ഒ.എന്‍.വി സ്മൃതി

ചവറ സുരേന്ദ്രന്‍പിള്ള


ഭാരതത്തിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജഞാനപീഠം ബഹുമതി ലഭിച്ച പത്മശ്രീ ഒ.എന്‍.വി കുറുപ്പിന്റെ രണ്ടാം ചരമ വാര്‍ഷികദിനമാണ് ഫെബ്രുവരി 13. ജ്ഞാനപീഠം ലഭിച്ച ധന്യനിമിഷത്തില്‍ പോലും കടലും കായലും കൈത്തോടും ഇഴചേര്‍ന്നു നില്‍ക്കുന്ന ജന്‍മനാടിനെയും നിസ്വരായ അവിടുത്തെ ജനങ്ങളെയും അഭിമാനത്തോടെ സ്മരിച്ച മഹാകവിയെ ഓര്‍മ്മിക്കാന്‍ ഒരുദിവസം. വിശ്വമാനവനായി വളര്‍ന്ന കവിയുടെ ജന്‍മഗ്രഹത്തില്‍ തീര്‍ത്ഥാടകരായി എത്തി കവിയെ സ്മരിക്കുന്ന കര്‍മ്മത്തില്‍ ആയിരങ്ങളാണ് കവിയുടെ ജന്‍മഗ്രഹമായ ചവറ നമ്പ്യാടിക്കല്‍ വീട്ടില്‍ എത്തിച്ചേരുന്നത്. യുറേനിയം സംപുഷ്ടമായ കരിമണലിന്റെ അപൂര്‍വ്വശേഖരമായ ചവറ ലോകപ്രശസ്തമാണ്. 2010 ല്‍ ചവറയുടെ പ്രിയപ്പെട്ട കവി ഒ.എന്‍.വി യ്ക്കുലഭിച്ച ജഞാനപീഠം പുരസ്‌ക്കാരത്തിലൂടെ ചവറ ഗ്രാമം പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിയിരിന്നു.
സാഹിത്യ നഭോമണ്ഡലത്തില്‍ ഭാവനാസ മുല്‍കൃഷ്ടമായ അത്ഭുതസിദ്ധികള്‍ കൊണ്ട് അപൂര്‍വ്വമായ സൗന്ദര്യ പ്രപഞ്ചം സൃഷ്ടിച്ച് ജഞാനപീഠം കയറിയ ഒഎന്‍വി നാലാരപതിറ്റാണ്ട് മുമ്പെഴുതിയ
പൊന്നരിവാളമ്പിളിയില്
കണ്ണെറിയുന്നോളേ,
ആമരത്തിന്‍ പൂന്തണലില്
വാടിനില്‍ക്കുന്നോളേ,
പുല്‍ക്കുടിലില്‍ പൊന്‍കതിരാം
കൊച്ചുറാണിയാളേ
കണ്‍കുളിരേ, നിനക്കുവേണ്ടി
നമ്മളൊന്നുപാടാം

എന്ന കവിത ഇന്നും യുവാക്കള്‍ക്ക് ആവേശമാണ്. നമ്മുടെ രാജ്യത്തെ പ്രക്ഷുബ്ധമാക്കിയ രാഷ്ട്രീയ -സാമൂഹിക – സാംസ്‌ക്കാരിക വിപ്ലവത്തിന്റെ സംഗീതമാണ് ഒ.എന്‍.വിയുടെ കവിതകള്‍ എല്ലാം തന്നെ. ധീരമായെങ്കിലും മധുരമായി അദ്ദേഹം പല കവിതകളില്‍ പല ഈണങ്ങളില്‍, മാറ്റുവിന്‍ ചട്ടങ്ങളെ എന്ന് പാടിയെന്നാണ് ശ്രേഷ്ഠ പണ്ഡിതനായ എന്‍.വി. കൃഷ്ണവാര്യര്‍ പറഞ്ഞത്. ഒ.എന്‍.വി യുടെ സംഗീതം ജനഹൃദയങ്ങളിലേക്ക് കിനിഞ്ഞിറങ്ങി. കൂടെ വിപ്ലവത്തിന്റെ സന്ദേശവും. എങ്കിലും സന്ദേശത്തേക്കാളേറെ സംഗീതമായിരുന്നു ഒ.എന്‍.വിയുടെ സവിശേഷത. അതായിരുന്നു അദ്ദേഹത്തെ വിപ്ലവഗായകരുടെ സംഘത്തിനുള്ളില്‍വച്ചും വേര്‍തിരിച്ചു കാട്ടിയതെന്നാണ് അര നൂറ്റാണ്ട് മുമ്പ് കൃഷ്ണവാര്യര്‍ ഒ.എന്‍.വിയെക്കുറിച്ച് പറഞ്ഞത്. ഒരു കാലഘട്ടത്തില്‍ ഒ.എന്‍.വി വിപ്ലവകവിയായിരുന്നു. അമ്പതുകളിലെ അദ്ദേഹത്തിന്റെ രചനകള്‍ തനിപോലിറ്റേറിയന്‍ സാഹിത്യത്തിന് ഉദാഹരണങ്ങളായിരുന്നു. 1951 ല്‍ പ്രസിദ്ധീകരിച്ച സമരത്തിന്റെ സന്തതികള്‍, പൊരുതുന്ന സൗന്ദര്യം 1954 ല്‍ പ്രസിദ്ധീകരിച്ച എന്റെ പുന്നാര അരിവാള് 1961 ലെ നീലക്കണ്ണുകള്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

പക്ഷെ വിപ്ലവങ്ങള്‍ വഞ്ചിക്കപ്പെടുകയും ലോകമെങ്ങുമുള്ള ദര്‍ശനങ്ങള്‍ക്ക് നിറം മങ്ങുകയും ചെയ്തപ്പോള്‍ അഗാധമായ ഹൃദയാസ്വാസ്ഥ്യങ്ങളെയും ആത്മാനുഭൂതികളെയും ഭാവനയുടെ സംഗീത സാന്ദ്രമായ കവിതകളാക്കി മാറ്റുകയായിരുന്നു ഒ.എന്‍.വി. മയില്‍പ്പീലിയും, നീലക്കണ്ണും ഒരു തുള്ളിവെളിച്ചവും വീരതാണ്ഡവനും കസ്തൂരിമാനും ഒക്കെ ഇതിന് നിദാനങ്ങളാണ്. സ്വന്തം അത്മഗീതത്തിന്റെ ചൈതന്യവത്തായ ഒരു ശൈലി ഒ.എന്‍.വിയ്ക്കുണ്ട്.

ചങ്ങമ്പൂഴയുടെ പദകോമളമായ സംഗീതധാരയെ അനുകരിച്ച ഒ.എന്‍.വി ചങ്ങമ്പുഴയുടെ ആരാധകനായിരുന്നു. ഒടുവില്‍ അനുകരണീയമായ സ്വന്തം അത്മഗീതത്തിന്റെ ചൈതന്യവത്തായ ഒരു ശൈലി രൂപപ്പെടുത്തി. ഒഎന്‍വിയുട കവിതയ്ക്കാരോടും കടപ്പാടില്ല. അദ്ദേഹം എഴുതിയതില്‍ ഒരു വരി പോലും വെറുതെ ആയില്ല. സൂര്യനും, ഭൂമിയും,ആകാശവും, നക്ഷത്രങ്ങളും പുഷ്പങ്ങളുമൊക്കെ ഒഎന്‍വി കവിതകളുടെ അടിസ്ഥാനബിംബങ്ങളാണ്. ഹൃദയത്തിന്റെ അഗാധതലങ്ങളില്‍ നിന്ന് കിനിയുന്നവയാണ് ഓരോ വരികളും അവ വായനക്കാരന്റെയും ശ്രോതാവിന്റെയും ഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങി മങ്ങാതെ മറയാതെ നില്‍ക്കുന്നു.
വേദനിക്കിലും വേദനിപ്പിക്കിലും
വേണമീ സ്‌നേഹബന്ധങ്ങളൂഴിയില്‍ബ
എത്ര ദുഖകരമായാലും ഭൂമിയില്‍ സ്‌നേഹബന്ധങ്ങളുണ്ടാകണമെന്ന് കവി എത്രയോ നാളുകള്‍ക്ക് മുമ്പേ തിരിച്ചറിഞ്ഞു. ജാതിയുടെയും മതത്തിന്റെയും വര്‍ഗ്ഗത്തിന്റെയും പേരില്‍ തമ്മില്‍ തല്ലുകയും തലകീറി നശിക്കുകയും ആയുധമെടുത്ത് പടനീക്കം നടത്തുകയും ചെയ്യുന്ന ഇക്കാലത്തും കവിയുടെ ഈ വരികള്‍ പ്രസക്തമല്ലേ.

ചവറയില്‍ ജനിച്ചുവളര്‍ന്ന ഒഎന്‍വിയ്ക്ക ചവറയിലെ തണുത്ത കരിമണ്ണും വളഞ്ഞു പുളഞ്ഞൊഴുകുന്ന കായലും നടവഴിയിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന പൂക്കൈതകളും ആര്‍ത്തിരമ്പുന്ന കടലും ഉപ്പുള്ള ജലവും കവിതയ്ക്ക് വിഷയങ്ങളായുരുന്നു. ചവറയുടെ മണ്ണില്‍ കാലുറപ്പിച്ച് നിന്നാണ് കവി കേരളീയനും ഭാരതീയനുമായത്. ചവറ എന്ന നാടും നമ്പ്യാടിയ്ക്കലെന്ന വീടും കവിയ്ക്ക് ഓക്‌സിജനാണെന്നാണ് മകന്‍ രാജീവ് പറഞ്ഞത്. തിരുവനന്തപുരത്ത് താമസിക്കുമ്പോഴും കവിയുടെ മനസ്സുനിറയെ ചവറയുടെ പ്രകൃതി സൗന്ദര്യമാണ്. സംസ്‌കൃത പണ്ഡിതനും പ്രസിദ്ധ ആയൂര്‍വേദ വൈദ്യനും ശ്രീമൂലം പ്രജാസഭയില്‍ മെമ്പറുമായിരുന്ന ഒ.എന്‍. കൃഷ്ണക്കുറുപ്പിന്റെ (കൊല്ലം) പുത്രനായി 1931 മെയ് 27 ന് ചവറ നമ്പ്യാടിയ്ക്കല്‍ വീട്ടിലാണ് ഒ.എന്‍ വേലുക്കുറുപ്പ് ജനിച്ചത്. ഒറ്റപ്ലാക്കല്‍ നീലകണ്ടഠക്കുറുപ്പ് എന്ന കുടുംബ പേരിലാണ് ഒഎന്‍വിയുടെ അച്ഛന്റെ കുടുംബം. തണ്ടളത്ത് ഗോവിന്ദക്കുറുപ്പിന്റെ മകള്‍ ലക്ഷ്മിക്കുട്ടിയമ്മയാണ് മാതാവ്. ഈ ദമ്പതിമാരുടെ മൂന്ന് മക്കളില്‍ ഇളയ മകനാണ് ഒഎന്‍വി. പരമേശ്വരന്‍ എന്ന പേരായിരുന്നു അച്ഛനമ്മമാര്‍ ആദ്യമിട്ട പേരെങ്കിലും അപ്പു എന്നായിരുന്നു വിളിച്ചു വന്നിരുന്നത്.

സ്വരാജ്യംബ എന്ന പത്രത്തിന്റെയും ശ്രീവാഴുംകോട് എന്ന മാസികയുടെയും പത്രാധിപര്‍ കൂടിയായിരുന്ന പിതാവിന് വെള്ളങ്ങോട്ട് കഥകളിയോഗം എന്ന സ്വന്തം കഥകളിയോഗവുമുണ്ടായിരുന്നു. ആദ്യം പിതാവില്‍ നിന്നു തന്നെയാണ് ഒഎന്‍വി സംസ്‌കൃതം പഠിച്ചത്. 1939 ല്‍ സംഭവിച്ച പിതാവിന്റെ മരണം ഒഎന്‍വിയെ തളര്‍ത്തിക്കളഞ്ഞു. പിതാവിന്റെ മരണശേഷം കൊല്ലത്തു നിന്നും ചവറ നമ്പ്യാടിയ്ക്കല്‍ വീട്ടിലേക്ക് താമസം മാറി. ചവറ ശങ്കരമംഗലം ഇംഗ്ലീഷ് ഹൈസ്‌ക്കൂളില്‍ അഞ്ചാംക്ലാസ്സില്‍ പഠനം തുടര്‍ന്നു. 1928 മാര്‍ച്ച് 31 ന് ചവറയില്‍ ജനിച്ചുവളര്‍ന്നു, പ്രശസ്ത നാടകകൃത്തായി തീര്‍ന്ന സി.എന്‍.ശ്രീകണ്ടഠന്‍നായരുടെ സൗഹൃദം സ്‌ക്കൂളില്‍ ഒഎന്‍വിയ്ക്ക് ആശ്വാസമായിരുന്നു.

ഒരു വിദ്യാഭ്യാസ വര്‍ഷത്തിന്റെ മദ്ധ്യത്തിലായിരുന്നു ഒഎന്‍വി ചവറ സ്‌ക്കൂളില്‍ വന്നുച്ചേര്‍ന്നത്. രണ്ടാമത്തെ പീരീഡിലാണ് ഹെഡ്മാസ്റ്ററുടെ മുറിയില്‍ എത്തിയത്. പ്യൂണ്‍ എന്നെ ക്ലാസ്സില്‍ കൊണ്ടു ചെന്നാക്കി. മുന്‍ ബഞ്ചില്‍ തന്നെ ഇരുത്തി. ആജാനബാഹുവായ ഗണിതശാസ്ത്ര അധ്യാപകന്‍ ചേര്‍ത്തലക്കാരന്‍ പത്മനാഭന്‍ സാര്‍ ക്ലാസ്സില്‍ വന്നു. അദ്ദേഹം ആദ്യമായി ആവശ്യപ്പെട്ടത് തലേദിവസത്തെ ഹോംവര്‍ക്ക് ചെയ്യാത്തവര്‍ എഴുന്നേറ്റ് നില്‍ക്കാനായിരുന്നു. ഞാന്‍ വാസ്തവത്തില്‍ ഹോംവര്‍ക്ക് ചെയ്യാത്തവനാണെങ്കിലും പുതുതായി വന്നത്‌കൊണ്ട് എഴുന്നേറ്റ് നില്‍ക്കണോ എന്ന് സംശയിച്ചു. ഒരുകാരണവശാലും കള്ളം പറയരുതെന്ന് അച്ഛനും അമ്മയും പഠിപ്പിച്ചിട്ടുണ്ടായിരുന്നതു കൊണ്ട് ഞാനും എഴുന്നേറ്റ് നിന്നു. അധ്യാപകന്‍ മുഖം നോക്കാതെ കണ്ണുകെട്ടിയ നീതിദേവതയെ പോലെ എഴുന്നേറ്റു നിന്ന നാലഞ്ചുകുട്ടികളില്‍ ആദ്യമേകണ്ട എന്റെ കയ്യില്‍ പഴയ ഒരു പെന്‍സിലിന്റെ റബ്ബറിരിക്കുന്ന ഭാഗത്തെ റബ്ബര്‍ ഊരിക്കളഞ്ഞ് അതിന്റെ തകരംകൊണ്ട് അമര്‍ത്തി നുള്ളി. വേദനകൊണ്ട് എന്റെ കണ്ണില്‍ നിന്ന് പൊന്നീച്ചപാറി. ഞാന്‍ പുതുതായി വന്നതാണെന്ന് ചിലകുട്ടികള്‍ വിളിച്ചു പറഞ്ഞു. എന്നെ രൂക്ഷമായി നോക്കികൊണ്ട് എന്നാല്‍ അത് നേരുത്തെ പറയണ്ടെ എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഒന്നും പറഞ്ഞില്ല. ആ അനുഭവത്തില്‍ നിന്ന് ഞാന്‍ ആദ്യം പഠിച്ച പാഠം സത്യം പറഞ്ഞാല്‍ ചിലപ്പോള്‍ മേലുനോവുമെന്ന കാര്യമാണ്.ബപിന്നീടുള്ള എന്റെ കാവ്യ ജീവിതത്തിലും സാംസ്‌ക്കാരിക പൊതു ജീവിതത്തിലുംബഅല്‍പസ്വല്‍പ്പം രാഷ്ട്രീയ ജീവിതത്തിലുമുടനീളം ഞാന്‍ പഠിച്ച പാഠം അതാണ്. എന്നാല്‍ നോവും എന്നതുകൊണ്ട് സത്യം പറയാതിരിക്കരുത് എന്നത് ഈ കാര്യം തിരിച്ചിട്ടാല്‍ കിട്ടുന്നതാണ്. ഇക്കാര്യം ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നുണ്ടെന്ന് ഒഎന്‍വി ഒരിക്കല്‍ പറയുകയുണ്ടായി.

കൊല്ലം എസ്.എന്‍. കോളേജില്‍ നിന്നും ധനതത്വശാസ്ത്രത്തില്‍ ബി.എയും, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും മലയാളം എം.എ ഒന്നാം റാങ്കോടും കൂടിയാണ് ഒഎന്‍വി പാസായത്. കമ്മ്യൂണിസ്റ്റ്കാരനായതുകൊണ്ട് ഉദ്യോഗം നിഷേധിക്കപ്പെട്ടു. 1957 ല്‍ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് ജോലി കിട്ടിയത്. 1957 ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ ലെക്ച്ചററായി. 1958 മുതല്‍ 25 വര്‍ഷക്കാലം തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജില്‍ തുടര്‍ന്നു. 1982 മുതല്‍ 1987 വരെ കേന്ദ്രസാഹിത്യ അക്കാഡമി അംഗമായിരുന്നു. 1986 മെയ് 31 ന് തിരുവനന്തപുരം വിമണ്‍സ് കോളേജില്‍ നിന്ന് വിരമിച്ച ശേഷം ഒരു വര്‍ഷം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു.

പതിനാലാമത്തെ വയസ്സില്‍ മുന്നോട്ട് എന്ന കവിത ചവറ ഒഎന്‍വികുറുപ്പ് എന്ന പേരില്‍ സ്വരാജ്യം വാരികയില്‍ പ്രസിദ്ധീകരിച്ചു. 1949 ല്‍ കൊല്ലത്ത് നടന്ന പുരോഗമന സാഹിത്യ സമ്മേളനത്തില്‍ വായിച്ച അരിവാളും രാക്കുയിലും സമ്മാനം നേടി. പൊരുതുന്ന സൗന്ദര്യം, ദാഹിക്കുന്ന പാനപാത്രം മുതലായ ആദ്യകാല കൃതികള്‍ ജനങ്ങളെ ഒഎന്‍വിയുടെ ആരാധകരാക്കി . പക്ഷേ അദ്ദേഹം അവയെ ബാലചാപല്യമായെ ഗണിച്ചിരുന്നുള്ളൂ. അഗാധവിസ്തൃതമായ വായനയാണ് അദ്ദേഹത്തെ സ്വതന്ത്ര ചിന്തകനായ മനീഷിയാക്കിയത്. 1958 ല്‍ വിവാഹിതനായി. കോഴിക്കോട് കൊണ്ടയൂരിലെ പണ്ടാരത്തില്‍ പുത്തന്‍കുളത്തില്‍ സരോജിനി, മഹാരാജാസ് കോളേജില്‍ ഒഎന്‍വിയുടെ ശിക്ഷ്യയായിരുന്നു. രണ്ട്മക്കള്‍ രാജീവനും, മായാദേവിയും. തിരുവനന്തപുരം അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജരാണ് രാജീവന്‍. സംഗീത സംവിധായകന്‍ കൂടിയാണ്. ബ്രിട്ടണിലെ ന്യൂകാസിലില്‍ ഗൈനക്കോളജിസ്റ്റാണ് ഡോ.മായാദേവി.

ജഞാനപീഠത്തിന് മുമ്പ് തന്നെ അദ്ദേഹത്തെ തേടിയെത്തിയ പുരസ്‌ക്കാരങ്ങള്‍ നിരവധിയാണ്. പന്ത്രണ്ട് തവണ ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഒഎന്‍വിയ്ക്ക് ലഭിച്ചിട്ടുണ്ട്. 1971 ല്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് (അഗ്നിശലഭങ്ങള്‍), 1971 ല്‍ കേന്ദ്രസാഹിത്യ അവര്‍ഡ് (അക്ഷരം), 1980 ല്‍ സോവിയറ്റ് ലാന്റ് നെഹറു അവാര്‍ഡ് (ഉപ്പ്), 1982 ല്‍ വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡ് (ഉപ്പ്), 1986 ല്‍ വിശ്വദീപം അവാര്‍ഡ് (ഭൂമിക്കൊരു ചരമഗീതം), 1989 ല്‍ ഭാരതീയ ഭാഷാപരിഷത്തിന്റെ ഫില്‍വാര അവാര്‍ഡ് (മൃഗയ), മഹാകവി ഉള്ളൂര്‍ അവാര്‍ഡ് (ശാര്‍ങ്ങ പക്ഷികള്‍), 1989 ല്‍ ഭാരതീയ ചലച്ചിത്ര അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് (മൃഗയ), 1992 ല്‍ കെ.കെ. നായര്‍ അവാര്‍ഡ്, 1993 ല്‍ ആശാന്‍ സ്മാരക അവാര്‍ഡ് (അപരാഹ്നം), 1995 ല്‍ തെലുങ്കു മഹാകവി ഖുറം ജോഷ്വാ ജന്‍മ ശദാബ്ദി അവാര്‍ഡ് (ഉജ്ഞയിനി). 1998 ല്‍ പത്മശ്രീ അവാര്‍ഡ്, 1999 ല്‍ കേരള കലാമണ്ഡലം ഫെലോഷിപ്പ്, 2007 ല്‍ സംസ്ഥാന എഴുത്തച്ഛന്‍ പുരസ്‌കാകരം, 2009 ല്‍ യെസിനിന്‍ പുരസ്‌ക്കാരം, 2010 ല്‍ ജ്ഞാനപീഠം………… ഇങ്ങനെ പോകുന്നു ഒഎന്‍വിയെ തേടിയെത്തിയ അവാര്‍ഡുകള്‍ .കവിയുടെ ജന്‍മം കൊണ്ട് അനുഗ്രഹിതാമായ ചവറ എന്ന ഗ്രാമവും ഗ്രാമവാസികളും ഒന്നിച്ച് കവിയുടെ ചരമ വാര്‍ഷിക ദിനം സമുചിതമായി ആചരിക്കുകയാണ്. പുഷ്പാര്‍ച്ചന, സ്മൃതി സമ്മേളനം, കാവ്യാര്‍ച്ചന തുടങ്ങിവയാണ് പരിപാടികള്‍. വിവിധ കോളേജ്, സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും തീര്‍ത്ഥാടകരായി കവിയെ സ്മരിക്കാനായി കവിഗ്രഹത്തില്‍ എത്തും..

 

You must be logged in to post a comment Login