ഒരേ കളിയില്‍ രണ്ട് കൈകൊണ്ടും പന്തെറിഞ്ഞു: പ്രീമിയര്‍ ലിഗില്‍ ഉറ്റുനോക്കി ആരാധകര്‍

തമിഴ്‌നാട് പ്രീമിയര്‍ ലിഗില്‍ വ്യത്യസ്തമായ ബൗളിംഗിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ് മൊകിത് ഹരിഹരന്‍. വിബി കാഞ്ചി വീരന്‍സ് ടീമംഗമാണ് ഈ കൗമാരതാരം. ഒരു കളിയില്‍ തന്നെ രണ്ട് കൈകള്‍ കൊണ്ട് പന്തെറിഞ്ഞ് ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് താരം. മറ്റാര്‍ക്കും അവകാശപ്പെടാനാകാത്ത കായിക പ്രകടനം തന്നെയാണ് താരം കളത്തില്‍ കാഴ്ചവെച്ചത്. കഴിഞ്ഞ ദിവസം ദിണ്ടിഗല്‍ ഡ്രാഗണ്‍സിന് എതിരായ ട്വന്റി20 മത്സരത്തിലാണ് രണ്ട് കൈകള്‍ കൊണ്ട് താരം പന്തെറിഞ്ഞത്.

ഇടംകയ്യന്‍ ബാറ്റ്‌സ്മാനെതിരെ ലെഫ്റ്റ് ആം സ്പിന്നാണ് മൊകിത് ആദ്യം പുറത്തെടുത്തത്. എന്നാല്‍ വലംകൈയ്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ വലതുകൈ കൊണ്ട് ബോള്‍ ചെയ്തതോടെ ബാറ്റ്‌സ്മാന്‍മാരും കുഴപ്പത്തിലായി. വ്യത്യസ്തമായ കായിക വിരുതിലൂടെ ആരാധകരുടെയും പ്രീമിയര്‍ ലീഗിന്റെയും ശ്രദ്ധ നേടിയ താരത്തിന് ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ സാധിച്ചില്ല.

അതേസമയം, ബാറ്റുകൊണ്ട് മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. 50 പന്തില്‍ നിന്ന് 77 റണ്‍സെടുത്ത മോകിത് അഞ്ച് സിക്‌സും ഫോറും സ്വന്തമാക്കി. 20 ഓവറില്‍ മോകിതിന്റെ ബലത്തില്‍ 166 റണ്‍സാണ് വീരന്‍സ് നേടിയത്. എന്നാല്‍, എതിരാളികളായ ഡ്രാഗണ്‍സ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. വീരന്‍സ് ലീഗില്‍ ഏഴാം സ്ഥാനത്താണ് ഉള്ളത്. മധുരൈ പാന്തേര്‍സുമായാണ് വീരന്‍സിന്റെ അടുത്ത മത്സരം.

You must be logged in to post a comment Login