ഒറ്റപ്പേര് നിര്‍ദേശിച്ചിട്ടും പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായില്ല; അമിത് ഷാ കരുതിവെച്ചിരിക്കുന്ന സസ്‌പെന്‍സ് എന്താണ്?

തിരുവനന്തപുരം: പത്തനംതിട്ടയില്‍ മാത്രം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാറ്റിവെച്ചതോടെ ബിജെപി സംസ്ഥാന നേതൃത്വം വീണ്ടും വെട്ടിലായി. ഒറ്റപ്പേര് മാത്രമാണ് പത്തനംതിട്ടയില്‍ സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചതെന്നും തര്‍ക്കങ്ങളില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.

കെ.സുരേന്ദ്രന്റെ പേരാണ് സംസ്ഥാന നേതൃത്വം ഒടുവില്‍ പറഞ്ഞ ഒറ്റപ്പേരെന്ന് ഉറപ്പ്. ശ്രീധരന്‍പിള്ള ഒഴിഞ്ഞ് കൊടുത്തതും ആ ഒറ്റ പേരില്‍ സമ്മതം മൂളി തന്നെയാണ്.ആര്‍.എസ്.എസ്സിന്റെ ആശീര്‍വാദവും സുരേന്ദ്രനുണ്ട് എന്നിട്ടും അമിത് ഷാ പ്രഖ്യാപനം മാറ്റി വെച്ചതിന്റെ കാര്യകാരണമാണ് കേരളത്തിലെ നേതാക്കള്‍ക്കറിയാത്തത്.

ഒന്നുകില്‍ ശ്രീധരന്‍പിള്ളയുടെ അതൃപ്തി അല്ലെങ്കില്‍ എന്‍.എസ്.എസ്സ് സ്വാധീനമുള്ള മണ്ഡലത്തില്‍ നായര്‍ സ്ഥാനാര്‍ഥി വേണമെന്ന കേന്ദ്രത്തിന്റെ താല്‍പര്യം. ഇത് രണ്ടുമല്ലെങ്കില്‍ പത്തനംതിട്ടക്കായി ഒരു സസ്‌പെന്‍സ് കൂടി അമിത് ഷാ കരുതി വെച്ചിട്ടുണ്ടാകണം.

ശ്രീധരന്‍പിള്ള തന്നെ രംഗത്തിറങ്ങണമെന്ന് കേന്ദ്രം നിഷ്‌കര്‍ഷിച്ചാല്‍ എം.ടി രമേശിനൊപ്പം കെ.സുരേന്ദ്രനും തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിയ്ക്കാന്‍ മാറി നില്‍ക്കേണ്ടി വരും. പക്ഷെ തീരുമാനം അതാണെങ്കില്‍ പ്രവര്‍ത്തകരില്‍ വലിയ തോതില്‍ പ്രതിഷേധവും അമര്‍ഷവും ഉണ്ടാകുമെന്നുറപ്പ്.

You must be logged in to post a comment Login