിക്കാനുള്ള കഴിവ് പോലും നഷ്ടപ്പെട്ടിരുന്നു. അെല്ലങ്കില്‍ ജീവിത ദുരിതങ്ങളും മാനസീക പീഡകളും അയാളെ അങ്ങിനെയാക്കി തീര്‍ത്തു. ഇന്‍ഷുറന്‍സ് ഓഫീസിന് മുന്നില്‍ നിന്നു നിയന്ത്രണം നഷ്ടടപ്പെട്ടു കരഞ്ഞ അയാളെ  ജീവനക്കാര്‍ ഉന്തി പുറത്താക്കാന്‍ ശ്രമിച്ചപ്പോഴാകാട്ടെ കൂടുതല്‍ അക്രമാസക്തനാകുകയാണ് ചെയ്തത്. ഓഫീസ് അധികൃതര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നു അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.കുറ്റവാളിയെന്ന് മുദ്രകുത്തി നിയമപാലകര്‍ പിടിച്ച് കൊണ്ട് പോയ ആ മനുഷ്യന്‍ പിന്നീട് കഥയേക്കാള്‍ വിസ്മയകരമായ ജീവിതം ജീവിക്കുകയും ഇതിഹാസമായി മാറുകയും ചെയ്തു. സാഹിത്യം വായിക്കുകയും എഴുതുകയും ചെയ്യുന്നവര്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ആ മനുഷ്യനെ വായിച്ചാലെ തങ്ങളുടെ വായനയില്‍ പൂര്‍ണ്ണത കൈവരിക്കൂ എന്ന് നിസംശയം പറയാം. പ്രാഗിലെ ഒരു ജൂത കുടുംബത്തില്‍ 1883 ജൂലൈ 3 നു  ജനിച്ചു നാല്‍പ്പത്തിയൊന്ന് വയസ് തികയും മുമ്പു മരണമടഞ്ഞ ആ ഇതിഹാസത്തിന്റെ പേര് ഫ്രാന്‍സ് കാഫ്ക എന്നായിരുന്നു.ഇന്‍ഷുറന്‍സ് കമ്പനിയിലെ പതിനഞ്ച് വര്‍ഷത്തെ സേവനത്തില്‍ പല തുറകളിലെ ആളുകളുമായി സംവേദിക്കാന്‍ കാഫ്‌കെക്കു കഴിഞ്ഞു. അവരില്‍ പലരുമായും അദ്ദേഹം തികഞ്ഞ സൗഹാര്‍ദത്തിലും ആയിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിന്റെ ഭീകരത അനുഭവിച്ച രാജ്യത്തെ ഏറെ പേരും കലയുമായും സാഹിത്യവുമായും ബന്ധമുള്ളവര്‍ കൂടിയായിരുന്നു. എഴുത്തിലൂടെ അല്ലാതെ തങ്ങളുടെ പ്രതിഷേധങ്ങളെ തുറന്നു കാട്ടാന്‍ വേറെ വഴിയില്ലാതിരുന്ന യുവ തലമുറ അവരെകൊണ്ടാവും വിധം ആശയങ്ങളെ ആവിഷ്‌ക്കരിക്കാന്‍ പരിശ്രമിക്കുകയും ചെയ്തു. അത് തന്നെയായിരുന്നു കാഫ്കയുടെ നിയോഗവും. നിയമപരിശീലനം നേടിയ ശേഷം ഇന്‍ഷുറന്‍സ് ഓഫീസില്‍ ജോലി ചെയ്തിരുന്ന കാഫ്ക സാഹിത്യത്തിലേക്ക് വന്നത് സമൂഹത്തില്‍ നിലനിന്നിരുന്ന കടുത്ത   അനീതികള്‍ക്കെതിരെയുള്ള പ്രതിരോധ ഉപാധിയായിട്ടു കൂടിയായിരുന്നു.1912 മുതല്‍ 1914 വരെയുള്ള രണ്ടു വര്‍ഷകാലത്താണ് അദ്ദേഹം എഴുത്തില്‍ വിസ്മയങ്ങള്‍ സൃഷ്ട്ടിച്ചത്. കാഫ്‌കെയുടെ തൂലികയില്‍ നിന്നും മഹത്തരമായ രചനകള്‍ പിറവിയെടുത്ത ആ രണ്ടു വര്‍ഷം ചരിത്രത്തിന്റെ താളുകളില്‍ അടയാളമാവുകയും ചെയ്തു. 1914 ലാണ് കെ എന്നു പേരുള്ള നായകനെ കാഫ്ക സൃഷ്ട്ടിക്കുന്നത്. മനുഷ്യ മനസിന്റെ നിഗൂഡതകള്‍ ഒരു പിതാവിന്റെയും പുത്രന്റെയും കഥയിലൂടെ ആവിഷ്‌കരിക്കുന്നതില്‍ കാഫ്ക വിജയിക്കുകയും ചെയ്തു.മുപ്പതു വയസ് വരെ മാതാപിതാക്കള്‍ക്കൊപ്പം തീരെ ചെറിയ അപ്പാര്‍ട്‌മെന്റില്‍ ആയിരുന്നു കാഫ്ക താമസിച്ചിരുന്നത്. സ്വകാര്യത ആയിരുന്നു ആ വീട്ടിലെ തന്റെ ഏറ്റവും വലിയ സ്വപ്‌നം എന്ന് കാഫ്ക പറഞ്ഞിരുന്നു. എങ്കിലും മാതാപിതാക്കളോട് അതേ കുറിച്ച് പരാതി പറയാന്‍ അദ്ദേഹം തുനിഞ്ഞില്ല. സ്‌നേഹസമ്പന്നരായിരുന്നു കഫ്‌കെയുടെ മാതാപിതാക്കളും സഹോദരിമാരും എങ്കിലും അവരുമായി ഒരിയ്ക്കലും മാനസീകമായി യാതൊരു വിധ അടുപ്പവും തനിക്ക് തോന്നിയിട്ടില്ലയെന്ന് അത്ഭുതത്തോടെ  അദ്ദേഹം എഴുതിയിട്ടുണ്ട്. പിതാവിനോട് ചുരുക്കം ദിവസങ്ങളില്‍ മാത്രമേ അദ്ദേഹം സംസാരിച്ചിരുന്നുള്ളൂ. മാതാവിനോട് ദിനവും അത്യാവശ്യം വേണ്ട വാക്കുകളില്‍ കാര്യങ്ങള്‍ പറയും. ‘ദി ട്രയല്‍’ എന്ന കൃതിയുടെ രചനാകാലഘട്ടം ആയിരുന്നു കാഫ്കയുടെ ജീവിതത്തിലെ സര്‍ഗാത്മക ജീവിതത്തിലെ അപൂര്‍വ കാലം. കാഫ്ക തന്റെ പ്രണയിനിയായ ഫെലിസ് ബൂവറുമായി രണ്ടു തവണ നിശ്ചയിച്ച വിവാഹ ഉടമ്പടി തകരുകയും വിവാഹജീവിതം വേണോ എന്നുള്ള കാര്യത്തില്‍ തീരുമാനം എടുക്കാനാവാത്ത ആത്മസംഘര്‍ഷത്തില്‍ കഴിയുകയും ചെയ്ത സമയം. ഫെലീസിനെ കൂടാതെ മറ്റൊരു സ്ത്രീയുമായി പിന്നീട് വിവാഹം തീരുമാനിക്കപ്പെട്ടെങ്കിലും അതും മുടങ്ങി പോവുകയാണ് ഉണ്ടായത്. ഒടുവില്‍ കുടുംബ ജീവിതം വേണ്ട എന്നുള്ള ഉറച്ച തീരുമാനത്തില്‍ എത്തുകയും ചെയ്തു. കടുത്ത ഏകാന്തതയിലൂടെ കടന്നുപോകേണ്ടി വന്നുവെങ്കിലും ആ തീരുമാനം സാഹിത്യജീവിതത്തില്‍ അദ്ദേഹത്തിന് നേടികൊടുത്ത ഊര്‍ജ്ജം ചെറുതായിരുന്നില്ല. എഴുത്തിന്റെ മഹാപ്രവാഹം തന്നെയാണ് പിന്നീട് ഉണ്ടായത്. ട്രയലില്‍ കാഫ്ക ആവിഷ്‌കരിച്ചത് യഥാര്‍ത്ഥ കുറ്റവിചാരണ തന്നെയായിരുന്നു. അകാരണമായി അറസ്റ്റ് ചെയ്യപ്പെടുന്ന ഒരു വ്യക്തി തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നടത്തുന്ന പരിശ്രമങ്ങള്‍ ആയിരുന്നു ട്രയലിന്റെ വിഷയം. യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം നേരിട്ട അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു ഈ രചനയെന്ന് വായനക്കാര്‍ക്ക് അനുഭവപ്പെടും. ഇടുങ്ങിയതും ഇരുണ്ടതുമായ ഒരു ലോകമാണ് കാഫ്ക തന്റെ രചനകളിലൂടെ വരച്ചിട്ടത്. ട്രയലിലെ കുറ്റാരോപിതനു മുന്നിലുള്ള വഴി പോലെ ഇടുങ്ങിയതായിരുന്നു കാഫ്കയുടെ ജീവിതവും. സ്ത്രീകളുമായുള്ള അദ്ദേഹത്തിന്റെ ബന്ധങ്ങളും അനിശ്ചിതത്വം നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരുസ്ത്രീക്കും കൂടുതല്‍ കാലം നിലനില്‍ക്കാന്‍ സാധിച്ചിരുന്നില്ല. മൂന്ന് വട്ടം നിശ്ചയിച്ച വിവാഹം മുടങ്ങിയത് കൂടാതെ ഒരു സ്ത്രീയുമായി ഏറെകാലം ഒരുമിച്ച് താമസിച്ചിരുന്നുവെങ്കിലും വിവാഹിതരായില്ല. തന്റെ ജീവിതവുമായി ബന്ധമുള്ളവര്‍ക്ക് കത്തുകള്‍ എഴുതുന്നത് അദ്ദേഹത്തിന്റെ സ്വഭാവരീതിയായിരുന്നു. ആയിരത്തിഅഞ്ഞൂറിലേറെ കത്തുകള്‍ കാഫ്ക പലര്‍ക്കുമായി എഴുതിയതായി കണ്ടെത്തിയിട്ടുണ്ട്. കാഫ്ക ഫെലീസിനെഴുതിയ കത്തുകള്‍ ‘ലെറ്റേഴ്‌സ് റ്റു ഫെലീസ്’ എന്ന പേരില്‍ പുസ്തകം ആകുകയും ചെയ്തു.കാഫ്കയുടെ കഥകള്‍ പോലെ തന്നെ ആഴമേറിയതായിരുന്നു അദ്ദേഹം എഴുതിയ കത്തുകളും. സ്‌നേഹിതര്‍ക്കും അച്ഛനും പ്രണയിനിമാര്‍ക്കും നീണ്ട കത്തുകള്‍ എഴുതിയ കാഫ്ക ഫെലീസിനെഴുതിയ ഒരു കത്തിലെ വരികള്‍ ഏറെ ശ്രദ്ധേയമാണ്. ‘ജീവിതം അത്ര കഠിനവും ശോകവും ആയിരിക്കെ എഴുതപ്പെട്ട വാക്കുകള്‍ കൊണ്ടല്ലാതെ മറ്റേതൊന്നു കൊണ്ടാണ് ഒരാള്‍ മറ്റൊരാളെ തന്നിലേക്കടുപ്പിച്ചു നിര്‍ത്തുന്നത്'(ലെറ്റേഴ്‌സ് റ്റു ഫെലീസ്)മുപ്പതാം വയസ് വരെ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന കാഫ്ക സഞ്ചാരിയായ എഴുത്തുകാരന്‍ ആയിരുന്നില്ല. പ്രാഗിലെ താമസസ്ഥലം വിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ അദ്ദേഹം സഞ്ചരിച്ചിട്ടുള്ളൂ. നാല്‍പ്പത്തിയഞ്ചു ദിവസം നീണ്ട ആ യാത്രയില്‍ ബര്‍ലിന്‍, പാരിസ്, വിയന്ന വെനീസ് തുടങ്ങിയ ഏതാനും രാജ്യങ്ങള്‍ കാണുകയും മൂന്ന് കടല്‍ യാത്രകള്‍ നടത്തുകയും ചെയ്തു. ലോകം അദ്ദേഹത്തിന് വായനയില്‍ നിന്നും ലഭിച്ച അറിവായിരുന്നു. അതുകൊണ്ടു തന്നെ കാഫ്ക ലോകത്തെ അറിയുകയല്ല അദ്ദേഹത്തെ ലോകം തിരഞ്ഞു ചെല്ലുകയായിരുന്നു എന്നു വേണം പറയാന്‍.കഥകള്‍ അല്ലാതെ മറ്റൊന്നും എഴുതുന്നതില്‍ കാഫ്കയ്ക്ക് പൂര്‍ണ്ണമായി വിജയിക്കാന്‍ സാധിച്ചില്ല. നാടകവും ആത്മകഥയും എഴുതാന്‍ ശ്രമിച്ചു പരാജയപ്പെട്ട അദ്ദേഹം പൂര്‍ത്തിയാക്കാതെ പോയ മൂന്ന് നോവലുകളും രചിച്ചു. ‘ ദി മെറ്റഫോര്‍സിസ്, ദി ട്രയല്‍, ദി ജഡ്ജ്‌മെന്റ്, ദി കാസ്റ്റില്‍, എ ഹന്‍ഗര്‍ ആര്‍ട്ടിസ്റ്റ്, ലെറ്റേഴ്‌സ് റ്റു ഫെലീസ് തുടങ്ങിയവയാണ് കാഫ്കയുടെ പ്രധാന കൃതികള്‍. വളരെ തിടുക്കപ്പെട്ട് നടക്കാന്‍ മാത്രം അറിയാവുന്ന കാഫ്ക ജോലി ചെയ്തിരുന്ന പതിനഞ്ച് വര്‍ഷം വീട് മുതല്‍ ഓഫീസ് വരെ നടന്നു മാത്രം യാത്ര ചെയ്തു. മലകയറുക എന്നതായിരുന്നു കാഫ്കയുടെ മറ്റൊരു വിനോദം. കലാകാരന്‍മാര്‍ക്ക് ഉണ്ടായിരുന്ന ദുശീലങ്ങളായ പുകവലിയോ മദ്യപാന ആസക്തിയോ കാഫ്കയ്ക്ക് ഉണ്ടായിരുന്നില്ല. എങ്കിലും സ്ത്രീ വിഷയങ്ങളില്‍ നിയന്ത്രണം പാലിക്കാന്‍ കഴിയാതിരുന്ന കാഫ്കയ്ക്ക് പലരുമായും ഒരേ സമയം പ്രണയം ഉണ്ടായിരുന്നു.പ്രണയത്തെ കുറിച്ച് കാഫ്ക്കയുടെ ട്രയല്‍ എന്ന കഥയിലെ കഥാപാത്രം പറയുന്ന വരികള്‍ എഴുത്തുകാരന്റെ തന്നെ ചിന്തകള്‍ ആവണം. പലരുമായും പ്രണയത്തിലാകുന്ന ആ കഥാപാത്രം ഒരു പെണ്‍കുട്ടിയാണ്. വിചാരണ നേരിടുന്ന പ്രതികളായ എല്ലാ പുരുഷന്മാരോടും പ്രണയം തോന്നുന്ന ആ പെണ്‍കുട്ടി ട്രയലിലെ നായകന്റെ അഭിഭാഷകന്റെ സഹായിയാണ്. എങ്ങിനെയാണ് ഒരാള്‍ക്ക് അത്രയേറെ പേരെ പ്രണയിക്കാന്‍ സാധിക്കുന്നത് എന്ന ചോദ്യത്തിന് ‘നിങ്ങള്‍ക്ക് അതിനു പറ്റിയ കണ്ണുകള്‍ ഉണ്ടാവണം’ എന്നാണ് ഉത്തരം.സൗന്ദര്യം ഉള്ള എന്തിനോടും പ്രണയം തോന്നുന്ന മനോഭാവം കഥാപാത്രങ്ങളിലൂടെ വരച്ചു കാണിക്കുന്ന കാഫ്ക, തന്നെ തന്നെയാണ് അതിലൂടെ പ്രതിഫലിപ്പിച്ചു കാണിച്ചിരുന്നത്. എങ്കിലും കാഫ്കയുടെ രചനകള്‍ സൂഷ്മമായ ജീവിതത്തെയാണ് വെളിപ്പെടുത്തിയത്. മനസിന്റെ ഇരുണ്ട ഭൂഖണ്ഡങ്ങളെ, ഇടുങ്ങിയ തെരുവുകളിലെ ജീവിതങ്ങളെ, വെളിച്ചം കടന്നു വരാത്ത ജീവിത ദുരിതങ്ങളെയെല്ലാം കഥകളില്‍ ആവിഷ്‌കരിച്ച കാഫ്ക തീവ്രമായ പ്രണയങ്ങളില്‍ അകപ്പെട്ടപ്പോഴും കടുത്ത ഏകാന്തതയും അനുഭവിച്ചിരുന്നു. 1924 ജൂണ്‍ മൂന്നാം തീയതി വിയന്നക്ക് സമീപമുള്ള ഒരു സാനിറ്റോറിയത്തില്‍  ക്ഷയ രോഗം ബാധിച്ചു മരണമടയുമ്പോള്‍ അദ്ദേഹം കേവലം നാല്‍പ്പത്തിയൊന്ന് വയസിലേക്ക് കടക്കാന്‍ പോകുന്നതേയുണ്ടായിരുന്നുള്ളൂ .
സാര്‍ത്രെകാഫ്കയുടെ രചനകളിലെ ദാര്‍ശനീക സിദ്ധാന്തങ്ങളെ പിന്തുടര്‍ന്നവരായിരുന്നു പിന്നീട് വന്ന എഴുത്തുകാരില്‍ പലരും. മോഡേണിസം രചനകളില്‍  ആവിഷ്‌കരിക്കാന്‍ ശ്രമിച്ച അവരില്‍ ഏറെ പേരും കാഫ്കയെ പഠനവിഷയം ആക്കുകയും ചെയ്തു. കാഫ്കയ്ക്ക് ശേഷം  അനേകം എഴുത്തുകാരും  തത്ത്വചിന്തകരും ഉണ്ടായെങ്കിലും  സ്വന്തം ജീവിതം കൊണ്ടും നിലപാടുകള്‍ കൊണ്ടും ദാര്‍ശനീക സിദ്ധാന്തങ്ങള്‍ കൊണ്ടും ഏറെ ശ്രദ്ധേയനായത് ജീന്‍ പോള്‍ സാര്‍ത്രേ ആയിരുന്നു.  കഫ്‌ക്കേയില്‍ നിന്നും വേറിട്ട് സ്വന്തം ജീവിതം ആഘോഷിക്കാനും സഞ്ചരിക്കാനും ഇഷ്ടപ്പെട്ടിരുന്ന സാര്‍ത്ര്  തികഞ്ഞ രാക്ഷ്ട്രീയ നിലപാടുകളും വച്ചു പുലര്‍ത്തി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി നിലകൊണ്ട സാര്‍ത്രേയുടെ രചനകള്‍ ഏറെയും  രാക്ഷ്ട്രീയപരവും തത്ത്വ ചിന്താപരവും ആയിരുന്നു.  ഏറെ കുറെ വിവാദപുരുഷനായിരുന്ന സാര്‍ത്രേ 1905 ല്‍ പാരീസില്‍ ജനിച്ചു . ആദ്യകാല വിദ്യാഭ്യാസം പാരീസില്‍ തന്നെയായിരുന്ന സെര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിലോസഫി പൂര്‍ത്തിയാക്കിയ ശേഷം ലീഹോര്‍വെയിലും ,ലയോണയിലും സ്‌കൂള്‍ അദ്ധ്യാപകനായി ജോലി നോക്കി.  1930 കളില്‍  നിര്‍ബന്ധിത മിലിട്ടറി സേവനം ചെയ്തിരുന്ന സര്‍ത്രേ ലീവിന് വന്നിരുന്ന നാളുകളില്‍  ബെര്‍ലിനിലെ ഫ്രെഞ്ച് ഇന്‍സ്റ്റിറ്റുട്ടില്‍ ചിലവഴിച്ച സമയത്താണ് ജര്‍മ്മന്‍ തത്ത്വചിന്തകളോട്  അഗാധമായ താല്‍പര്യം  ജനിക്കുന്നത്. കാഫ്ക്കയുടെ രചനകള്‍ സര്‍ത്രേയെ സ്വാധീനിക്കുന്നത് ആ കാലത്താണ്. പിന്നീട് രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുകയും  വളരെ കാലം യുദ്ധ തടവുകാരനായി കഴിയേണ്ടി വരികയും ചെയ്തു. തടങ്കല്‍ കാലത്ത് എഴുതിയ ഫിലോസഫിക്കല്‍ പുസ്തമായ ആലശിഴ മിറ ിീവേശിഴില ൈസാര്‍ത്രേയുടെ മികച്ച തത്ത്വചിന്താ രചനകളില്‍ ഒന്നാണ്.1946 നു ശേഷം മുഴുവന്‍ സമയ സാഹിത്യ രചനയില്‍ ഏര്‍പ്പെട്ടിരുന്ന സാര്‍ത്രേ ‘ലെ ടെംപ്‌സ് മോഡേണ്‍’ മാസികയുടെ പത്രാധിപരായി പ്രവര്‍ത്തിക്കുകയും ചെയ്തു. തികഞ്ഞ മാര്‍ക്‌സിസ്റ്റ് വിശ്വാസിയായ സാര്‍ത്രേ ആണ് ഫ്രഞ്ച് ദാര്‍ശനീക സിദ്ധാന്തത്തിന്റെ ഉപജ്ഞാതവ് എന്നറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ തത്ത്വശാസ്ത്രകൃതികള്‍ ആധുനീക ചിന്താധാരയെ സ്വാധീനിക്കാന്‍ തക്ക കരുത്തുള്ളതായിരുന്നു.സാര്‍ത്രേയുടെ പ്രശസ്ത കൃതിയായ ചമൗലെമ യിലെ വരികള്‍ ഏറെ ശ്രദ്ധേയമാണ് ‘യാതനയെക്കാളേറെ ദുരന്തകരമായ ഒരു കാര്യം മാത്രമേയുള്ളൂ , അത് ഒരു സന്തുഷ്ട്ടമനുഷ്യന്റെ ജീവിതമാകുന്നു.’സാര്‍ത്രേക്കു തന്റെ  സാഹിത്യരചന പേരിനോ പെരുമക്കോ ധനം നേടാനോ ഉള്ള മാര്‍ഗമായിരുന്നില്ല. ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രത്തെ ഉയര്‍ത്തികൊണ്ടുവരാന്‍ മാത്രമായിരുന്നില്ല അദ്ദേഹം അശ്രാന്ത പരിശ്രമം നടത്തിയതും. ഏതെങ്കിലും സ്ഥാപനത്തില്‍ ഉദ്യോഗം ചെയ്തു ഒതുങ്ങി ജീവിക്കാനും സര്‍ത്രേയെ സംബന്ധിച്ച് അസാധ്യമായിരുന്നു . അതേപോലെ തന്നെ വിവാഹം, കുടുംബം എന്നീ  കെട്ടുപാടില്‍ സ്വയം തളച്ചിടാനും അദ്ദേഹം തയ്യാറായിരുന്നില്ല. യാത്രകള്‍ എഴുത്ത് പോലെ തന്നെ ലഹരിയായിരുന്ന സര്‍ത്രേ ഏത് ജീവിത നിലവാരത്തില്‍ പെട്ട ആളുകളോടുമൊപ്പം ഒരേ മനസോടെ കഴിയുമായിരുന്നു. തൊഴിലാളികള്‍ക്കൊപ്പം അവരുടെ സഖാവായി കഴിയാനും ചേരികളില്‍ താമസിച്ചു  എളിയ ജീവിതം ജീവിക്കാനും അദ്ദേഹം തയ്യാറായി. അതേ സമയം സന്യാസിമാരോടൊപ്പം താമസിക്കുമ്പോള്‍ അവരുടെ സുഹൃത്തായി ജീവിക്കും. എത്ര യാത്ര ചെയ്താലും ഒരിടത്തും സ്ഥിരമായി താമസിക്കാന്‍ സര്‍ത്രേക്കു കഴിയുമായിരുന്നില്ല. ജീവിക്കുന്ന സമയം അനുഭവങ്ങളുടെ ആഴം നേടണം എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. തികച്ചും അരാജകവാദിയായിരുന്ന സര്‍ത്രേ തനിക്ക് ശരിയെന്ന് തോന്നുന്നതെല്ലാം ധൈര്യമായി  എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. ഈ ലോകത്ത് എല്ലാ മനുഷ്യരും പൂര്‍ണ്ണരോ പരിശുദ്ധരോ ആകണമെന്ന് നിര്‍ബന്ധം വച്ച് പുലര്‍ത്തരുത് എന്നായിരുന്നു കാഴ്ച്ചപ്പാട്. ഏത് വിഷയത്തെ കുറിച്ചും നന്നായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്ത ശേഷം മാത്രമേ അതേ കുറിച്ച് എഴുതുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുമായിരുന്നുള്ളൂ. യുക്തി സഹമായി മാത്രം ജീവിതത്തെ നോക്കി കാണാന്‍ ശ്രമിച്ച അദ്ദേഹം വിശ്വസിച്ചിരുന്നത് അന്വേഷണത്തിനും പഠനത്തിനും യോഗ്യതയില്ലാത്ത ഒരു വസ്തുവോ ജീവിയോ ഈ ലോകത്തില്ല എന്നു തന്നെയായിരുന്നു.സുഹൃത്തുക്കളെയും, എളിയ ജീവിതം ജീവിക്കുന്നവരെയും ഏത് പരിത സ്ഥിതിയിലും സഹായിക്കാന്‍ മനസ് കാണിച്ചിരുന്ന സര്‍ത്രേ സ്വന്തം നേട്ടങ്ങള്‍ക്ക് അതിനു ശേഷം മാത്രമേ പ്രാധാന്യം കൊടുത്തിരുന്നുള്ളൂ. സ്വയം ആര്‍ജിച്ചെടുത്ത അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍  അദ്ദേഹം  കാണിച്ചിരുന്ന വിശാലമായ മനസ് സൗഹൃദങ്ങളുടെ നീണ്ട നിര തന്നെ സാര്‍ത്രേക്കു നേടി കൊടുത്തു. ആ കാലഘട്ടത്തില്‍ ഫ്രാന്‍സില്‍  ജീവിച്ചിരുന്ന എഴുത്തുകാരുമായും ചിന്തകന്‍മാരുമായും മൈത്രി ബന്ധം ഉണ്ടായതിന്  പുറമെ ഫിദല്‍ കാസ്‌ട്രോയുമായി സര്‍ത്രേ പുലര്‍ത്തിയിരുന്ന ആത്മബന്ധം രാഷ്ട്രീയത്തിനും അപ്പുറത്തായിരുന്നു. ആര്‍തര്‍ കാമുവിനോടു സഹോദര വിശേഷമായ സ്‌നേഹബന്ധം തന്നെയായിരുന്നു അദ്ദേഹത്തിന്. എങ്കിലും ഇടക്കാലത്ത്  കാമുവിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഉണ്ടായ വിരുദ്ധമായ മാറ്റത്തിനെ ശക്തമായി എതിര്‍ത്തു കൊണ്ട് ‘ലെസ് ടെംപ്‌സ് മോഡേണ്‍’ മാഗസിനില്‍ നീണ്ട  ഒരു കത്തെഴുതാനും സര്‍ത്രേ മടി കാണിച്ചില്ല.സംഗീതത്തെയും, ചിത്രരചനയെയും ഏറെ സ്‌നേഹിച്ച സാര്‍ത്രേ ഒഴിവ് വേളകളില്‍  കൂട്ടുകാരുമായി പാട്ടുകള്‍ പാടി രസിക്കുക പതിവായിരുന്നു. സദാചാരത്തെ കഠിനമായി എതിര്‍ത്ത സാര്‍ത്രേ  പഴയ തലമുറയുടെ കാപട്യം നിറഞ്ഞ  കാഴ്ചപ്പാടുകളെ പരിഹസിച്ചത് ഇപ്രകാരം ആയിരുന്നു.’തനിക്ക് മുന്നേ പോയ തലമുറയോട് തട്ടിച്ചു നോക്കുമ്പോള്‍ ഇപ്പോഴുള്ളവര്‍ പണ്ടത്തേക്കാള്‍ ദുഖിതരാണ്. എന്നാല്‍ ഒരു വ്യത്യാസം ഉണ്ടെന്ന് മാത്രം സമ്മതിക്കുന്നു . നാം ദുഖിതരാണെന്ന് അറിയുന്നുണ്ട്’.വിവാഹത്തെ എതിര്‍ത്ത സര്‍ത്രേ അദ്ദേഹത്തിന്റെ  എക്കാലത്തെയും സുഹൃത്തും  ഫ്രഞ്ച് സാഹിത്യകാരിയും വനിതാ വിമോചന പ്രസ്ഥാന സ്ഥാപക കൂടിയായ സിമോണ്‍ ഡി ബുവെയുമായി പ്രണയത്തില്‍ ആകുകയും നിയമപരമായ വിവാഹത്തിലേര്‍പ്പെടാതെ ഒരുമിച്ച് ജീവിക്കുകയും ചെയ്തു. കുടുംബം എന്ന കെട്ടുപാടില്‍ പെടാതെ  എഴുത്തിലും ചിന്തകളിലും നിലപാടുകളിലും ഉറച്ചു നിന്നുകൊണ്ട് ശ്രേഷ്ഠമായ ഒരു ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. സുതാര്യതയും സത്യസന്ധതയും ആയിരുന്നു  അവരുടെ ജീവിതത്തെ നയിച്ചത്. ഒട്ടനവധി ദാര്‍ശനീക ഗ്രന്ഥങ്ങള്‍ രചിച്ച സാര്‍ത്രേ, ആശയപരമായ വിയോജിപ്പുകളാല്‍  ഏറ്റവും വലിയ ബഹുമതിയായ നോബല്‍ സമ്മാനം നിരസിക്കുകയും ചെയ്തു. ആധുനിക സാഹിത്യത്തിനും ചിന്താധാരക്കും  ഒരു കൊടുങ്കാറ്റായിരുന്നു  സര്‍ത്രേയുടെ രചനകളും സിദ്ധാന്തങ്ങളും. ‘ബീയിംഗ് ആന്‍ഡ് നത്തിങ്‌നെസ്, ദി  വാള്‍ , നോ എക്‌സിറ്റ് , ദി ഏജ് ഓഫ് റീസന്‍, ദി റെസ്‌പെക്റ്റ്ഫുള്‍ പ്രോസ്റ്റിറ്റൂട്ട്. തുടങ്ങിയവയാണ് പ്രധാന കൃതികള്‍.സ്വവര്‍ഗരതിയെ അനുകൂലിക്കുകയും, കപട സദാചാരത്തെ എതിര്‍ക്കുകയും ചെയ്ത സര്‍ത്രേ തികഞ്ഞ യുക്തിവാദി ആയിരുന്നു.  ക്രിസ്മസ് കരോള്‍ കാണുവാന്‍ വേണ്ടി മാത്രം വര്‍ഷത്തില്‍ ഒരിക്കല്‍ പള്ളിയില്‍ പോയിരുന്ന സാര്‍ത്രേ കത്തോലിക്ക സഭയില്‍ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. 1980 ഏപ്രില്‍ 15 നു  ആ ജീവിതം അസ്തമിച്ചു.ഇരുപതാം നൂറ്റാണ്ടിലെ അതുല്യ പ്രതിഭകള്‍ ആയിരുന്ന ഈ രണ്ടു ചിന്തകന്‍മാരും  പിന്‍കാലത്ത് സ്വന്തം ദര്‍ശനങ്ങള്‍ കൊണ്ടും ആഴമേറിയ രചനകള്‍ കൊണ്ടും കാലത്തെ വിസ്മയിപ്പിച്ചു നിലനില്‍ക്കുന്നവര്‍ ആയി മാറുകയും ചെയ്തു. ഏത് കാലഘട്ടത്തിലും പ്രസക്തമാകാവുന്ന തത്വചിന്തകളും ആശയങ്ങളും ആവിഷ്‌ക്കരിച്ചത് കൊണ്ട് മാത്രമല്ല അവര്‍ ഇതിഹാസങ്ങള്‍ ആയത്. എഴുതി വച്ച നിലപാടുകള്‍ സ്വന്തം ജീവിതത്തില്‍ കൂടി പകര്‍ത്തി ജീവിച്ചു കാണിച്ചത് കൊണ്ട് കൂടിയാണ്. ആത്മധൈര്യം ആയിരുന്നു അവരുടെ ജീവിതത്തിലെയും എഴുത്തിലെയും മുഖമുദ്ര. പ്രതിഷേധത്തെ കുറിച്ചുള്ള സാര്‍ത്രേയുടെ ചിന്തകള്‍ അദ്ദേഹം കുറിച്ചത് ഇപ്രകാരം ആയിരുന്നു.’നാം ഉയര്‍ത്തി വിടുന്ന വിദ്വേഷങ്ങളെക്കുറിച്ച് അഹംഭാവം ഉണ്ടാകേണ്ടതില്ല. ഈ വിദ്വേഷത്തില്‍ അഗാധമായ ഖേദമുണ്ട് എന്ന കാര്യം സത്യമാണെങ്കില്‍ പോലും. ഞാന്‍ സത്യമെന്ന് വിശ്വസിക്കുന്ന കാര്യം സംസാരിക്കാതെ ഇരിക്കുന്നത് ഒഴികെ എനിക്കെന്ത് ചെയ്യാന്‍ സാധിക്കും.’

You must be logged in to post a comment Login