ഒറ്റപ്പെടലില്‍ മനം നിറഞ്ഞവര്‍

ജൂലിയസ് മാനുവല്‍


 

ഡാനിയേല്‍ ഡീഫോയുടെ റോബിന്‍സണ്‍ ക്രൂസോ എത്ര വായിച്ചാലും നമുക്ക് മതി വരില്ല. ഒറ്റപ്പെട്ട ദ്വീപില്‍ ഏകനായി നാളുകള്‍ നീക്കുന്നത് ദുഷ്‌ക്കരവും അതീവ മാനസിക സംഘര്‍ഷത്തിനു ഹേതുവാക്കുന്നതാണെന്ന് അറിയാവുന്നതാണെങ്കിലും ഇത്തരം കഥകള്‍ വായിക്കുന്നവര്‍ക്ക് എക്കാലവും മാനസിക ഉന്മേഷത്തിനു വഴിവെച്ചിട്ടുണ്ട്. റോബിന്‍സണ്‍ ക്രൂസോ എന്ന കഥാപാത്രം അലക്‌സാണ്ടര്‍ സെല്‍കിര്‍ക്ക് എന്നയാളില്‍ നിന്നും പ്രചോദനം കൊണ്ടതാണെന്ന് നമുക്ക് അറിയാവുന്നതാണെല്ലോ. സെല്‍ക്കിര്‍ക്ക് സാഹചര്യം കൊണ്ട് ഒറ്റപ്പെട്ടതാണെങ്കില്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ ഒരുമ്പെട്ടിറങ്ങിയവരും ചരിത്രത്തില്‍ ഉണ്ട്.

1992 ല്‍ അലാസ്‌ക്കന്‍ വന്യതയില്‍ ജീവിക്കാന്‍ തുനിഞ്ഞിറങ്ങി കാലയവനികയില്‍ മറഞ്ഞ Christopher McCandless ഒരു ഉദാഹരണം മാത്രം. എന്നാല്‍ ഈ രണ്ടു പേരുടെയും പേരോ ജീവിതമോ കേട്ടിട്ടില്ലാത്ത ഒരു സാധാരണക്കാരന്‍ തന്റെ ജീവിത സാഹചര്യങ്ങളോട് പൊരുതാന്‍ ഉറച്ച് ഭാര്യയേയും കൂട്ടി ഒരു വിജന ദ്വീപില്‍ താമസിക്കുവാന്‍ തുടങ്ങിയാലോ ? അതും ഒന്നും രണ്ടും കൊല്ലമല്ല ! നീണ്ട നാല്‍പ്പതു വര്‍ഷം! ഇന്തോനേഷ്യയിലെ വെള്ളമണല്‍ നിറഞ്ഞ വിജനമായ ഒരു ചെറു ദ്വീപില്‍ (Pulau Cengkeh അഥവാ Clove Island) ) ഇപ്പോഴും ഭാര്യാ സമേതം കഴിഞ്ഞു വരുന്ന എണ്‍പത്കാരനായ അബു (Daeng Abu) ആണ് ഈ ഭീകരന്‍ ! മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത എന്തെന്നാല്‍ കക്ഷി ഇപ്പോള്‍ പൂര്‍ണ്ണ അന്ധനാണ് BBC ജേര്‍ണലിസ്റ്റ്‌ Theodora
Sutcliffe നെയും സംഘത്തെയും പല്ലുകൊഴിഞ്ഞ മോണ കാട്ടിയാണ് അബുവും ഭാര്യ മെയ്ദയും ( Daeng Maida) സ്വീകരിച്ചത്. പ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒന്നാലോചിച്ച ശേഷം എണ്‍പത് കഴിഞ്ഞു കാണാനാണ് സാധ്യത എന്നായിരുന്നു ഉത്തരം. ഇവിടെ എങ്ങിനെ എത്തി എന്ന് ആരാഞ്ഞപ്പോള്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ ഇരുവരും ദ്വീപിലെ വെള്ളമണലില്‍ ഇരുന്നു. അബുവിന് പ്രായം ഇരുപത് കഴിഞ്ഞപ്പോള്‍ ആണ് വീട്ടുകാര്‍  Maida യെ കെട്ടിച്ചു കൊടുത്തത്. കല്യാണ ദിവസത്തെ ചെറു ആഘോഷവും അമ്മാവന്‍ സന്തോഷത്താല്‍ ആകാശത്തേക്ക് നിറയൊഴിച്ചതും Maida ഇപ്പോഴും നന്നായി ഓര്‍ക്കുന്നുണ്ട്. അബു സ്വയം നിര്‍മ്മിച്ച , മുളയുടെ കാലുകള്‍ നാട്ടി പനയോല മേഞ്ഞ ചെറുകുടിലില്‍ ആണ് ആ വിവാഹ ജീവിതം ആരംഭിച്ചത്. ഇന്തോനേഷ്യന്‍ തീരങ്ങളിലെ പവിഴപ്പുറ്റുകള്‍ക്കിടയില്‍ മീന്‍ പിടിച്ചായിരുന്നു അവര്‍ ഉപജീവനം കഴിച്ചിരുന്നത്. ജീവികളെ അത്യധികം സ്‌നേഹിച്ചിരുന്ന മെയ്ദ കടലാമകളെ വളര്‍ത്തിയിരുന്നു. വെള്ളത്തില്‍ സയനൈഡ് കലര്‍ത്തി മീന്‍ പിടിക്കുന്നതിനോട് അബുവിന് അന്നേ എതിര്‍പ്പായിരുന്നു. ഇതെല്ലാം കടലിലെ ആവാസ വ്യവസ്ഥയെ തകര്‍ക്കും എന്ന് ആരും പഠിപ്പിച്ചു കൊടുത്തില്ലെങ്കിലും അന്നേ തനിയെ മനസ്സിലാക്കിയിരുന്ന പ്രകൃതി സ്‌നേഹികളായിരുന്നു ആ ദമ്പതികള്‍. മീന്‍ പിടിക്കുവാനും മറ്റു കടല്‍ ജീവികളെ വേട്ടയാടാനും പരമ്പരാഗത രീതികള്‍ മാത്രം സ്വീകരിച്ചിരുന്ന അബുവിന് പക്ഷെ കുടുംബം പോറ്റാന്‍ അത് പോരായിരുന്നു. വീട്ടു ജോലികള്‍ മാത്രം നോക്കിയിരുന്ന മെയ്ദയുടെ അടുപ്പ് ദിവസങ്ങളോളം അണഞ്ഞു തന്നെ കിടന്നു. അവള്‍ ആറു പ്രസവിച്ചെങ്കിലും മോശമായ ജീവിത സാഹചര്യങ്ങള്‍ മൂലം അതില്‍ അഞ്ചു കുട്ടികളും ഒരു വയസു തികയുന്നതിനു മുന്നേ മരിച്ചു. മരുന്നും ആഹാരവും തേടി പന്ത്രണ്ടു മണിക്കൂറുകള്‍ വരെ താന്‍ വഞ്ചി തുഴഞ്ഞിരുന്നു എന്ന് അബു ഓര്‍ക്കുന്നു. അന്ന് ആഹാരത്തിനെക്കാള്‍ പ്രാധാന്യം മരുന്നിനായിരുന്നു. അങ്ങിനെ ജീവിതത്തോട് മല്ലിട്ട് ദിവസങ്ങള്‍ തള്ളി നീക്കുമ്പോള്‍ ആണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു ദുരന്തം അവരെ പിടികൂടിയത്. തനിക്ക് കുസ്ഥ ((kusta, പ്രാദേശിക ഭാഷയില്‍ കുഷ്ടം) ബാധിച്ചിരിക്കുന്നു എന്ന് ഞെട്ടലോടെയാണ് അബു തിരിച്ചറിഞ്ഞത്. അബുവിന് മീന്‍ പിടിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ ആ കുടുംബത്തിനു പട്ടിണി കിടന്ന് ചാവുകയെ നിവൃത്തിയുള്ളൂ. തകര്‍ന്നു പോയ ആ സാഹചര്യത്തില്‍ ദൈവം രക്ഷകനായി എന്ന് അബു പറയുന്നു. 1972 ല്‍ അവിടുത്തെ പ്രാദേശിക ഭരണകൂടം തെരുവുകളില്‍ ഒരു നോട്ടീസ് പതിച്ചു. അബു ജീവിക്കുന്നിടത്ത് നിന്നും ഏകദേശം ഒരു മണിക്കൂര്‍ ബോട്ടില്‍ പോയാല്‍ മാത്രം എത്തുന്ന വിദൂര ദ്വീപുകളില്‍ കടലാമകളെ വളര്‍ത്തുവാനും പരിപാലിക്കുവാനും ആളുകളെ ആവശ്യമുണ്ട് എന്നായിരുന്നു ആ പരസ്യം.എന്നാല്‍ തീര്‍ത്തും വിജമായ ദ്വീപുകളില്‍ പോകുവാന്‍ ആരും മുന്നോട്ട് വന്നില്ല. പക്ഷെ അബുവിന് അത് ദൈവം തനിക്കു മാത്രം തന്ന ഒരു അവസരമായി തോന്നി. തന്റെ രോഗം കാരണം ഉണ്ടാവുന്ന ഒറ്റപ്പെടലില്‍ നിന്നും അത് ഒരു രക്ഷയായെക്കും. മാത്രവുമല്ല രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനും ഇത് ഉപകരിച്ചേക്കും. സര്‍ക്കാരില്‍ നിന്നും കിട്ടുന്ന പ്രതിഫലം കൊണ്ട് മീന്‍ പിടിക്കാതെ കഴിഞ്ഞു കൂടാനും സാധിക്കും. ഈ വിധമുള്ള വിചാരങ്ങളില്‍ മുഴുകി അബു തീര്‍ത്തും ഒറ്റപ്പെട്ട ആ ദ്വീപുകളില്‍ കടലാമകളെ വളര്‍ത്തുവാന്‍ വേണ്ടി സന്നദ്ധനായി.

തന്റെ മുളവീട് അഴിച്ചെടുത്ത് അബു കുടുംബസമേതം തോണിയിലേറി. അബുവിന്റെ രോഗം മറ്റുള്ളവര്‍ക്ക് അറിയുമായിരുന്നില്ല. തന്നെ യാത്രയാക്കിയപ്പോള്‍ സകലരും കരയുകയായിരുന്നു എന്ന് അബു ഓര്‍ക്കുന്നു. താന്‍ എന്തിനാണ് ഈ ജോലി ഏറ്റെടുത്തത് എന്നോര്‍ത്ത് സകലരും അത്ഭുതപ്പെട്ടു.  Cengkeh ദ്വീപിലെത്തിയ ആദ്യ ദിവസം രാത്രി മുഴുവനും ആ മൂന്നംഗ കുടുംബം കരഞ്ഞു തീര്‍ത്തു. വിദൂര ദ്വീപുകളിലെ പ്രാകൃത വര്‍ഗക്കാര്‍ മരിച്ചവരുടെ ശരീരങ്ങള്‍ മറ്റു ദ്വീപുകളിലാണ് കൊണ്ട് അടക്കിയിരുന്നത്. അത്തരം ഒരു ദ്വീപായിരുന്നു  Cengkeh ! രാത്രിയിലെ ഓരോ അനക്കവും മെയ്ദക്ക് ഭൂതവും പിശാചുമാണ്. അതിന് ഈ വയസ്സ് കാലത്തും ഒരു മാറ്റവുമില്ല. അബു ചെല്ലുമ്പോള്‍ ആ ദ്വീപ് വെറും ഒരു വെള്ള മണല്‍ കൂമ്പാരമായിരുന്നു. അവര്‍ അവിടെ മരങ്ങള്‍ വെച്ച് പിടിപ്പിച്ചു. വേലികള്‍ കെട്ടി സുരക്ഷിതമാക്കി കുടില്‍ പണിതു. ആദ്യകാലത്ത് മാംസത്തിനും അക്വേറിയത്തില്‍ വളര്‍ത്താനും ആയിരുന്നു കടലാമകളെ വളര്‍ത്തിയിരുന്നത്. അബു ആമകളെ ദൂരെ ചന്തയില്‍ കൊണ്ട് വില്‍ക്കും. ചിലപ്പോള്‍ ചിലര്‍ ബോട്ടില്‍ ആമകളെ തേടി ദ്വീപില്‍ എത്തും. എന്നാല്‍ സര്‍ക്കാര്‍ പിന്നീട് നയം മാറ്റി. ആമകളെ കൊല്ലുന്നത് നിരോധിച്ചു. അബുവിനോട് ഇനി മുതല്‍ അവറ്റകളെ വളര്‍ത്തി കടലില്‍ തിരികെ വിട്ടാല്‍ മതി എന്ന് പറഞ്ഞു. കാലം കടന്നു പോയപ്പോള്‍ തന്റെ രോഗവും ദൈവം മാറ്റിയതായി അബു കരുതുന്നു. ഇപ്പോള്‍ പ്രായത്തിന്റെ അസുഖം മാത്രമേ ഉള്ളൂ. ദ്വീപ് ഇപ്പോള്‍ പഴയത് പോലെ തീരെ ഒറ്റപ്പെട്ടതല്ല. മീന്‍പിടുത്തക്കാരും സഞ്ചാരികളും ഇടയ്ക്കിടെ ഇവിടം സന്ദര്‍ശിക്കാറുണ്ട്. വരുന്നവരോടൊക്കെ പവിഴപ്പുറ്റുകള്‍ സംരക്ഷിക്കപ്പെടെണ്ടതിന്റെ ആവശ്യകത അബു പറഞ്ഞു ബോധ്യപ്പെടുത്തും. ഇവയൊക്കെ ഉണ്ടെങ്കിലെ മീനുകള്‍ വളരുകയുള്ളൂ എന്ന സത്യം മീന്‍ പിടുത്തക്കാരെ മനസ്സിലാക്കി കൊടുക്കും. പ്രായത്തിന്റെ ആധിക്യത്തില്‍ അന്ധത ബാധിച്ച അബുവിന്റെ കണ്ണുകളില്‍ പക്ഷെ ഇപ്പോഴും പവിഴപ്പുറ്റുകള്‍ നിറഞ്ഞ, കടലാമകള്‍ നീന്തി തുടിയ്ക്കുന്ന, നിറയെ മീനുകളുള്ള ഒരു കടല്‍ സ്വര്‍ഗം ആണ് നിറഞ്ഞു നില്‍ക്കുന്നത്. അബുവും മെയ്ദയും മണല്‍ത്തിട്ടയില്‍ നിന്നും പതുക്കെ എഴുന്നേറ്റു. മെയ്ദയുടെ കയ്യില്‍ പിടിച്ച് പതുക്കെ വീട്ടിലേക്ക് നടന്നു. ആ വീട് ഒരു സര്‍ക്കാര്‍ ഇതര സംഘടന നിര്‍മ്മിച്ച് കൊടുത്തതാണ്. വീടിനടുത്ത് എത്തിയപ്പോള്‍ അബു ഒന്ന് തിരിഞ്ഞു എന്നിട്ട് പറഞ്ഞു. ‘ദൈവം എനിക്ക് തന്നതെല്ലാം അനുഗ്രഹങ്ങള്‍ ആയിരുന്നു, എല്ലാം ഞാന്‍ ആസ്വദിച്ചു, എന്റെ രോഗം പോലും.’

ഇത്  Theodora Sutcliffe, BBC ല്‍ നടത്തിയ ഒരു ഇന്റെര്‍വ്യൂവിനെ ആസ്പദമാക്കി എഴുതിയതാണ്. ഇതുപോലെ പ്രതിസന്ധികള്‍ നിറഞ്ഞ ജീവിതത്തില്‍ പ്രകൃതിയെ വെല്ലുവിളിക്കുകയല്ല മറിച്ച് പ്രകൃതിയോടോന്നിച്ചു ജീവിക്കുകയാണ്
വേണ്ടതെന്നു അബുവിന്റെ ജീവിതം വരച്ചു
കാട്ടുന്നു.

 

You must be logged in to post a comment Login