ഓഗ്ബച്ചെക്ക് ഇരട്ട ഗോള്‍; ബ്ലാസ്‌റ്റേഴ്‌സിന് ജയം 

ഓഗ്ബച്ചെക്ക് ഇരട്ട ഗോള്‍; ബ്ലാസ്‌റ്റേഴ്‌സിന് ജയം 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‍സിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‍സിന്റെ ജയം.

ആറാം മിനിറ്റിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‍സ് എ.ടി.കെ. കൊൽക്കത്തയ്ക്കെതിരേ ലീഡ് വഴങ്ങി. ഐറിഷ് താരം കാള്‍ മക്ഹ്യൂവാണ് തകര്‍പ്പന്‍ ഹാഫ് വോളിയിലൂടെ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചത്. സ്കോർ 0–1

ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച കോർണർ കിക്കിൽനിന്നാണ് കേരള ബ്ലാസ്റ്റേഴ്‍സിന്റെ സമനില ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. എ.ടി.കെ ബോക്സിലേക്ക് പറന്നിറങ്ങിയ പന്ത് പുറത്തേക്കു നീങ്ങവെ ഓടിയെത്തിയ ഓഗ്ബച്ചെ തലകൊണ്ടു ചെത്തി ബോക്സിന് നടുവിലേക്കിട്ടു. പന്തു ക്ലിയർ ചെയ്യാനുള്ള എടികെ പ്രതിരോധത്തിന്റെ ശ്രമം പിഴച്ചതോടെ പന്ത് ബ്ലാസ്റ്റേഴ്സ് താരം ജയ്റോ റോഡ്രിഗസിന് ഗോൾപ്പാകം. ഷോട്ടെടുക്കാനുള്ള ശ്രമത്തിനിടെ റോഡ്രിഗസിനെ എടികെയുടെ പ്രണോയ് ഹാൾദാർ വലിച്ചിട്ടു. റഫറിയുടെ വിരൽ പെനൽറ്റി സ്പോട്ടിലേക്ക്. കിക്കെടുത്ത ക്യാപ്റ്റൻ ബർത്തലോമിയോ ഓഗ്‌ബച്ചെയ്ക്ക് പിഴച്ചില്ല. പന്തു നേരെ വലയിൽ. സ്കോർ 1–1.

നാൽപത്തിയഞ്ചാം മിനിറ്റിയിലായിരുന്നു ഒഗബെച്ചെയുടെ വെടിയുണ്ട ഗോൾ. വലതു പാർശ്വത്തിൽ നിന്ന് പ്രശാന്താണ് ബോക്സിന്റെ മധ്യഭാഗത്തേയ്ക്ക് ഒരു താഴുന്നുപറന്ന ക്രോസ് കൊടുത്തത്. പ്രണോയ് ഹാൽദാർ പന്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ചെങ്കിലും കിട്ടാതിരുന്ന പന്തു ചെന്നെത്തിയത് ഒഗബെച്ചെയുടെ കാലിൽ. ഒരു വെടിയുണ്ട ഹാഫ് വോളിയിലൂടെ എ.ടി.കെ വലകുലുക്കി. സ്കോര്‍ 2-1

Embedded video

മലയാളി താരങ്ങളിൽ കെ.പ്രശാന്തിനെ മാത്രം ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് കളിക്കാനിറങ്ങിയത്. സഹൽ അബ്ദുൽ സമദ്, കെ.പി. രാഹുൽ, ഗോൾകീപ്പർ ഷിബിൻ രാജ് എന്നിവർ ‍പകരക്കാരുടെ ബെഞ്ചിലായിരുന്നു.

You must be logged in to post a comment Login