ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പിന് പിന്നാലെ ഓണ്‍ലൈന്‍ ലോട്ടറിയിലൂടെയും തട്ടിപ്പ്; മലയാളികളില്‍ നിന്നും കവര്‍ന്നത് പതിനഞ്ചരക്കോടി

thattippuതിരുവനന്തപുരം: ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പിന് പിന്നാലെ ഇന്റര്‍നെറ്റ് വ്യാപാരത്തിലൂടെയും ഓണ്‍ലൈന്‍ ലോട്ടറിയിലൂടെയും മലയാളികളില്‍നിന്നും സൈബര്‍ തട്ടിപ്പ് സംഘം കവര്‍ന്നത് കോടികള്‍. ആറു മാസത്തിനിടെ പതിനഞ്ചരക്കോടി രൂപയാണ് ഇവര്‍ കവര്‍ന്നിരിക്കുന്നത്. ബാങ്ക് ഡേറ്റാ ബേസ് വിവരങ്ങള്‍ ചോര്‍ത്തി മലയാളികളുടെ കോടികള്‍ കവര്‍ന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് ഓണ്‍ലൈന്‍ തട്ടിപ്പു സംഘത്തിന്റെ മറ്റു സാമ്പത്തിക ഇടപാടുകള്‍ മറനീക്കിയത്. രാജ്യാന്തര കമ്പനികളുടെ ഓണ്‍ലൈന്‍ ലോട്ടറി നറുക്കെടുപ്പില്‍ വിജയികളായെന്നു കാട്ടിയാണ് തട്ടിപ്പുകള്‍ ഏറെയും നടന്നിരിക്കുന്നത്. സമ്മാനമായി ലഭിച്ച വന്‍തുക സ്വന്തമാക്കാന്‍ നികുതി അടയ്ക്കണമെന്ന പേരിലാണ് മലയാളികളില്‍ നിന്നും ഇവര്‍ പണം തട്ടിയത്. ഇങ്ങനെ ഇവര്‍ ഏഴരക്കോടി രൂപയാണ് നേടിയത്. ഇന്റര്‍നെറ്റ് വ്യാപാരത്തിനിടെ ഉപഭോക്താക്കളുടെ എടിഎം കാര്‍ഡിലെ രഹസ്യകോഡും ചോര്‍ത്തി ആറു കോടി രൂപ ഇവര്‍ കവര്‍ന്നിരുന്നു. ഇതോടെ വിവിധ ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ കേരളത്തില്‍ നിന്നും പതിനഞ്ചരക്കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്.
തട്ടിപ്പു ശൃംഖലയ്ക്കു രാജ്യാന്തര ബന്ധമുള്ളതിനാല്‍ അന്വേഷണം ഏറെ ശ്രമകരമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ശൃംഖലയുടെ രാജ്യാന്തരബന്ധമാണ് അന്വേഷണത്തിലെ പ്രധാനവെല്ലുവിളി. ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ കൂടുന്ന സാഹഹര്യത്തില്‍ അന്വേഷണം പുരോഗമിപ്പിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.

You must be logged in to post a comment Login