ഓര്‍മ്മകളിലെ വിഷു

  • കൃഷ്ണാ നാനാര്‍പുഴ

വിഷുവെന്നാല്‍ തുല്യമെന്നര്‍ത്ഥം. പകലും രാത്രിയും തുല്യമായി വരുന്ന മേട സംക്രമ ദിവസമാണ് വിഷുവായി ആഘോഷിക്കുന്നത്. ഭാരതത്തിന്റെ ദക്ഷിണഭാഗത്തും വടക്കു കിഴക്കന്‍ ഭാഗങ്ങളിലും മേടസംക്രമം കാര്‍ഷികോത്സവമായി ആര്‍ഭാടത്തോടെ ആഘോഷിക്കുന്നു. കേരളത്തില്‍, പുതുവത്സരദിനമായി കരുതി വരുന്നത്‌കൊണ്ട് സര്‍വ്വ ഐശ്വര്യങ്ങളുടേയും പ്രതിരൂപമായി വിഷുക്കണി നിലകൊള്ളുന്നു. വിഷുവിനെ സംബന്ധിച്ച് നിരവധി ഐതീഹ്യങ്ങളുണ്ട്. രാവണന്റെ സാമ്രാജ്യത്തില്‍ സൂര്യഭഗവാനു കിഴക്കുദിക്കാന്‍ അനുവാദമില്ലായിരുന്നു. രാവണ നിഗ്രഹത്തിനടുത്ത പുലരിയിലാണത്രെ സൂര്യന്‍ വീണ്ടുമവിടെ കിഴക്കുദിക്കാന്‍ തുടങ്ങിയത്. അതിന്റെ ആഹ്ലാദം ആഘോഷിച്ചതാണു വിഷുവായി പരിണമിച്ചതെന്നും ഒരു ഐതീഹ്യം.

ഐതീഹ്യം എന്തുമാവട്ടെ, വിഷുവെന്നാല്‍ ഓരോ മലയാളിയുടേയും മനസ്സിലെ മായാത്ത മഴവില്ലാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും നാമമാത്രമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ആഘോഷങ്ങള്‍ക്കു പ്രാധാന്യം ഏറെയാണ്. നമ്മുടെ സമ്പന്നമായ സംസ്‌കാരത്തിന്റെ ഭാഗമായ ഇത്തരം ആഘോഷങ്ങള്‍, ദൃശ്യ- ശ്രവ്യ മാധ്യമങ്ങളില്‍ മാത്രമുള്ള ആഘോഷങ്ങളായി പരിണമിച്ചതു വളരെ ദുഃഖകരമായ പ്രവണതയാണ്. ദുഃഖങ്ങളില്‍ നിന്നും മോചനം നല്‍കുന്നത് മധുരിക്കുന്ന ഓര്‍മ്മകളാണ്. അതു ബാല്യത്തിന്റെയോ കൗമാരത്തിന്റെയോ ജീവിതത്തിലെ ഏതൊരു ഘത്തിലേതുമാകട്ടെ അവയ്‌ക്കെല്ലാം ഒരു സുഗന്ധമുണ്ട്. ജാലകത്തിലൂടെ വീശിയെത്തുന്ന മണ്ണിന്റെ മണമുള്ള കാറ്റിനും പുകയുടെ ഗന്ധമുളള അടുക്കളച്ചുമരിനും മാറാല പിടിച്ച തെക്കിനിക്കും വിരുന്നുകാരെ കാത്തിരിക്കുന്ന പടിപ്പുരച്ചുവരിനും ഒക്കെയുണ്ട് ഓര്‍മ്മകളുടെ സുഗന്ധം. അനുഭവസമ്പന്നമായ സുഗന്ധത്തിന്റെ ഓര്‍മ്മകളുടെ യാത്രയില്‍ നമ്മള്‍ക്കും പങ്കുചേരാം.

‘കണ്ണാ നീയെവിടെ എന്‍ മായക്കണ്ണാ? ‘പഴയൊരു പാട്ടിന്റെ വരികളാണ്. കണ്ണനെക്കുറിച്ചു പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് വിഷുക്കാലമാണ്. പൂക്കളാല്‍ അലങ്കരിച്ച കൃഷ്ണവിഗ്രഹത്തിനു മുന്നില്‍, അച്ഛമ്മയും പിന്നീട് അമ്മയും ഒരുക്കിയിരുന്ന വിഷുക്കണി. കണിവെള്ളരിയും പച്ചരിയും സ്വര്‍ണ്ണവും നാണയങ്ങളും ഗ്രന്ഥവും കണിക്കൊന്നയും കത്തിച്ചു വെച്ച നിലവിളക്കും അതിന്റെ ശോഭയില്‍ പുഞ്ചിരി തൂകി നില്‍ക്കുന്ന കൃഷ്ണനും ചേതോഹരമായ കാഴ്ച. ഓര്‍മ്മകള്‍ക്കു മരണമില്ലെന്നു ഇതെഴുതുമ്പോള്‍ സൂചിപ്പിക്കാതെ കഴിയില്ല. തലേന്നു രാത്രി ഒരുക്കിയ വിഷുക്കണി, പല തവണ കണ്ടിട്ടാണു രാത്രി ഉറങ്ങാന്‍ കിടക്കുക. അന്നും ഇന്നും കണ്ണനോട് വല്ലാത്ത ഒരടുപ്പമാണ്. അതുകൊണ്ടുതന്നെ കണിക്കായ് ഒരുക്കിയിരുന്ന കൃഷ്ണനോട്, പ്രത്യേക മമത ഉണ്ടായിരുന്നു. വിഷുക്കണി കാണുന്നതിനും പടക്കം പൊട്ടിക്കാനും അതിലുപരി കിട്ടുന്ന കൈനീട്ടം കൊണ്ട് ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങളുടെ രൂപരേഖ തയ്യാറാക്കിയും ഉറക്കത്തെ അകറ്റി പുലര്‍ച്ചെ കണി കാണാന്‍ അമ്മ വിളിക്കുന്നതും കാതോര്‍ത്ത് കിടന്ന ബാല്യം.

കണി കണ്ടുകഴിഞ്ഞാല്‍ പിന്നെ പടക്കം പൊട്ടിക്കലാണ്. കമ്പിത്തിരിയും പൂത്തിരിയും മാലപ്പടക്കവും ഓലപ്പടക്കവുമാണ് പ്രധാന ഇനങ്ങള്‍. കുട്ടികള്‍ കമ്പിത്തിരിയിലും പൂത്തിരിയിലും ആനന്ദം കണ്ടപ്പോള്‍ മറ്റു പടക്കങ്ങള്‍ മുതിര്‍ന്നവരുടേതായിരുന്നു. നിറയെ വര്‍ണ്ണങ്ങള്‍ ചാര്‍ത്തിയ വിഷുപ്പുലരിയില്‍ കൈനീട്ടം വാങ്ങാനെത്തുന്നവരുടെ തിരക്ക്, ഇതിനിടയില്‍ പന കയറുന്ന പങ്കുണ്ണി ഏട്ടന്‍, പനനൊങ്ക് കൊണ്ടുവരും. അത് കുറെ കഴിക്കും. കണിപോലെ തന്നെ ഒഴിച്ചു കൂടാനാവാത്ത ഒന്നായിരുന്നു വിഷുക്കഞ്ഞി.പച്ചരിക്കഞ്ഞിയില്‍ നാളികേരപ്പാലും ചിരവിയ നാളികേരവും ഉപ്പും ചേര്‍ത്ത് സ്വാദിഷ്ടമാക്കിയ കഞ്ഞിക്ക് കൂട്ടായി ചക്കപ്പുഴുക്കും പപ്പടവും. കഞ്ഞി എനിക്കിഷ്ടമല്ലാത്ത ഒരു വിഭവമാണ്. വിഷു ദിവസം മാത്രം ഇതിനൊരു മാറ്റം. ഇടനാഴിയില്‍ നിലത്തിരുന്ന് പ്ലാവില കുത്തി, അതിലൂടെ കഞ്ഞി കോരിക്കുടിക്കുക എന്നതും എന്നെ സംബന്ധിച്ച് ബാലികേറാമലയായിരുന്നു. മേടസൂര്യനോ അതോ വിഷുക്കഞ്ഞിക്കാണോ ചൂടുകൂടുതല്‍ എന്നു ചോദിച്ചാല്‍ അക്കാലത്ത് എനിക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ,വിഷുക്കഞ്ഞീന്ന്.

കുട്ടിക്കാലമെപ്പോഴും അബദ്ധങ്ങളുടേയും അന്ധവിശ്വാസത്തിന്റെയും കാലമാണല്ലോ. മുതിര്‍ന്നവര്‍ നമ്മളെ പറ്റിക്കാനായി പറയുന്ന ഓരോ കാര്യങ്ങളും വിശ്വസിച്ചിരുന്ന കാലം. ഒരിക്കല്‍ ഞാനെന്റെ ചേച്ചിയോട് ഒരു ചോദ്യം ചോദിച്ചു. ‘കൊന്നമരം എന്നു പേരുവരാന്‍ എന്താണു കാര്യമെന്ന്?’ ചേച്ചി പറഞ്ഞു ‘പണ്ടുകാലത്ത് ഒരുപാട് പേരെ കൊന്നതാണ് ആ മരം അതുകൊണ്ടാണതിനു കൊന്നമരം എന്ന പേരു വന്നത്.’ കിങ്ങിണിപ്പൂക്കള്‍ നിറഞ്ഞു നിന്ന കൊന്നമരത്തിനു ആളുകളെ കൊല്ലാന്‍ പറ്റുമോ എന്ന സംശയവുമായി ഞാനും മുന്നോട്ടു നടന്നു. കൊന്നമരം ആരേയും കൊല്ലാറില്ല, അത്യധികം ഔഷധഗുണങ്ങളുള്ള മരമാണെന്നും പിന്നീട് കാലം പഠിപ്പിച്ചു.

ഭാരതത്തിന്റെ വടക്കന്‍ പ്രവിശ്യകളില്‍ ഏപ്രില്‍ മാസത്തില്‍ കൊന്നമരം പൂക്കാറില്ല. അതുകൊണ്ടുതന്നെ കണിക്കൊന്ന ഇല്ലാത്ത വിഷുക്കണിയും എന്റെ ഉത്തരേന്ത്യന്‍ ജീവിതത്തില്‍ കാണേണ്ടി വന്നിട്ടുണ്ട്. കൊന്നപ്പൂക്കളെക്കുറിച്ചോര്‍ക്കുമ്പോള്‍, മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്. കണ്ണന്റെ പൊന്നരഞ്ഞാണമാണ്. ഒരു പുരാതന ഗ്രാമത്തിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ശാന്തിക്കാരനായ ഒരു നമ്പൂതിരിയുടെ പുത്രന് കളിത്തോഴനായ സാക്ഷാല്‍ ഉണ്ണിക്കണ്ണന്‍, തന്റെ കിങ്ങിണി കെട്ടിയ പൊന്നരഞ്ഞാണം വിഷുകൈനീട്ടമായി നല്‍കി. കുട്ടിയുടെ കൈയ്യില്‍ പൊന്നരഞ്ഞാണം കണ്ട ഗ്രാമവാസികള്‍ അച്ഛനേയും മകനേയും കള്ളന്‍മാര്‍ എന്നു വിളിച്ചു ആക്ഷേപിച്ചു. ഇതില്‍ കോപാകുലനായ ഉണ്ണികൃഷ്ണന്‍ പൊന്നരഞ്ഞാണം ദൂരേയ്ക്കു വലിച്ചെറിഞ്ഞു.പരിസരത്തുണ്ടായിരുന്ന ഒരു കൊന്നമരത്തിലാണ് അതു ചെന്നു പതിച്ചത്. ഉടനെ പൊന്നരഞ്ഞാണം മഞ്ഞപ്പൂക്കുലകളായി രൂപം പ്രാപിച്ചു. ഗ്രാമവാസികള്‍ക്കു തങ്ങളുടെ തെറ്റു മനസ്സിലാകുകയും ശാന്തിക്കാരനോടും പുത്രനോടും മാപ്പ് അപേക്ഷിക്കുകയും ചെയ്തു. ഭഗവാന്റെ പൊന്നരഞ്ഞാണമായതുകൊണ്ടത്രേ വിഷുക്കണിയില്‍ കൊന്നപ്പൂക്കള്‍ക്കു ഇത്ര പ്രധാന്യം.

ഐതീഹ്യങ്ങളില്‍ ഒന്നിങ്ങനെ വിത്തും കൈക്കോട്ടും പാടിയിരുന്ന വിഷുപക്ഷിയും വിഷുവിന്റെ വരവറിയിച്ചുകൊണ്ടു ഭവനങ്ങളില്‍ എത്തിയിരുന്നു. വിഷുപൊട്ടനും ,പുള്ളുവന്‍ പാട്ടിന്റെ ഇമ്പമുള്ള ഈണവുമായി എത്തിയിരുന്ന പുള്ളുവത്തിയും ഗ്രാമങ്ങളില്‍ നിന്നുപോലും അപ്രത്യക്ഷരായിരിക്കുന്നു. എങ്കിലും മിക്ക പാലക്കാടന്‍ ഗ്രാമങ്ങളിലും ചൂടിനെ വകവെയ്ക്കാതെ നടത്തുന്ന വിഷുവേലകളുണ്ട്. ഗജവീരന്‍മാരും കാവടികളും പുരാണ കഥാപാത്രങ്ങളുടെ പുനരാവിഷ്‌കരണമായ വണ്ടി വേഷങ്ങളും മേളവാദ്യങ്ങളും ചേര്‍ന്ന് ഒരു ഉത്സവപ്രതീതി ഉളവാക്കുന്നു. (സാധാരണയായി ഇത്തരം വേഷങ്ങള്‍ കാളവണ്ടിയിലോ മറ്റു ട്രെയിലര്‍ ഉള്ള വാഹനങ്ങളിലോ സഞ്ചരിക്കാറാണ് പതിവ്, അതുകൊണ്ടാണ് ഇവയെ വണ്ടി വേഷങ്ങള്‍ എന്നു പറയുന്നത്. )

മലയാളിയുടെ പൈതൃകസ്വത്തായ ഒരു ആഘോഷവും അന്യം നിന്നുപോകരുതേയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുകൊണ്ട്
ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍…

 

 

You must be logged in to post a comment Login