ഓളപ്പരപ്പിലെ പടക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് തിരിച്ചെത്തുന്നു

ബജാജ് ഫെബ്രുവരി ഒന്നിന് നിരത്തിലെത്തിക്കുന്ന മിസ്റ്ററി ബൈക്ക് ബജാജ് വി നിര്‍മ്മിക്കുക ഡീ കമ്മീഷന്‍ ചെയ്ത ഇന്ത്യയുടെ നാവികസേന യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ നിന്നായിരിക്കും.

INS Vikrant

ഇന്ത്യന്‍ നാവികസേനയുടെ വജ്രായുധമായിരുന്ന ഐഎന്‍എസ് വിക്രാന്ത് തിരിച്ചെത്തുന്നു, പടക്കപ്പലിന്റെ രൂപത്തിലല്ലെന്നു മാത്രം. 1971 ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തിലെ ഹീറോ, രാജ്യത്തെ ആദ്യ വിമാനവാഹിനി കപ്പല്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങളോടു കൂടിയ ഐഎന്‍എസ് വിക്രാന്ത് അടുത്തിടെയാണ് കാലപ്പഴക്കം കൊണ്ട് ഡീകമ്മീഷന്‍ ചെയ്തത്. ആദ്യം മ്യൂസിയമാക്കി മാറ്റാനായിരുന്നു ആലോചിച്ചിരുന്നതെങ്കിലും സംരക്ഷണം ബുദ്ധിമുട്ടായതിനാല്‍ കപ്പല്‍ പൊളിക്കാന്‍ 60 കോടി രൂപക്ക് സ്വകാര്യ കമ്പനിക്ക് കൈമാറി.

ഇവിടെ നിന്നാണ് ഐഎന്‍എസ് വിക്രാന്തിന്റെ പുനര്‍ജനനം. ഐഎന്‍എസ് വിക്രാന്തിന്റെ ലോഹഭാഗങ്ങളുപയോഗിച്ച് ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ ബജാജ് പ്രത്യേക ബൈക്കുകള്‍ രൂപകല്‍പ്പന ചെയ്യുകയാണ്. ബജാജ് ഫെബ്രുവരി ഒന്നിന് നിരത്തിലെത്തിക്കുന്ന മിസ്റ്ററി ബൈക്ക് ബജാജ് വി നിര്‍മ്മിക്കുക ഡീ കമ്മീഷന്‍ ചെയ്ത ഇന്ത്യയുടെ നാവികസേന യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ നിന്നായിരിക്കും.

1957 ലാണ് ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ബ്രിട്ടണില്‍ നിന്നും വാങ്ങിയത്. ബ്രിട്ടണില്‍ നിന്നും വാങ്ങിയ ഈ കപ്പല്‍ 1961 ല്‍ കമ്മീഷന്‍ ചെയ്തു. 20 വര്‍ഷത്തിലധികം വിക്രാന്ത് ഇന്ത്യയുടെ ഒരേയൊരു വിമാനവാഹിനിയായിരുന്നു. 1990ന്റെ തുടക്കത്തോടെ മോശം സ്ഥിതി കാരണം വിക്രാന്ത് സര്‍വീസിലില്ലായിരുന്നു എന്നുതന്നെ പറയാം. 1997 ലാണ് നീണ്ട 36 വര്‍ഷത്തെ സേവനത്തിനുശേഷം വിക്രാന്ത് ഡീകമ്മീഷന്‍ ചെയ്തത്.

ഏതായാലും ഇന്ത്യയുടെ 67 ാം റിപ്പബ്‌ളിക് ദിനാഘോഷത്തോടനുബന്ധിച്ച് ബജാജ് ഒരു ടീസര്‍ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഐഎന്‍എസ് വിക്രാന്ത് എന്ന് എഴുതിയ പ്രത്യേക ലോഗോയോടെ എത്തുന്ന ബജാജ് വി ബൈക്കുകള്‍ ഫെബ്രുവരി ഒന്നിന് കാണാനാകുമെന്നാണ് ടീസര്‍ വീഡിയോയില്‍ പറയുന്നത്.

You must be logged in to post a comment Login