ഓസ്‌ട്രേലിയയെ തകര്‍ക്കാന്‍ ഇന്ത്യ ;ഒന്നാം ടെസ്റ്റിന് പുണെയില്‍ നാളെ തുടക്കം

പുണെ : ഇന്ത്യയ്‌ക്കെതിരായ ഓസ്‌ട്രേലിയന്‍ പര്യടനം നാളെ ആരംഭിക്കും. നിലവില്‍ ടെസ്റ്റ് കളിച്ച എല്ലാ ടീമുകളില്‍ നിന്നും വമ്പന്‍ ജയം സ്വന്തമാക്കിയ ഇന്ത്യ ഓസിസിനെതിരായ പരമ്പര വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. നായകന്‍ വിരാട് കൊഹ്‌ലിയുടെ കീഴില്‍ തുടര്‍ച്ചയായി ആറു പരമ്പരകള്‍ ജയിച്ചുനില്‍ക്കുകയാണ് ഇന്ത്യ. എല്ലാ നേട്ടങ്ങള്‍ക്കും മകുടം ചാര്‍ത്താന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ ഇന്ത്യയ്ക്കു വിട്ടുനല്‍കേണ്ടിവന്ന ആധുനിക ക്രിക്കറ്റിലെ ചെങ്കോലും കിരീടവും തിരിച്ചുവാങ്ങാനാണു സ്റ്റീവ് സ്മിത്തിന്റെ നേതൃത്വത്തിലുള്ള ഓസീസ് ടീമിന്റെ വരവ്.

ധോണിയുടെക്യാപ്റ്റന്‍സിക്ക് പിന്നില്‍ വിരാട് കൊഹ്‌ലിക്ക് കീഴില്‍ ആക്രമണോത്സുക നിരയായി മാറിയ ഇന്ത്യ ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് തുടങ്ങിയ ടീമുകളെ തോല്‍പ്പിച്ചാണ് ഓസിസിനെതിരെ നാളെ പടപ്പുറപ്പാടിന് ഇറങ്ങുന്നത്. മികച്ച ടീമിനെ നിലനിര്‍ത്തിയാണ് ഇത്തവണ കളിക്കളത്തിലേക്ക് ഇന്ത്യ ഇറങ്ങുന്നത്.

ഇംഗ്ലണ്ടിനെതിരായ കളിയില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച് താരമായ മലയാളി കരുണ്‍ നായര്‍, കുല്‍ദീപ് യാദവ്, അഭിനവ് മുകുന്ദ് എന്നിവര്‍ ഇത്തവണ ടീമില്‍ ഇടം നേടിയിട്ടുണ്ട്.അതേസമയം രോഹിത്ത് ശര്‍മ്മയ്ക്കും മുഹമ്മദ് ഷമ്മിക്കും ടീമില്‍ സ്ഥാനം പിടിക്കാനായില്ല. ഓപ്പണര്‍ സ്ഥാനത്ത് ലോകേഷ് രാഹുലിനെ നിലനിര്‍ത്തിയിട്ടുണ്ട്. വൃദ്ധിമാന്‍ സാഹയാണ് വിക്കറ്റ് കീപ്പര്‍.

നാലു മത്സര ടെസ്റ്റ് പരമ്പരയില്‍ ആദ്യത്തേത് പുണെ എംസിഎ സ്റ്റേഡിയത്തില്‍ നാളെ ആരംഭിക്കും. ബംഗളൂരു, റാഞ്ചി, ധര്‍മശാല എന്നിവിടങ്ങളിലാണു പിന്നീടുള്ള ടെസ്റ്റുകള്‍ നടക്കുക.

ഇന്ത്യന്‍ ടീം: വിരാട് കൊഹ്‌ലി(നായകന്‍), മുരളി വിജയ്, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, അജയ്ക്യ രഹാന, കരുണ്‍ നായര്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ഉമേശ് യാദവ്, ഇശാന്ത് ശര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, അഭിനവ് മുകുന്ദ്, ഹാര്‍ദ്ദിക്ക് പാണ്ഡ്യ

You must be logged in to post a comment Login