ഓര്‍ത്തഡോക്‌സ് പീഡനം: ഫാദര്‍ ജോബ് മാത്യുവിന് ജാമ്യം

കോട്ടയം: കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഫാദര്‍ ജോബ് മാത്യുവിന് ജാമ്യം. കേസിലെ രണ്ടാം പ്രതിയാണ് ജോബ് മാത്യു.  കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് വിചാരക്കോടതിയില്‍ സമര്‍പ്പിക്കണം. ആഴ്ച്ചയില്‍ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം. ഇരയെയോ ബന്ധുക്കളെയോ സ്വാധീനിക്കരുതെന്നും കോടതി പറഞ്ഞു. നേരത്തെ, കേസിലെ മൂന്നാം പ്രതിയായ ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

ജോബ് മാത്യുവിന് മുൻപാണ് പീഡനത്തിനിരയായ യുവതി ആദ്യം കുമ്പസരിച്ചത്. ഇൗ കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് ജോബ് മാത്യു യുവതിയെ പീഡിപ്പിക്കുകയും മറ്റുള്ളവർക്കും പീഡിപ്പിക്കാൻ അവസരമൊരുക്കുകയും ചെയ്തുവെന്നാണ് പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നത്.

അതേസമയം, കേസിലെ ഒന്നാം പ്രതി ഫാദര്‍ അബ്രഹാം വര്‍ഗീസ് ഒളിവിലാണ്. കഴിഞ്ഞ ദിവസം പീഡനത്തിനിരയായ യുവതിയെ അധിക്ഷേപിക്കുന്ന തരത്തില്‍ വൈദികന്റെ അബ്രഹാം വര്‍ഗീസ് 12 മിനിട്ടുള്ള യൂട്യൂബ് സന്ദേശം പുറത്തിറക്കിയിരുന്നു.

വീട്ടമ്മയെ മാനഭംഗപ്പെടുത്തി എന്ന് പറയുന്ന സ്ഥലത്ത് താനുണ്ടായിരുന്നില്ലെന്നാണ് വൈദികന്‍ വ്യക്തമാക്കുന്നത്. പീഡിപ്പിച്ചുവെന്ന് പറഞ്ഞ സമയത്ത് താന്‍ ആന്ധ്രാപ്രദേശില്‍ ആയിരുന്നെന്ന് വൈദികന്‍ പറയുന്നു.

യുവതി ബലാത്സംഗത്തിനിരയായി എന്ന് പറയപ്പെടുന്ന കാലത്ത് താന്‍ സ്ഥലത്തില്ലായിരുന്നു എന്ന് എബ്രഹാം വര്‍ഗീസ് വീഡിയോയില്‍ അവകാശപ്പെടുന്നു. 2000ല്‍ താനും യുവതിയുമായി പ്രണയത്തിലായിരുന്നെന്നാണ് അവരുടെ പരാതിയില്‍ പറയുന്നത്. അവരുടെ പതിനേഴാം വയസ്സില്‍ താന്‍ ബലാത്സംഗം ചെയ്‌തെന്നും പരാതിയിലുണ്ട്.

എന്നാല്‍, ഇക്കാലത്തൊക്കെ താന്‍ വൈദികപഠനത്തിനായി മറ്റ് സ്ഥലങ്ങളിലായിരുന്നു. സഭയ്ക്കും ക്രൈബ്രാഞ്ചിനും നല്കിയ പരാതികളില്‍ ബലാത്സംഗത്തിനിരയായ സമയത്തെ പ്രായം സംബന്ധിച്ച് വ്യത്യസ്ത കാര്യങ്ങളാണ് യുവതി പറഞ്ഞിരിക്കുന്നത്. ഇത് തന്നെ യുവതിയുടെ മൊഴിയുടെ ആധികാരികത സംശയത്തിനിടയാക്കുന്നതാണെന്ന് എബ്രഹാം വര്‍ഗീസ് പറയുന്നു.

യുവതിയുടെ ആരോപണങ്ങളെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്ന് പറയുന്ന എബ്രഹാം വര്‍ഗീസ് യുവതിക്കും വീട്ടുകാര്‍ക്കും എതിരെ മോശമായ രീതിയില്‍ പ്രതികരിക്കുന്നുമുണ്ട്. യുവതിയെ മോഷണക്കുറ്റമാരോപിച്ചാണ് താന്‍ ജോലിയില്‍ നിന്ന് പുറത്താക്കിയതെന്ന് വീഡിയോയില്‍ പറയുന്നു. താന്‍ ഒളിവിലല്ലെന്നും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയപ്പോള്‍ മുതല്‍ താന്‍ സ്ഥലത്തുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് തിരക്കുകളിലായിപ്പോയതിനാലാണ് ഇത്തരമൊരു വിശദീകരണം വൈകിയതെന്നും വീഡിയോയില്‍ എബ്രഹാം വര്‍ഗീസ് പറയുന്നു.

എന്നാല്‍,വീഡിയോ വിവാദമായതോടെ വൈദികന്‍ വീഡിയോ യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന പ്രതിയാണ് അബ്രഹാം വര്‍ഗീസ്. ഒളിവിലിരുന്ന് വീണ്ടും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതിനെ കോടതിയും ഗൗരവമായി തന്നെ കാണാനാണ് സാധ്യത.കേസില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളായ രണ്ട് ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രിം കോടതിയില്‍ രഹസ്യ വാദം പൂര്‍ത്തിയാക്കിയിരുന്നു. ഹര്‍ജി വിധി പറയാനായി മാറ്റി. വൈദികരുടെ അറസ്റ്റിനുള്ള വിലക്ക് തുടരും. ഹര്‍ജിയില്‍ വിധി വരുന്നത് വരെ വൈദികരുടെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. ഉച്ചയ്ക്ക് 12.30 ന് ആരംഭിച്ച വാദം ഒന്നരയോടെ അവസാനിച്ചു.

ഒന്നാം പ്രതി സോണി വര്‍ഗീസ്, നാലാം പ്രതി ജെയ്‌സ് കെ ജോര്‍ജ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രിം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയെ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേട്ടത്. ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിച്ചായിരുന്നു രഹസ്യവാദം നടന്നത്.

കേസ് തുറന്ന കോടതിയിൽ കേൾക്കരുതെന്ന വൈദികരായ ഫാ. സോണി അബ്രഹാം വർഗീസ്, ഫാ. ജെയ്സ് കെ. ജോർജ് എന്നിവരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഈ ആവശ്യത്തെ സംസ്ഥാന സർക്കാരും എതിർത്തില്ല. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്ന് ഒഴിവാക്കി.രഹസ്യവാദമായതിനാൽ തന്നെ വൈദികരുടേയും സർക്കാരിന്റേയും അഭിഭാഷകർ മാത്രമായിരിക്കും കോടതിക്കുള്ളിൽ ഉണ്ടായിരിക്കുക.

ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ ഇന്ന് ഹർജി പരിഗണിക്കുന്നത് വരെ നപടികളെടുക്കരുതെന്ന് ജസ്റ്റിസുമാരായ സിക്രിയും അശോക് ഭൂഷണുമടങ്ങിയ ബെഞ്ച് സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. സംസ്ഥാനത്തിന് വേണ്ടി ഹാജരാകുന്നത് മുതിർന്ന അഭിഭാഷകൻ വി.ഗിരിയാണ്.

യുവതിയുടെ വാദങ്ങൾ മുഖവിലക്കെടുത്താൽ പോലും പീഡനകുറ്റം നിലനിൽക്കില്ലെന്നാണ് വൈദികരുടെ വാദം. മാനഭംഗപ്പെടുത്തിയെന്ന യുവതിയുടെ വാദം തെറ്റാണെന്നും ഉഭയ സമ്മതത്തോടെയുള്ള സൗഹൃദമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്നും ജെയ്സ് കെ.ജോർജിന്റെ ജാമ്യഹർജിയിൽ പറയുന്നു. പ്രതികൾ യുവതിയോട് വേട്ടമൃഗത്തെ പോലെ പെരുമാറിയെന്ന് മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ പരാമർശം നീക്കണമെന്നും ഇരുവരും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

You must be logged in to post a comment Login