ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: മുന്‍നിര താരങ്ങള്‍ക്ക് മുന്നേറ്റം

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ മുന്‍നിര താരങ്ങള്‍ക്ക് മുന്നേറ്റം.ലോക ഒന്നാം നമ്പര്‍ ആന്‍ഡി മറെ, റോജര്‍ ഫെഡറര്‍, ആഞ്ജലിക് കെര്‍ബര്‍ എന്നിവര്‍ രണ്ടാം റൗണ്ടിലെത്തി. നൊവാക് ജോക്കോവിച്ച്, സെറീന വില്യംസ്, റാഫേല്‍ നദാല്‍ എന്നിവര്‍ക്കാണ് ഇന്ന് മത്സരം. യുക്രൈന്റെ സീഡ് ചെയ്യപ്പെടാത്ത ഇല്ലിയ മാര്‍ഷെങ്കോയെ തോല്‍പ്പിച്ചാണ് മറെയുടെ തുടക്കം. ശക്തമായ വെല്ലുവിളിയാണ് ഷെങ്കോ ഉയര്‍ത്തിയത്. ഒടുവില്‍ മൂന്ന് സെറ്റ് നീണ്ട മത്സരത്തിനൊടുവില്‍ മറെ ജയം കൈപ്പിടിയിലൊതുക്കി.

2016 സീസണില്‍ പരുക്കിന്റെ പിടിയിലായിരുന്ന ഫെഡറര്‍ ഇടവേളയ്ക്കു ശേഷമാണ് റാക്കറ്റെടുക്കുന്നത്. രണ്ട് മണിക്കൂര്‍ ആറ് മിനിട്ട് കൊണ്ടാണു ഫെഡറര്‍ ജൂനിയര്‍ തലത്തിലെ പഴയ എതിരാളി മെസ്ലറിനെ തോല്‍പ്പിച്ചത്. യു.എസിന്റെ ക്വാളിഫയര്‍ നോയ റൂബിനാണു രണ്ടാം റൗണ്ടില്‍ ഫെഡററിനെ നേരിടുക. കെന്‍ റോസ്‌വാളിനു ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമാകാനുള്ള തയാറെടുപ്പിലാണ് 35 വയസുകാരനായ ഫെഡറര്‍. 17 വട്ടം ഗ്രാന്‍സ്ലാം കിരീടം നേടിയ ഫെഡറര്‍ കരിയറിലെ 69ാം മേജര്‍ ടൂര്‍ണമെന്റാണു കളിക്കുന്നത്. ഇത്തവണ 17ാം സീഡാണ് അദ്ദേഹം. കാല്‍മുട്ടിനേറ്റ പരുക്കു മൂലം കഴിഞ്ഞ സീസണിലെ ഏഴ് മേജര്‍ ടൂര്‍ണമെന്റുകളില്‍ ഫെഡറര്‍ കളിച്ചില്ല. കഴിഞ്ഞ നവംബറില്‍ അദ്ദേഹം ലോക റാങ്കിങ്ങില്‍ ആദ്യ പത്തില്‍നിന്നു പുറത്താക്കപ്പെട്ടു. 2001 മേയ്ക്കു ശേഷം റാങ്കിങ്ങില്‍ ഫെഡറര്‍ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്.

ഫെഡററുടെ നാട്ടുകാരനും മുന്‍ ചാമ്പ്യനുമായ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയും ഒന്നാം റൗണ്ട് കടന്നു. മൂന്നുവട്ടം ഗ്രാന്‍സ്ലാം ചാമ്പ്യനായ വാവ്‌റിങ്ക സ്ലോവാക്യയുടെ മാര്‍ട്ടിന്‍ ക്ലിസാനോട് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലാണു ജയിച്ചത്. സ്‌കോര്‍: 4-6, 3-6,6-2,6-2 മത്സരം മൂന്നു മണിക്കൂര്‍ 24 മിനിട്ട് നീണ്ടു. യു.എസിന്റെ സ്റ്റീവ് ജോണ്‍സണാണു രണ്ടാം റൗണ്ടിലെ വാവ്‌റിങ്കയെ നേരിടുക. 2014 ലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റാഫേല്‍ നദാലിനെ തോല്‍പ്പിച്ച് വാവ്‌റിങ്ക കിരീടം നേടി. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇതുവരെ ഒന്നാം റൗണ്ടില്‍ തോറ്റിട്ടില്ലെന്ന റെക്കോഡ് നിലനിര്‍ത്താനും അദ്ദേഹത്തിനായി.

വനിതകകളില്‍ ഒന്നാം സീഡ് ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍ യുക്രൈന്റെ ലെസിയെ സുരെങ്കോയെ തോല്‍പ്പിച്ചു.

You must be logged in to post a comment Login