ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി.സിന്ധുവിന് തോല്‍വി

ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് തോല്‍വി. വനിതകളുടെ സിംഗിള്‍സ് ഫൈനലില്‍ ജപ്പാന്റെ ഒകുഹര നൊസോമിയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് രണ്ടാം സീഡായ സിന്ധുവിനെ വീഴ്ത്തിയത്. വാശിയേറിയ മത്സരം അമ്പത് മിനിറ്റ് നീണ്ടുനിന്നു. സ്‌കോര്‍: 21-15, 21-18.

ആദ്യ ഗെയിമില്‍ തുടക്കത്തില്‍ തന്നെ ലീഡ് പിടിച്ച ഒകുഹാര ഒടുക്കം വരെ അതു നിലനിര്‍ത്തി. എന്നാല്‍, രണ്ടാം ഗെയിമില്‍ സിന്ധു ഉജ്വലമായി തിരിച്ചുവന്നു. ആറു പോയിന്റ് വരെ ഒകുഹര നല്ല ലീഡോടെ മുന്നേറിയെങ്കിലും പിന്നീട് സിന്ധു കനത്ത വെല്ലുവിളി ഉയര്‍ത്തി. ഓരോ പോയിന്റിനും ഇരുവര്‍ക്കും വിയര്‍ത്തു പൊരുതേണ്ടിവന്നു. 18-18 വരെ എത്തിയശേഷമാണ് സിന്ധു തോല്‍വി വഴങ്ങിയത്.

ഈ സീസണില്‍ ഇതുവരെ ഒരൊറ്റ വ്യക്തിഗത അന്താരാഷ്ട്ര കിരീടവും നേടാന്‍ ലോക അഞ്ചാം നമ്പര്‍ താരമായ സിന്ധുവിനായിട്ടില്ല. ഓള്‍ ഇംഗ്ലണ്ടിന്റെ സെമിയില്‍ തോറ്റ സിന്ധു ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടീമിനത്തില്‍ സ്വര്‍ണം നേടിയിരുന്നു.

You must be logged in to post a comment Login