ഓണ്‍ലൈന്‍ ലോട്ടറി മാത്രം നിരോധിച്ചത് വിവേചനപരമെന്ന് അരുണാചല്‍ സര്‍ക്കാര്‍; വിധിക്കെതിരെ സുപ്രീംകോടതിയില്‍

നിരോധനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം ഉണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു

SUPREME COURT

ന്യൂഡല്‍ഹി: കേരളത്തില്‍ ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ച വിധിക്കെതിരെ അരുണാചല്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കി. ഓണ്‍ലൈന്‍ ലോട്ടറി മാത്രം നിരോധിച്ചത് വിവേചനപരമാണെന്ന് അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ ആരോപിച്ചു. ലോട്ടറി സംഘടിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന വിധി ഭരണഘടനാവിരുദ്ധമാണെന്ന് പുന:പരിശോധാ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 14,21 എന്നീ ഭരണഘടനാ അനുച്ഛേദങ്ങളുടെ ലംഘനമാണിത്.

നിരോധനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം ഉണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. നിരോധനം നീക്കിക്കൊണ്ട് ഇടക്കാല ഉത്തരവ് ഇറക്കണം എന്നായിരുന്നു ഉടമകളുടെ ആവശ്യം. കേന്ദ്ര നിയമം അനുശാസിക്കുന്നതുപോലെ തമിഴ്‌നാട്ടിലേതുപോലെ ലോട്ടറി ഫ്രീ സോണായിരിക്കണം. അല്ലെങ്കില്‍ പേപ്പര്‍ ലോട്ടറിയെ പോലെ തന്നെ ഓണ്‍ലൈന്‍ ലോട്ടറിയും സംസ്ഥാനത്ത് പ്രചരിപ്പിക്കണമെന്ന് പുന:പരിശോധനാ ഹര്‍ജിയില്‍ പറയുന്നു.

കേന്ദ്ര ലോട്ടറി നിയമപ്രകാരം ഓണ്‍ലൈന്‍ ലോട്ടറിയും കടലാസ് ലോട്ടറിയും തമ്മില്‍ വേര്‍തിരിവില്ലെന്നായിരുന്നു ഉടമകളുടെ വാദം. ഓണ്‍ലൈന്‍ ലോട്ടറി നിരോധിക്കുകയാണെങ്കില്‍ കടലാസ് ലോട്ടറിയും നിരോധിക്കണമെന്നും അവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സാന്റിയാഗോ മാര്‍ട്ടിന്‍ ഉള്‍പ്പടെ മൂന്ന് പേരാണ് അരുണാചലിന് വേണ്ടി ഓണ്‍ലൈന്‍ ലോട്ടറി വ്യാപാരം നടത്തുന്നത്.

ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു, ആര്‍ കെ അഗര്‍വാള്‍, അരുണ്‍ മിശ്ര, എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞ നവംബറില്‍ ഓണ്‍ലൈന്‍ ലോട്ടറി സംബന്ധിച്ച വിധി പ്രസ്താവിച്ചത്. എന്നാല്‍ എച്ച് എല്‍ ദത്തു വിരമിച്ചു. ഇനി പുന:പരിശോധനാ ഹര്‍ജി പരിഗണിക്കണമെങ്കില്‍ പുതിയ ഒരാളെ നിയമിക്കണം

You must be logged in to post a comment Login