ഒളിമ്പിക്‌സില്‍ അഭിമാനം കാത്ത താരങ്ങള്‍ക്ക് ബിഎംഡബ്യൂ കൈമാറി സച്ചിന്‍

sachin
ഹൈദരാബാദ്: ‘ഇന്ത്യന്‍ കായികലോകത്തെ വിസ്മയിപ്പിക്കുന്ന നിമിഷമാണിത്. യാത്ര ഇവിടെ തുടങ്ങുന്നു. ഈ യാത്ര ഇവിടെ അവസാനിക്കില്ലെന്ന് എനിക്കുറപ്പുണ്ട്. ഞങ്ങളെല്ലാം ആ യാത്രക്കൊപ്പം ചേരുന്നു. നിങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും. രാജ്യമൊട്ടാകെ ആഹ്ലാദത്തിലാണ്. ഇനിയും നിങ്ങളില്‍ നിന്നും മെഡലുകള്‍ പ്രതീക്ഷിക്കുന്നു. മഹത്തരമായ കാര്യങ്ങള്‍ വരാനിരിക്കുന്നതേ ഉള്ളൂ’. റിയോ ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ കായികതാരങ്ങള്‍ക്ക് കാര്‍ സമ്മാനിച്ച വേളയില്‍ സച്ചിന്‍ പറഞ്ഞ വാക്കുകളാണിവ.

റിയോയില്‍ വെള്ളി മെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പിവി സിന്ധു, വെങ്കലം നേടിയ ഗുസ്തി താരം സാക്ഷി മാലിക്ക്, ജിംനാസ്റ്റിക്കില്‍ നാലാം സ്ഥാനത്തെത്തിയ ദിപ കര്‍മാക്കര്‍, സിന്ധുവിന്റെ പരിശീലകന്‍ പുല്ലേല ഗോപീചന്ദ് എന്നിവര്‍ക്ക് ബിഎംഡബ്ലിയു കാര്‍ പാരിതോഷികമായി നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

sachin1ഹൈദരാബാദ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡണ്ട് ചാമുണ്ടേശ്വര്‍നാഥ് ആണ് നാല് പേര്‍ക്കും ആഡംബര കാര്‍ നല്‍കിയത്. ചടങ്ങിന് ശേഷം താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്താണ് സച്ചിന്‍ മടങ്ങിയത്. ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയായ സച്ചിന്‍ സിന്ധുവിന്റെ പരിശീലകന്‍ ഗോപീചന്ദിനേയും അഭിനന്ദിച്ചു.

‘ഇഷ്ട ഭക്ഷണവും കാര്യങ്ങളുമെല്ലാം മാറ്റിവെച്ചുള്ള കായിക താരങ്ങളുടെ കഠിന പരിശീലനത്തേയും സച്ചിന്‍ പരാമര്‍ശിച്ചു.നിരവധി കാര്യങ്ങള്‍ ത്യജിച്ചുകൊണ്ടുള്ള നിങ്ങളുടെ ഒരുക്കം മത്സരത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഹാരക്രമം പാലിക്കേണ്ടി വന്നു, മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കേണ്ടി വന്നു. നിങ്ങളെക്കുറിച്ചോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു’ സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login