ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച ;കൊഹ്‌ലിയുള്‍പ്പെടെ മൂന്ന് വിക്കറ്റ് നഷ്ടം


പൂണെ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. 44 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. മുരളി വിജയ് (10), ചേതേശ്വര്‍ പൂജാര (6), വിരാട് കൊഹ്‌ലി (0) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. രാഹുലും രഹാനയുമാണ് ക്രീസില്‍.

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 260ന് പുറത്തായിരുന്നു. കഴിഞ്ഞ ദിവസത്തെ സ്‌കോറായ ഒന്‍പതിന് 256 എന്ന നിലയില്‍ നിന്നും നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പേഴേക്കും ഓസീസിന് സറ്റാര്‍ക്കിനെ നഷ്ടപ്പെടുകയായിരുന്നു. 63 പന്തില്‍ ആറ് ബൗണ്ടറിയും മൂന്ന് സിക്‌സും സഹിതം 61 റണ്‍സാണ് സ്റ്റാര്‍ക്ക് നേടിയത്. രവിചന്ദ്ര അശ്വിനാണ് വിക്കറ്റ്. ഇതോടെ ആദ്യ ഇന്നിങ്്‌സില്‍ അശ്വിന്റെ വിക്കറ്റ് നേട്ടം മൂന്നായി. ഒരു റണ്‍സുമായി ഹസില്‍വുഡ് പുറത്താകാതെ നിന്നു. പത്താം വിക്കറ്റില്‍ സ്റ്റാര്‍ക്കും ഹസില്‍വുഡും 55 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

ഒന്നാം ദിവസമായ ഇന്നലെ കളി അവസാനിപ്പിക്കുമ്പോള്‍ ഒന്‍പത് വിക്കറ്റിന് 256 റണ്‍സ് എന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍. പത്താം വിക്കറ്റില്‍ ഹസില്‍വുഡിനെ കൂട്ടുപിടിച്ച് സ്റ്റാര്‍ക്ക് നടത്തിയ അപ്രതീക്ഷിത ചെറുത്തു നില്‍പാണ് ഓസീസിനെ ഒന്നാം ദിവസം പുറത്താകുന്നതില്‍ നിന്നും രക്ഷിച്ചത്. പത്താം വിക്കറ്റില്‍ ഇരുവരും ഇതുവരെ 51 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

ഇന്ത്യക്കായി ഉമേശ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിനും ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ് നായകന്റെ കണക്കുകൂട്ടല്‍ ശരിവെക്കുന്ന വിധത്തിലായിരുന്നു അവരുടെ തുടക്കം. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും റെന്‍ഷായും കൂടി 82 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. എന്നാല്‍ ഉമേശ് വാര്‍ണറെ ബൗള്‍ഡാക്കി ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കുകയായിരുന്നു. 38 റണ്‍സാണ് വാര്‍ണര്‍ നേടിയത്. എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ റെന്‍ഷാ പരിക്കേറ്റ് റിട്ടേഴ്ഡ് ഹര്‍ട്ടായത് ഓസീസിന് തിരിച്ചടിയായി. 36 റണ്‍സായിരുന്നു റെന്‍ഷായുടെ അപ്പോഴത്തെ സ്‌കോര്‍.

ഇതോടെ പ്രതിസന്ധിയിലായ ഓസീസിന് പിന്നീടൊരിക്കലും തിരിച്ചുവരാനായില്ല. മാര്‍ഷ് 16ഉം സ്മിത്ത് 27ഉം ഹാന്‍കോമ്പ് 16ഉം റണ്‍സെടുത്ത് ടീം സ്‌കോര്‍ 150 എത്തുന്നതിന് മുമ്പേ പുറത്തായി. ഇതിനിടെ ക്രീസില്‍ തിരിച്ചെത്തിയ റെന്‍ഷാ അര്‍ധ സെഞ്ച്വറി തികച്ചെങ്കിലും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. 156 പന്തില്‍ 10 ഫോറും ഒരു സിക്‌സും സഹിതം 68 റണ്‍സാണ് റെന്‍ഷാ നേടിയത്. അശ്വിന്റെ പന്തില്‍ വിജയ്ക്ക് ക്യാച്ച് നല്‍കിയാണ് അദ്ദേഹം പുറത്തായത്.

പിന്നീട് ഓസീസിന്റെ തകര്‍ച്ച പെന്നെന്നായിരുന്നു. മാര്‍ഷ് (4), വാഡ് (8) ഒകീഫ് (0) ലയണ്‍ (0) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ പ്രകടനം. 20 റണ്‍സുമായി സ്റ്റാര്‍ക്ക് പുറത്താകാതെ നിന്നു. 12 ഓവറില്‍ 32 റണ്‍സ് വഴങ്ങിയാണ് ഉമേശ് യാദവ് നാല് വിക്കറ്റ് വീഴ്ത്തിയത്. 59 റണ്‍സും 74 റണ്‍സും യഥാക്രമം വഴങ്ങിയാണ് അശ്വിനും ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയത്. ജയന്ത് യാദവിനാണ് അവശേഷിക്കുന്ന ഒരു വിക്കറ്റ്.

മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടാന്‍ ഇറങ്ങിയത്. അശ്വിനും ജഡേജയെയും കൂടാതെ ജയന്ത് യാദവും ഇന്ത്യന്‍ നിരയില്‍ ഇടംപിടിച്ചു. ഉമേശ് യാദവ് ഇശാന്ത് ശര്‍മ്മ എന്നിവരാണ് പേസ് ബൗളര്‍മാര്‍. ബാറ്റിങ് നിരയില്‍ ഇന്ത്യ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതേസമയം മലയാളിയായ കരുണ്‍ നായര്‍ക്ക് ഇത്തവണയും ടീമില്‍ ഇടം നേടാനായില്ല.

You must be logged in to post a comment Login