ഓഗസ്റ്റ് മാസത്തിലെ ജൈവകൃഷിരീതികള്‍..

കുരുമുളക്
കുരുമുളകിന് രണ്ടാം ഗഡു വളം ഓഗസ്റ്റ് മാസം അവസാനത്തോടെ അല്ലെങ്കില്‍  സെപ്റ്റംബര്‍ ആദ്യം ചേര്‍ക്കാം. അഞ്ച് കിലോ കാലി വളം, അരക്കിലോ ചാരം, ഒരു കിലോ ഗ്രാം വേപ്പിന്‍ പിണ്ണാക്ക് ഇവ തടത്തില്‍ ചേര്‍ത്ത് കൊടുക്കണം. മൂന്നു വര്‍ഷം പ്രായമായ കൊടിക്കാണ് ഈ അളവില്‍ വളം ചേര്‍ക്കേണ്ടത്. ഒരു വര്‍ഷം പ്രായമായ കൊടിക്ക് ഇതന്‍രെ മൂന്നിലൊന്നും, രണ്ടു വര്‍ഷം പ്രായമായതിനാല്‍ മൂന്നില്‍ രണ്ടും വളം ചേര്‍ക്കാം.കാലവര്‍ഷം ശമിക്കുന്നതോടെ തടത്തില്‍ 0.2 ശതമാനം വീര്യമുള്ള കോപ്പര്‍ ഓക്‌സി ക്ലോറൈഡ് അഞ്ച് മുതല്‍ പത്തു ലിറ്റര്‍ വരെ കോടിയുടെ പ്രയമനുസരിച്ച് ഒഴിച്ചു കൊടുക്കാവുന്നതാണ്
ജാതി
കളം നീക്കം ചെയ്ത് വളം ചേര്‍ക്കണം. ഒരു വര്‍ഷം പ്രായമായ തൈക്ക് 10 കിലോ കാലിവളം അല്ലെങ്കില്‍  10 കിലോ കമ്പോസ്റ്റ് ചേര്‍ക്കാം. ഒരോ വര്‍ഷവും അഞ്ച് കിലോ വീതം വളം കൂട്ടിക്കൊടുത്ത് 15 വര്‍ഷം പ്രായമായ ചെടിക്ക് 50 കലോ വരെ ചേര്‍ക്കാം. 50 കിലോ വളം ചേര്‍ക്കുമ്പോള്‍ അത് മൂന്ന് പ്രാവശ്യമായിട്ട് ഇടേണ്ടതാണ്. ചില്ല കരിയുന്നുണ്ടെങ്കില്‍ ബോര്‍ഡോ മിശ്രിതം തളിക്കണം
 തെങ്ങ്
തെങ്ങിന്‍ തൈ നട്ട് മൂന്നു മാസം പ്രായം ആകുമ്പോള്‍ ആദ്യത്തെ വളം ചേര്‍ക്കാം. ഒരു കുട്ട ചാണകവും, രണ്ട് കിലോ ചാരവും 75 ഗ്രാം അസോസ്‌പൈറില്ലവും ചുറ്റും ചേര്‍ക്കുക.എണ്ണക്കുരുക്കള്‍ക്ക് സള്‍ഫര്‍ അത്യാവശ്യമാണ്. മഗ്നീഷ്യം ഇലകള്‍ക്ക് നല്ല പച്ചനിറം നല്‍കും. കൂമ്പ് ചീയല്‍ രോഗം കണ്ടു തുടങ്ങുന്ന മാസമാണ് ഓഗസ്റ്റ്. കൂമ്പോലകള്‍ക്ക് ചുറ്റും ഒരു നിര ഓലകള്‍ മഞ്ഞളിക്കുന്നത് ആദ്യ ലക്ഷണമാണ്. ഇങ്ങനെകണ്ടാല്‍ കൂമ്പോലകള്‍ വെട്ടിമാറ്റി മണ്ട വൃത്തിയാക്കുക അഴുകിത്തുടങ്ങുന്ന ഭാഗങ്ങള്‍ ചെത്തിക്കളഞ്ഞ് ബോര്‍ഡോ കുഴമ്പ് തേക്കണം. പിന്നീട് വിസ്താരമുള്ള ഒരു ചട്ടികൊണ്ട് ഈ ഭാഗം മൂടി വെയ്ക്കുക. മണ്ടയില്‍ ബോര്‍ഡോ മിശ്രിതം തളിക്കുന്നത് മച്ചിങ്ങ പൊഴിച്ചില്‍ തടയും. 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് അല്ലെങ്കില്‍ മരോട്ടി പിണ്ണാക്ക് മണലുമായി കൂട്ടിച്ചേര്‍ത്ത് തെങ്ങിന്‍ കവിളില്‍ നിറയ്ക്കുന്നത് ചെല്ലി അക്രമണത്തെ തടയും. ചെമ്പന്‍ ചെല്ലിക്കെതിരേയും ഇത് ഫലപ്രദമാണ്
Untitled-1 copyഇഞ്ചി/ മഞ്ഞള്‍
ഏക്കറിന് മൂന്ന് ടണ്‍ എന്ന കണക്കിന് ചവറ് വെയ്ക്കുക. ചവറ് അളിയുന്നതോടെ മേല്‍ വളം ചേര്‍ക്കാവുന്നതാണ്. അസോസ്‌പൈറില്ലം ഒരു ഹെക്ടറിന്  രണ്ടര കിലോ എന്ന കണക്കില്‍ ചേര്‍ത്ത് കൊടുക്കാം. കളകള്‍ നീക്കം ചെയ്ത ശേഷം മണ്ണിട്ട് കൊടുക്കണം. മൂടു ചീയല്‍ കണ്ടാല്‍ കേടുവന്ന മൂടുകള്‍ പിഴുതെടുത്ത് നശിപ്പിച്ച ശേഷം ബോര്‍ഡോ മിശ്രിതം കൊണ്ട് കുതിര്‍ക്കണം
വാഴ
നേന്ത്ര വാഴയുടെ വിളവെടുപ്പ് ആരംഭിക്കുന്നു. കുല വെട്ടിയ വാഴയുടെ സൂചിക്കന്നുകള്‍ പിരിച്ചെടുത്ത് നടാന്‍ തയ്യാറാക്കാം. വേരുകള്‍ നീക്കി തണ്ട് അരയടി നീളത്തില്‍ നിറുത്തി മുറിച്ച ശേഷം ചാണകവെള്ളത്തില്‍ മുക്കി ചാരം പൂശി നാല് ദിവസം വെയിലത്ത് വെയ്ക്കണം. പിന്നീട് രണ്ടാഴ്ച തണലത്ത് മഴ തണയാതെ സൂക്ഷിച്ച് നടാന്‍ ഉപയോഗിക്കണം. നട്ട് മൂന്നു മാസം പ്രായമായ വാഴയുടെ ഇടയ്ക്ക് വിതച്ച പയറു വെട്ടി വാഴച്ചോട്ടിലിട്ട് മൂടാം. നാലാം മാസം നേന്ത്രന് പത്തി കിലോ ചാണകം 100 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ് അരകിലോ ചാരം എന്നിവ ചേര്‍ക്കാം
നെല്ല്
വരിപ്പില്‍ നട്ട പാടങ്ങളില്‍ രണ്ടാം ഗഡു വളം ചേര്‍ക്കാം. പോള രോഗവും പോള അഴുകലും പ്രത്യക്ഷപ്പെടാം. വെള്ളം കെട്ടി നിന്നാല്‍ പോള രോഗം കൂടുതലാകും. രണ്ടു ദിവസത്തേക്ക് കഴിയുമെങ്കില്‍ പാടം ഉണങ്ങാന്‍ അനുവദിക്കുക. സ്യൂഡോമോണോസ് ഫഌറസെന്‍സ് 20 ഗ്രാം ഒരു ലിറ്റര്‍ എന്ന അളവില്‍ സ്‌പ്രേ ചെയ്യാം. ബാക്ടീരിയ വാട്ടത്തിനെതിരേ ചാണക സ്ലറി തളിക്കുന്നത് നല്ലതാണ്‌

 

 

You must be logged in to post a comment Login