ഓണം ചരിത്രത്തിന്റെ അടിവേരുകള്‍ പലമയുടെ പൊരുള്‍

  • സി. ഗണേഷ്

ഓണത്തെക്കുറിച്ച് ചരിത്രകാരന്‍ാര്‍ എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നതെന്ന് അന്വേഷിക്കുന്നത് രസകരമാണ്. കാരണം ഇന്നത്തെ ഓണം പിന്നിട്ട വഴികളാണ് ഇവര്‍ പറഞ്ഞുവെക്കുന്നത്. നമ്മുടെ ഓണാഘോഷത്തിന്റെ കാലികമായ വളര്‍ച്ചയും മാറ്റവും അത് വ്യക്തമാക്കുന്നു. സഞ്ചാരികളുടെ വിവരണങ്ങളില്‍ ഓണം കൗതുകമേറിയ ആഘോഷമാണ്. അതിപ്രാചീനകാലം മുതല്‍ വിദേശരാജ്യങ്ങളുമായി നിലനിന്ന വ്യാപാരബന്ധം പല സഞ്ചാരികളേയും കേരളത്തിലേക്ക് ആകര്‍ഷിച്ചിരുന്നു.

ഓണത്തെക്കുറിച്ച് ഏറ്റവും പഴക്കമുള്ള വിവരം ലഭിക്കുന്നത് ജേക്കബ് ഫിനിഷ്യൊയുടെ കൃതിയിലാണ്. ഇന്നത്തെ ജനമനസ്സുകളിലുള്ള ഓണൈതിഹ്യം തന്നെയാണ് ഫിനിഷ്യൊ പറയുന്നത്. പക്ഷേ ഓഗസ്റ്റ് മാസത്തെ തിരുവോണംനാളാണ് ഓണമെന്ന് പറഞ്ഞിരിക്കുന്നു. വിഷ്ണു മാവേലിയെ നിഷ്‌കാസിതനാക്കി, സ്വര്‍ഗത്തിന്റെ കാവല്‍ക്കാരനാക്കി മാറ്റി. വര്‍ഷത്തിലൊരുനാള്‍ പ്രജകളെ കാണുവാനുള്ള അനുവാദവും നല്‍കി. ഈ ദിവസമാണ് ഓണമായി ആഘോഷിക്കുന്നത്. ഉയര്‍ന്നവനെന്നും താഴ്ന്നവനെന്നുമുള്ള വ്യത്യാസമില്ലാതെ ഈ ദിവസം എല്ലാവരും നല്ല വസ്ത്രം ധരിക്കണമെന്നും അഞ്ചുകൂട്ടം കറികളടങ്ങിയ സദ്യ കഴിക്കണമെന്നും വിഷ്ണു ആജ്ഞാപിച്ചു. ഓണക്കാലത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലും ആളുകള്‍ സംഘം തിരിഞ്ഞ് മരവടികൊണ്ടും അമ്പു കൊണ്ടും മത്സരയുദ്ധങ്ങള്‍ നടത്തുന്നു. ആയുധം ഉപയോഗിക്കാതെ മുഖത്ത് പരസ്പരം അടിക്കുകയും വയറ്റില്‍ കുത്തുകയും ചെയ്യുന്ന തല്ല്    നടത്തുമെന്നും ഫിനിഷ്യോ പറയുന്നുണ്ട്. വിഷ്ണു മാവേലിയെ സ്വര്‍ഗത്തിന്റെ കാവല്‍ക്കാരനാക്കി എന്ന അധികം പ്രചാരം നേടിയിട്ടില്ലാത്ത കഥ വിവരണത്തെ വ്യത്യസ്തമാക്കുന്നു.

ഓണത്തിന് രാമായണവുമായി ബന്ധമുള്ളതായി ആരെങ്കിലും പറഞ്ഞുകേട്ടിട്ടുണ്ടോ ? ഉണ്ട്. 1717 നും 1723 നും ഇടയ്ക്ക് കേരളത്തില്‍ താമസിച്ചിരുന്ന കാന്റര്‍ വിഷര്‍ പറയുന്നത് ഓണം ശ്രീരാമന്റെ പത്‌നി സീതയുടെ ജന്‍മദിനമാണ് എന്നാണ്. ചിലര്‍ നാലുദിവസവും മറ്റു ചിലര്‍ ഏഴുദിവസവും ആചരിക്കുന്ന ഓണത്തിന് വീടുകള്‍ക്കു മുമ്പില്‍ ഒരു കൂമ്പാരമുണ്ടാക്കി അതിനുമേല്‍ ചാണകം മെഴുകി പൂക്കള്‍ വിതറി പുതിയ ആടയുടുപ്പിച്ച് വിഷ്ണുബിംബവും വിഷ്ണുവിന്റെ ഭക്ഷണമായി നാളികേരമുറിയും വെക്കുന്നതിനെക്കുറിച്ച് പറയുന്നു. മത്സ്യം കഴിക്കുന്നവര്‍ അന്നേദിവസം അത് കഴിക്കുകയില്ല എന്ന് എടുത്തുപറയുന്നു. ഓണത്തല്ലും വിഷര്‍ ചൂണ്ടിക്കാണിക്കുന്നു.

‘അത്തം പത്തോണം’ എന്ന ചൊല്ലാണ് നമുക്ക് പരിചിതം. എന്നാല്‍ അങ്ങനെ അഭിമാനിക്കാന്‍ വരട്ടെ. ഓണം 8 ദിവസത്തെ ആഘോഷമാണെന്നാണ് ബര്‍ത്തലോമിയോയുടെ കണ്ടെത്തല്‍. 1777 മുതല്‍ 1789 വരെ കേരളത്തിലുണ്ടായിരുന്ന ബര്‍ത്തലോമിയോ സന്തോഷപ്രദവും ഫലപ്രദവുമായ ഒരാണ്ടിനായുള്ള അഭ്യര്‍ത്ഥനയാണ് ഓണമെന്ന് പറഞ്ഞുകൊണ്ട് എല്ലാവരും മതിമറന്നാഹ്ലാദിക്കുന്ന സമയമാണിതെന്ന് രേഖപ്പെടുത്തുന്നു. ഓണാഘോഷം എട്ടുദിവസത്തെയാണെന്നു പറയുന്ന ബര്‍ത്തലോമിയോ ആളുകള്‍ വീടും പരിസരവും വൃത്തിയാക്കുന്നതും ചാണകം മെഴുകി പുഷ്പം കൊണ്ടലങ്കരിക്കുന്നതും കണ്ടിട്ടുണ്ട്. പലരും മണ്‍പാത്രങ്ങള്‍ കളഞ്ഞ് പുതിയതു വാങ്ങിക്കുന്ന പതിവുള്ളതായി പറയുന്നു. പശു പുണ്യമൃഗമായതിനാലാണ് ചാണകം മെഴുകുന്നതെന്നു വ്യക്തമാക്കിയശേഷം പുതുവസ്ത്രങ്ങള്‍ ധരിക്കുന്നത് സൂചിപ്പിക്കുന്നുണ്ട്. ഓണക്കളികളില്‍ അമ്പെയ്ത്ത്, ഗ്രീക്ക് റോമന്‍ കായികമത്സരങ്ങളോട് സാമ്യമുള്ളതാണെന്നും രേഖപ്പെടുത്തുന്നു.

കുരുമുളക്, ലഹരിപദാര്‍ത്ഥം എന്നിവയാണ് ഓണത്തിന് പ്രധാനമെന്ന് ബുക്കാനന്‍ പറയുമ്പോള്‍ ചൊടിച്ചിട്ട് കാര്യമുണ്ടോ ? ഫ്രാന്‍സിസ് ബുക്കാനന്‍ (1800) എഴുതിയ കുറിപ്പില്‍ ചിങ്ങമാസത്തില്‍ ഓണത്തിനുവേണ്ടി ആളുകള്‍ ചുരുങ്ങിയ വിലക്ക് കുരുമുളകു കച്ചവടം ചെയ്യുന്നതു പറയുന്നു. ഓണക്കാലത്ത് അവര്‍ കിട്ടാവുന്ന നല്ല നല്ല സാധനങ്ങള്‍ സംഭരിക്കുകയും, ആര്‍ഭാടവസ്തുക്കള്‍ക്കും ലഹരിപദാര്‍ത്ഥങ്ങള്‍ക്കും വേണ്ടി ധാരാളം പണം ചെലവഴിക്കുകയും ചെയ്യുന്നു. മദ്യപിച്ച് ഉന്‍മത്തമായ അവസ്ഥയില്‍ ഇവര്‍ വഴക്കും വക്കാണവും ഉണ്ടാക്കുക സാധാരണമാണ്. ഓണക്കാലത്ത് കൊലക്കുറ്റത്തിന് ശിക്ഷ നല്‍കാറില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. ഓണം മഹാബലി നാടുകാണാന്‍ വരുന്ന ദിവസമാണെന്ന് നമ്മള്‍ പറയുമ്പോള്‍ കൊച്ചിയുടെ കൊച്ചിയുടെ ഭൂതകാലത്തെക്കുറിച്ച് പുസ്തകമെഴുതിയ ഫ്രാന്‍സിസ് ഡേ പറയുന്നത് മറ്റൊന്നാണ്. ഓണക്കാലത്ത് നാടുകാണാന്‍ വരുന്നത് വിഷ്ണുവാണത്രേ. തൃപ്പൂണിത്തുറയില്‍ പട്ടത്താനം നല്‍കുന്നത് സൂചിപ്പിക്കുന്നു. എന്നാല്‍ മഹാബലിയെക്കുറിച്ച് പരാമര്‍ശിക്കുന്നേയില്ല. ജര്‍മ്മന്‍കാരനായ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഏറെക്കാലം കേരളത്തില്‍ താമസിക്കുകയും 1872 ല്‍ മലയാളം നിഘണ്ടു പുറത്തിറക്കുകയും ചെയ്തു. ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവില്‍ ഓണം എന്ന പദത്തിന് ശ്രാവണം, ഒരു നക്ഷത്രസമൂഹം, ഉത്തരനക്ഷത്രവ്യൂഹം എന്നൊക്കെ അര്‍ത്ഥം നല്‍കിയശേഷം പരശുരാമന്‍ കേരളം സന്ദര്‍ശിക്കുന്നതാണെന്ന് പറയുന്നു. ഓണക്കാഴ്ച, ഓണത്തല്ല് എന്നിവയ്ക്ക് ഗുണ്ടര്‍ട്ട് നല്‍കുന്ന അര്‍ത്ഥങ്ങള്‍ക്ക് ഓണവുമായി ബന്ധമില്ല എന്നതും ശ്രദ്ധേയം.

മലബാറിലെ നായന്‍മാരുടെ ചരിത്രമെഴുതിയ എഫ് ഫൗസെറ്റ് ആചാരം, കളികള്‍, ഉത്സവങ്ങള്‍ എന്നിവയെക്കുറിച്ചു പറയുമ്പോള്‍ ആദ്യം പരാമര്‍ശിക്കുന്നത് ഓണമാണ്. മഹാബലിയോ വിഷ്ണുവോ പരാമര്‍ശിക്കുന്നില്ല. കളികളില്‍ അമ്പെയ്ത്താണ് ഫൗസെറ്റിനെ ആകര്‍ഷിച്ചിട്ടുള്ളത്. കുറുമ്പ്രനാട്ടിലെ നായ•ാര്‍ നടത്തിയ അമ്പെയ്ത്താണ് ഫൗസെറ്റ് രേഖപ്പെടുത്തുന്നത്. പാലക്കാടിനു സമീപപ്രദേശങ്ങളില്‍ ജ•ികളുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന തല്ലിനെക്കുറിച്ചും പറയുന്നുണ്ട്. ജോണ്‍ മര്‍ഡോക്കിന്റെ ഓണത്തില്‍ മഹാബലി രാത്രിയിലാണ് നാടുകാണാനെത്തുന്നത്. കേരളസാഹിത്യചരിത്രത്തില്‍ ഉള്ളൂര്‍ രേഖപ്പെടുത്തുന്നത് പത്താംശതകത്തില്‍ ജനവിഭാഗങ്ങളുടെ അനൈക്യം അവസാനിപ്പിക്കാന്‍ മാമാങ്കത്തിലെ തീരുമാനമനുസരിച്ച് ഭാസ്‌കര രവിവര്‍മ്മന്‍ എന്ന ചേരമാന്‍പെരുമാള്‍ ഭരണമേറ്റടുത്തപ്പോള്‍ കേരളീയര്‍ക്ക് ആരാധ്യനായ മഹാബലിയെ മുന്‍നിര്‍ത്തി ഒരു മാസം നീണ്ടുനില്‍ക്കുന്ന ദേശീയോത്സവം ആഘോഷിക്കണമെന്നു വിളംബരമുണ്ടായി എന്നാണ്. മതപരമായ ഉത്സാഹം വര്‍ദ്ധിച്ച് ഐക്യബോധം ഊട്ടിയുറപ്പിക്കുക, ബുദ്ധമതപ്രചാരണം തടയുക, കേരളീയരുടെ വീര്യം ഉത്തേജിപ്പിക്കുക എന്നിവയായിരുന്നത്രേ  ലക്ഷ്യങ്ങള്‍.ആറ്റൂര്‍ കൃഷ്ണപിഷാരടി, ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഭാസ്‌കര രവിവര്‍മ്മനാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചതെന്നു വിശ്വസിക്കുന്നു. ആറ്റൂര്‍ ക്രിസ്തുവര്‍ഷം 620 നും 670 നും ഇടയ്ക്കുവെച്ചാണ് ഓണാഘോഷം ആദ്യമായി ആരംഭിച്ചു നടപ്പിലാക്കപ്പെട്ടതെന്നും 36 പെരുമാക്ക•ാരില്‍ ഒടുവിലത്തെയാളുമായ ഭാസ്‌ക്കര രവിവര്‍മ പെരുമാളാണ് ഇതേര്‍പ്പെടുത്തിയതെന്നും പറയുന്നു.
‘മലബാര്‍ മാന്വലില്‍’ വില്യം ലോഗന്‍ ഓണൈതിഹ്യത്തെ ചേരമാന്‍പെരുമാള്‍ കാലവുമായി ബന്ധിപ്പിക്കുന്നു. പ്രജകളുടെ ക്ഷേമാന്വേഷണത്തിനായി പരശുരാമന്‍ അഥവാ വിഷ്ണു ഭൂമിയിലേക്കു വരുന്ന ദിവസമാണ് തിരുവോണം.

മഹാബലി എന്ന രാജാവ് നാടുവാണിരുന്ന സുവര്‍ണകാലഘട്ടത്തെക്കുറിച്ചുള്ള ഓര്‍മയാണതെന്നും സൂചിപ്പിച്ചശേഷം ലോഗന്‍ ഇങ്ങനെ തുടരുന്നു: ”മലയാളനാട്ടില്‍ രണ്ടുകൊല്ലവര്‍ഷങ്ങള്‍ നടപ്പിലുണ്ടെന്നു പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. വടക്കന്‍കൊല്ലവര്‍ഷം എ.ഡി. 825 ആഗസ്ത് 25 ന് തുടങ്ങുന്നു…. ഇതേ കാലത്തും സമയത്തുമാണ് ചേരമാന്‍പെരുമാള്‍ എന്ന് മാപ്പിളമാര്‍ പറയുന്ന കേരളരാജാക്ക•ാരില്‍ അവസാനത്തെ ആളെന്ന് ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ വിശ്വസിക്കുന്ന ഒരു മലബാര്‍ രാജാവ് മുഹമ്മദനിസം സ്വീകരിക്കുകയും അറേബ്യയിലേക്കുപോവുകയും അവിടെ സാഫാര്‍ എന്ന സ്ഥലത്ത് അന്ത്യനിദ്രകൊള്ളുകയും ചെയ്തത്. സാഫാറില്‍ ഇപ്പോഴും കാണാം അദ്ദേഹത്തിന്റെ ബലികുടീരം. മാത്രമല്ല 825 ആഗസ്ത് 25 എന്ന തീയതി ഓണം ആഘോഷിക്കുന്ന തീയതിയാണെന്നു കാണുക. ചേരമാന്‍പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ച് മക്കത്തേക്കു പോയതിനുശേഷം അദ്ദേഹം മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഓണം ആഘോഷിക്കുന്നതെന്ന വിശ്വാസം മറ്റു ചരിത്രഗ്രന്ഥങ്ങളൊന്നും പറയുന്നില്ല. മത സമന്വയത്തിന്റെ പുതിയ പൂക്കള്‍ വിരിയിക്കാവുന്ന ഈ ചരിത്ര കാഴ്ച പക്ഷെ ഇരുട്ടില്‍ മുക്കുകയാണ് മലയാളി ചെയ്തത്.

കെ.പി. പത്മനാഭമേനോനാണ് ഓണത്തെക്കുറിച്ച് വിവരം നല്‍കുന്ന മറ്റൊരു ചരിത്രകാരന്‍. കൊയ്ത്തുകാല ഉത്സവമായ ഓണത്തിന് കേരളത്തിലെ പ്രകൃതി സജ്ജമായി നില്‍ക്കുന്നതായി അദ്ദേഹം എഴുതുന്നു. ഓണത്തെക്കുറിച്ച് പ്രബലമായുള്ള ഐതിഹ്യം തന്നെയാണ് പത്മനാഭമേനോന്‍ രേഖപ്പെടുത്തുന്നത്. ടി.കെ. ഗോപാലപ്പണിക്കരും, എം.എം. അനന്തറാമും ഐതിഹ്യം ആവര്‍ത്തിക്കുന്നുണ്ട്. ഇന്നും പ്രചാരത്തിലുള്ള ഐതിഹ്യത്തിന്റെ ആധുനികമുഖം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലെ ചരിത്രകൃതികള്‍ കാണിക്കുന്നു. തൃക്കാക്കരയില്‍ ഇരുപത്തെട്ടുദിവസം നീണ്ടുനിന്ന ഉത്സവമുണ്ടായിരുന്നതായും എല്ലാ രാജാക്കന്‍മാരും സാമന്തന്‍മാരും ഇടപ്രഭുക്കളും എത്തിക്കൊള്ളണമെന്ന് ചക്രവര്‍ത്തിയുടെ അനുശാസനമുണ്ടായിരുന്നെന്നും പറയുന്നുണ്ടെങ്കിലും തൃക്കാക്കരയിലാണ് ഓണത്തിന്റെ ഉല്‍പത്തിയെന്ന് പത്മനാഭമേനോന്‍ രേഖപ്പെടുത്തിയിട്ടില്ല. അത്തച്ചമയം അനുശാസനത്തിന്റെ സ്മരണയാണെന്ന് സൂചിപ്പിക്കുന്നു. ആഘോഷം ആരംഭിച്ചത് തൃക്കാക്കരയിലാണെന്നു വിശ്വസിക്കുമ്പോഴും  ഇപ്പോള്‍ (അതായത് കേരളചരിത്രം എഴുതപ്പെടുന്ന 1920 കളില്‍) തൃക്കാക്കരക്ഷേത്രപ്രദേശം കാടുമൂടിക്കിടക്കുകയാണെന്നു സൂചിപ്പിക്കുന്നു. ഓണത്തിന്റെ പ്രധാനചടങ്ങുകളായി ഓണക്കോടിയേയും ഓണസദ്യയേയും കണക്കാക്കുന്നു. കാരണവരാണ് ഓണക്കോടി നല്‍കുന്നത്. ഓണക്കോടി മഞ്ഞനിറത്തിലുള്ളതായിരിക്കണമെന്നും ഏതെങ്കിലുമൊരുഭാഗത്ത് മഞ്ഞനിറം വേണമെന്നും നിബന്ധനയുണ്ടായിരുന്നു.

മൂവായിരത്തിലേറെ കൊല്ലം മുമ്പ് അസ്സീറിയായിലെ നിനവേ നഗരത്തിലുണ്ടായ ഒരു രാജാവോ ഒന്നിലേറെ രാജാക്കന്‍മാരോ ആണ് നമ്മുടെ മാവേലി എന്നും ആ രാജാവിന്റെ കാലത്ത് അസ്സീറിയായില്‍ താമസിച്ചിരുന്നപ്പോള്‍ നമ്മുടെ പ്രപിതാമഹന്‍മാര്‍ ആഘോഷിച്ചു വന്ന ആഘോഷമാണ് ഓണമെന്നും എന്‍. വി. കൃഷ്ണവാരിയര്‍ അഭിപ്രായപ്പെടുന്നു. ഓണത്തിന്റെ ഉല്‍പത്തി ബലിയോടു ബന്ധപ്പെടുത്തി നടത്തുന്ന നിരീക്ഷണമാണിത്. അസ്സീറിയായിലെ പ്രാചീനനിവാസികളായിരുന്നു അസുരന്‍മാര്‍ എന്ന നിഗമനത്തിലൂന്നി സുമേറിയന്‍മാര്‍ സ്ഥാപിച്ച ”അസ്സുര്‍” എന്ന നഗരത്തെ ബൈബിളിലെ ബാബിലോണായി പറയുന്നു. ബലിയുടെ പുത്രനായ ബാണന്റെ രാജധാനിയായിരുന്ന ശോണിതപുരത്തെ ഹരിവംശത്തില്‍ വ്യവഹരിക്കുന്നത് ‘രുധിരപുരം’ എന്നാണെന്നും ഇതു തന്നെയാണ് പഴയനിയമ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന നിനവേ എന്നും അതിക്രൂരന്‍മാരായ അസുരന്‍മാരുടെ മര്‍ദനം കൊണ്ടു കഷ്ടപ്പട്ട ജനത അപ്രകാരം വിളിച്ചതില്‍ അത്ഭുതമില്ലെന്നും വിശദീകരിക്കുന്നു. മൂവായിരം കൊല്ലം മുമ്പ് ഇതേ നഗരത്തിലുണ്ടായിരുന്ന ഒരു രാജാവോ രാജപരമ്പരയോ ആണ് മാവേലി എന്ന നിഗമനത്തിലാണ് എന്‍.വി എത്തുന്നത്. ബാബിലോണുകാരുടേയും അസുരന്‍മാരുടേയും  ഏറ്റവും പ്രധാനമായ വാര്‍ഷികോത്സവം ചിങ്ങത്തില്‍ത്തന്നെയായിരുന്നു എന്നും  ചൂണ്ടിക്കാണിക്കുന്നു. സുമേറിയക്കാരുടെ സിക്ഷുറാത്ത് എന്ന പ്രതിഷ്ഠയ്ക്ക് ഓണക്കാലത്ത് വെക്കാറുള്ള തൃക്കാക്കരയപ്പനുമായി ഛായയുള്ള കാര്യം സൂചിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ ദേശീയോത്സവമായ ഓണം പാണ്ഡ്യരാജധാനിയായിരുന്ന മധുരയില്‍ മഹോത്സവമായി കൊണ്ടാടിയിരുന്നതായും എന്‍.വി രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ പൂര്‍വികര്‍ പ്രാചീന അസ്സീറയക്കാരാണെന്ന എന്‍.വി. കൃഷ്ണവാരിയരുടെ വിലയിരുത്തല്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ മുന്നോട്ടുകൊണ്ടുപോവുന്നു. ”പ്രാചീന അസ്സീറിയായില്‍ നിന്ന് ചരിത്രാതീതകാലത്ത് ഭാരതത്തിലെത്തിയ ഗോത്രത്തലവനായിരിക്കണം ഭാരതീയ പുരാണങ്ങളില്‍ വിവരിക്കുന്ന പരശുരാമന്‍  എന്ന് അദ്ദേഹം പറയുന്നു.  ഒരു കാലത്ത് അസ്സീറിയായില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത ഇവര്‍ അവരുടെ നാട്ടില്‍ നടപ്പിലുണ്ടായിരുന്ന പല ആചാരങ്ങളും ഇവിടേയും ആചരിച്ചിരിക്കണം. അങ്ങിനെ അവര്‍ തങ്ങളുടെ നാട്ടില്‍ ആചരിച്ചിരുന്ന പുതുവര്‍ഷാഘോഷവും വിളവെടുപ്പ് മഹോത്സവും ഇവിടെയും ആഘോഷിച്ചിരിക്കണം. ഈ രണ്ടാഘോഷങ്ങളും കൂടി പില്‍ക്കാലത്ത് ഒന്നിച്ചാചരിച്ചതില്‍ നിന്ന് രൂപപ്പെട്ടുവന്നതായിരിക്കണം കേരളീയരുടെ ഓണാഘോഷം. ‘ഓണത്തിന്റെ ചരിത്രം’ എന്നപേരില്‍ ഒരു ഗ്രന്ഥം തന്നെ ചേലങ്ങാട്ടിന്റെതായിട്ടുണ്ട്. പുരാണങ്ങളിലെ കഥകള്‍ പരിശോധിച്ചുകൊണ്ട് പരശുരാമന്റെ അഭീഷ്ടപ്രകാരമാണ് കേരളീയര്‍ ഓണമാഘോഷിച്ചു വരുന്നതെന്ന് പറയുന്നു. കൂടാതെ ബലിയെന്ന പേരോടുകൂടിയ ഒരു രാജാവ് കേരളത്തിലോ ഭാരതത്തിലോ ഭരണം നടത്തിയിരുന്നു എന്നുള്ളതിന് തെളിവുകളൊന്നുമില്ലെന്നും എന്നാല്‍ മഹാബലി എന്നര്‍ത്ഥം വരുന്ന മാവേലി എന്ന പേര് സ്വീകരിച്ചിട്ടുള്ള ഒന്നിലധികം രാജാക്കന്‍മാര്‍ ഭരണം നടത്തിയിരുന്നതായും പറയുന്നു.

പുരാണേതിഹാസങ്ങളുടെ ചുവടുപിടിച്ചുള്ള ഓണത്തിന്റെ അന്വേഷണത്തെ ശങ്കുഅയ്യര്‍ എതിര്‍ക്കുന്നു. ഓണത്തിനു കാരണക്കാരനായ മാവേലി പുരാണങ്ങളില്‍ പറയുന്ന മഹാബലിയല്ലെന്നാണ് ഇദ്ദേഹം വാദിക്കുന്നത്. മഹാബലിയെ വംശോല്‍പാദകനായി കരുതിയിരുന്ന ഒരു രാജവംശം പാണ്ടിനാട്ടില്‍ ഉണ്ടായിരുന്നെന്നും അവര്‍ സ്വയം മാവേലിവാണാദിരായന്‍മാര്‍ എന്നാണു വിളിച്ചതെന്നും  ക്രി. വ. 1100നും 1300നും ഇടയ്ക്ക് മദ്ധ്യതിരുവിതാംകൂറില്‍ കിഴക്കന്‍ ഭാഗങ്ങള്‍ അടക്കിവാണ രാജാവിനെ ഓര്‍മിച്ചുകൊണ്ടുള്ളതാണ് ഓണമെന്ന് ശങ്കുഅയ്യര്‍ പറയുന്നു. കേരളത്തിലെ ഒരു നാട്ടുരാജാവിന്റെ ഓര്‍മക്കായാണ് ഓണം ആഘോഷിക്കുന്നതെന്ന് കെ.എന്‍. ഗോപാലപിള്ളയും വിശ്വസിക്കുന്നു. ഉത്തരേന്ത്യയില്‍ നിന്നും ചേരരാജ്യം ആക്രമിക്കാന്‍ വന്ന സമുദ്രഗുപ്തനെ യുദ്ധത്തില്‍ നേരിട്ട ചേരരാജാവായ മന്നന്‍ മഹാബലിയുടെ അവതാരമാണെന്നാണ് ജനങ്ങള്‍ വിശ്വസിച്ചിരുന്നത്. അങ്ങിനെയാണ് ഓണത്തിന് മഹാബലിയെ ആദരിക്കാന്‍ തുടങ്ങിയതെന്നാണ് കെ.എന്‍.ഗോപാലപിള്ളയുടെ വിശദീകരണം. എല്ലാ വിഭാഗം ജനങ്ങളുടേയും ആദികേരളീയര്‍ ബാബിലോണിയക്കാരാണെന്നും പാര്‍സിക ഐതിഹ്യത്തിലെ മാബല്‍ രാജാവാണ് മഹാബലിയെന്നും ചേരരാജാക്കന്‍മാരുമായി ഈ രാജവംശത്തിന് രക്തബന്ധമുണ്ടായിരുന്നതിനാലാണ് അവര്‍ മഹാബലി സ്മരണ നിലനിര്‍ത്തുന്ന ഓണം കൊണ്ടാടുവാന്‍ തീരുമാനിച്ചതെന്നും കേസരി ബാലകൃഷ്ണപിള്ള അഭിപ്രായപ്പെടുന്നു.

ഓണം ബുദ്ധമതത്തിന്റെ സംഭാവനയാണ് എന്ന വാദം പി. മീരാക്കുട്ടി അവതരിപ്പിക്കുന്നു. ബൗദ്ധനായിരുന്ന കേരളരാജാവിനെ ബഹിഷ്‌കരിച്ച് ആര്യമതം സ്ഥാപിച്ചതിന്റെ സ്മാരകമാണ് ഓണം. ”ഓണം, തിരുവോണം എന്നീ പദങ്ങള്‍ ശ്രാവണത്തിന്റെ തത്ഭവങ്ങളാണ്. ശ്രാവണം ബൗദ്ധമാണ്. ഓണക്കോടിയായി മഞ്ഞമുണ്ടും ഓണത്തിനു സവിശേഷമെന്നു കരുതപ്പെടുന്ന ഓണപ്പൂക്കളും ശ്രമണപദത്തിലേക്കു  പ്രവേശിച്ചവര്‍ക്കു ബുദ്ധദേവന്‍ മഞ്ഞവസ്ത്രം നല്‍കിയതിനെയാണു സൂചിപ്പിക്കുന്നത്. പള്ളിബാണപ്പെരുമാളുടെ പൂര്‍വികനായ ബലി എന്ന പെരുമാളുടെ ഓര്‍മ നിലനിര്‍ത്താനാണ് ഓണം തുടങ്ങിയതെന്ന് ചിലര്‍ കരുതുന്നുവെന്നും എന്നാല്‍ പള്ളിബാണപ്പെരുമാളല്ല, പള്ളിയില്‍ (ബൗദ്ധവിഹാരത്തില്‍)വാണ പെരുമാള്‍ എന്നാണ്  ഇതിനര്‍ത്ഥമെന്നും സംസ്‌കൃതപ്രഭാവമാണ് വാണ എന്ന പദത്തെ ബാണ എന്നാക്കിയത് എന്നും മീരാക്കുട്ടി അനുമാനിക്കുന്നു. മഹാബലിയുമായി ബന്ധപ്പെട്ട ഓണത്തിന്റെ സാധാരണമായ ഐതിഹ്യം പിന്നീടൊരു കാലത്ത് ഘടിപ്പിച്ചതാണ് എന്നാണ് കെ.ടി. രവിവര്‍മ്മ രേഖപ്പെടുത്തുന്നത്. ഓണോല്‍പത്തിയെ സംബന്ധിച്ചുള്ള എല്ലാ ഐതിഹ്യങ്ങളും സൂചനകളും പരാമര്‍ശിക്കുന്ന കെ.ടി. രവിവര്‍മ ഓണൈതിഹ്യത്തിന് പല കാലഘട്ടങ്ങളിലായി വികാസപരിണാമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നിരീക്ഷിക്കുന്നു.

അതിപ്രാചീനമായ നാടോടി പാരമ്പര്യത്തിന്റെ പരിഷ്‌കരിച്ച രൂപമായാണ് ഓണത്തെ അദ്ദേഹം നോക്കിക്കാണുന്നത്. ”പേരുപോലുമറിയാത്ത നാടോടിആചാരം, ഹൈന്ദവീകരണത്തോടുകൂടി നിലവില്‍ വന്ന ഓണമെന്ന ക്ഷേത്രോല്‍സവം, പരദേശത്തുനിന്നും സംക്രമിച്ച ബലി ആരാധന എന്നിവയുടെയെല്ലാം സമ്മിശ്രരൂപമാണ് മലയാളികളുടെ ദേശീയോത്സവം.
സാമൂഹികാഘോഷമെന്ന നിലയിലാണ് സഞ്ചാരികള്‍ ഓണത്തെ വിലയിരുത്തിയിരിക്കുന്നത് എന്നുപറയാം. സമൂഹം ഒന്നായി ആഘോഷത്തില്‍ പല രീതിയില്‍ തിമിര്‍ക്കുന്നതാണ് രേഖപ്പെടുത്തുന്നത്. ഓണം മലയാളിക്ക് ഒരു അനുഭൂതിയാണ്.

നൂറ്റാണ്ടുകളുടെ ചരിത്രവഴിയിലൂടെ സഞ്ചരിച്ച ഓണത്തെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്ചകള്‍ നമുക്കൊരു പാഠം തരുന്നു. ഓണം ഒന്നല്ല പലതാണ്. പലമകളുടെ ചരിത്ര വ്യത്യസ്തതയാണ് ഓണ സൗന്ദര്യത്തിന്റെ ഒരു രഹസ്യം. നാനാതരം ജനവിഭാഗങ്ങളുടെ തിമര്‍പ്പാണ് ഓണം. അതിനാല്‍ തന്നെ ഓണം ആര്‍ക്കും അന്യമല്ല. ആവുകയുമരുത്.

You must be logged in to post a comment Login