ഓണ്‍ലൈന്‍ ചാണക വില്‍പനയുമായി പുത്തന്‍ തരംഗം

മുമ്പ് ഒന്നോ രണ്ടോ സൈറ്റുകളില്‍ മാത്രം ലഭ്യമായിരുന്ന ചാണകം, ഇപ്പോള്‍ വമ്പന്മായ ആമസോണ്‍ വരെ ഏറ്റെടുത്തിരിക്കുകയാണ്. വിവിധ അളവില്‍, വിവിധ ഗുണങ്ങള്‍ അടങ്ങിയ ചാണകത്തിന് ആരാധകരും ഏറെയുണ്ട്.

cow dung
ന്യൂഡല്‍ഹി: ഇപ്പോള്‍ ഓണ്‍ലൈനില്‍ സുലഭമായി ലഭിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് ഗോശാലകളില്‍ നിന്നും ലഭിച്ചിരുന്ന ചാണകം. ‘ചാണകം ഞങ്ങളുടെ പക്കലുണ്ട്’ എന്ന് വിളിച്ച് പറയുന്ന പരസ്യങ്ങള്‍ക്കും ഇപ്പോള്‍ കുറവില്ല. ജൂണ്‍ 2016 ല്‍ രാഷ്ട്രീയക്കാര്‍ ചാണകത്തിന്റെ ഔഷധഗുണങ്ങളെ പ്രചരിപ്പിക്കുന്നതും, മൊബൈല്‍ ഫോണില്‍ റേഡിയേഷന്‍ നിയന്ത്രിക്കാന്‍ ചാണകം പുരട്ടിയാല്‍ മതിയെന്ന പുതിയ വാദവുമെല്ലാം വിപണിയില്‍ ചാണകത്തിന്റെ മൂല്യം ഉയര്‍ത്തിയിരിക്കുകയാണ്.

ഇകൊമേഴ്‌സ് സൈറ്റുകളെല്ലാം ഇപ്പോള്‍ ചാണകം മുന്നോട്ട് വയ്ക്കുന്ന സാധ്യതകളെ പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ്. മുമ്പ് ഒന്നോ രണ്ടോ സൈറ്റുകളില്‍ മാത്രം ലഭ്യമായിരുന്ന ചാണകം, ഇപ്പോള്‍ വമ്പന്മായ ആമസോണ്‍ വരെ ഏറ്റെടുത്തിരിക്കുകയാണ്. വിവിധ അളവില്‍, വിവിധ ഗുണങ്ങള്‍ അടങ്ങിയ ചാണകത്തിന് ആരാധകരും ഏറെയുണ്ടെന്ന് ഇകൊമേഴ്‌സ് സൈറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ആമസോണ്‍ ഉള്‍പ്പെടെ ഉള്ളവര്‍ രംഗത്തെത്തിയിട്ടുണ്ടെങ്കിലും, പശുവില്‍ നിന്നും ലഭിക്കുന്ന ഉത്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന ഗൊക്രാന്തി.ഒര്‍ജി (Gaukranti.org) മുതലായ സൈറ്റുകള്‍ക്കാണ് കൂടുതല്‍ പ്രിയം. പശു ഉത്പന്നങ്ങള്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സ്‌റ്റോര്‍ എന്നാണ് ഹോംപേജില്‍ ഗൊക്രാന്തി അവകാശപ്പെടുന്നത്.

ചാണകത്തില്‍ നിന്നും സംസ്‌കരിച്ച പെയിന്റുകളും, ശുദ്ധീകരിച്ച ഗോമൂത്രവും, ചാണക കേക്കുകളും എല്ലാം ഗൊക്രാന്തിയുടെ പ്രത്യകതകളാണ്. മാത്രമല്ല, ‘ഗൊപരിവാര്‍’ പദ്ധതിയില്‍ അംഗത്വവും, ഗൊക്രാന്തി ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

ശുദ്ധീകരണ പൂജകള്‍ക്കാണ് ഉപഭോക്താക്കള്‍ ചാണകം കൂടുതലായും വാങ്ങുന്നതെന്നും, നാടന്‍ പശുക്കളുടെ ചാണകമാണ് നിരയില്‍ മുന്നിട്ട് നില്‍ക്കുന്നത് എന്നും ഗൊക്രാന്തിയുെട പ്രതിനിധി പറയുന്നു. മുമ്പ്, ചാണകങ്ങള്‍ക്ക് വേണ്ടി ഗോശാലകളെ സമീപിക്കേണ്ടി വരുന്നവര്‍ക്ക് ഓണ്‍ലൈന്‍ സൈറ്റുകളുടെ വരവ് ആശ്വാസം പകരുന്നു.

You must be logged in to post a comment Login