ഓട്ടോ എക്‌സ്‌പോ: പങ്കെടുക്കില്ലെന്ന് ഫോക്‌സ്‌വാഗനും ജനറല്‍ മോട്ടോഴ്‌സും

 

അടുത്ത വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കില്ലെന്നു ഫോക്‌സ്‌വാഗന്‍ ഗ്രൂപ്പ് അടക്കമുള്ള പ്രമുഖ നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചു. ജര്‍മന്‍ വാഹന നിര്‍മാണ ഗ്രൂപ്പായ ഫോക്‌സ്‌വാഗനു പുറമെ ഇന്ത്യയില്‍ വാഹന വില്‍പ്പന അവസാനിപ്പിക്കുമെന്നു പ്രഖ്യാപിച്ച യു എസ് നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സും 2018 ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കില്ല. ഫോക്‌സ്‌വാഗനു പുറമെ ഗ്രൂപ്പ് കമ്പനികളായ ഔഡിയും സ്‌കോഡയുമാണ് ഓട്ടോ എക്‌സ്‌പോയ്ക്കില്ലെന്നു വ്യക്തമാക്കിയത്.

ചെലവാകുന്ന പണത്തിനൊത്ത മൂല്യം കിട്ടുന്നില്ലെന്ന വിലയിരുത്തലും പങ്കാളിത്തം കൊണ്ടു കാര്യമായ പ്രയോജനമില്ലെന്ന തിരിച്ചറിവുമാണു വാഹന നിര്‍മാതാക്കളെ ഓട്ടോ എക്‌സ്‌പോയില്‍ നിന്ന് അകറ്റുന്നതെന്നാണു സൂചന. ജാപ്പനീസ് നിര്‍മാതാക്കളായ നിസ്സാനും യു എസില്‍ നിന്നുള്ള ഫോഡും ഇരുചക്രവാഹന നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡും ബജാജ് ഓട്ടോയുമൊക്കെ 2018 ഓട്ടോ എക്‌സ്‌പോയ്‌ക്കെത്തില്ലെന്ന അഭ്യൂഹം ശക്തമാണ്.

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ അടുത്ത ഫെബ്രുവരിയിലാണ് ഓട്ടോ എക്‌സ്‌പോ അരങ്ങേറുക. ഇന്ത്യന്‍ വാഹന നിര്‍മാതാക്കളുടെ സൊസൈറ്റിയായ ‘സയാം’ വാണിജ്യ – വ്യാപാര സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) എന്നിവരാണു പരിപാടിയുടെ സംഘാടകര്‍. നിലവിലുള്ള നിര്‍മാതാക്കള്‍ വിട്ടുനില്‍ക്കുമ്പോഴും പുതിയ കമ്പനികളായ കൊറിയന്‍ കിയ, ചൈനീസ് എസ് എ ഐ സി, ഫ്രഞ്ച് പ്യുഷൊ തുടങ്ങിയവര്‍ ഓട്ടോ എക്‌സ്‌പോയ്‌ക്കെത്തുമെന്നു പ്രഖ്യാപിച്ചത് സംഘാടകര്‍ക്ക് ആശ്വാസമാകുന്നുണ്ട്.

ഔഡിക്കും സ്‌കോഡയ്ക്കും പുറമെ ഡ്യുകാറ്റി, പോര്‍ഷെ, ലംബോര്‍ഗിനി തുടങ്ങിയ ബ്രാന്‍ഡുകളുടെയും ഉടമകളായ ഫോക്‌സ്‌വാഗന്‍ ഗ്രൂപ്പ് ഓട്ടോ എക്‌സ്‌പോയില്‍ നിന്നു പിന്‍മാറാനുള്ള തീരുമാനം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 2018 ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നില്ലെന്നാണു ഗ്രൂപ്പിന്റെ നിലപാടെന്ന് ഫോക്‌സ്‌വാഗന്‍ ഗ്രൂപ്പ് സെയില്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ തിയറി ലെസ്പിയോക് വ്യക്തമാക്കി. മുന്‍ എക്‌സ്‌പോകളില്‍ പങ്കെടുത്ത അനുഭവം ആഹ്ലാദകരമായിരുന്നെന്നും 2020ല്‍ തിരിച്ചെത്താനാവുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വിശദീകരിച്ചു.

You must be logged in to post a comment Login