ഓഹരി വിപണിയില്‍ വീണ്ടും വന്‍ തകര്‍ച്ച

മുംബൈ: വ്യാഴാഴ്ച ചെറിയ നേട്ടത്തില്‍ വ്യാപാരമവസാനിച്ച ഓഹരിവിപണിയില്‍ വീണ്ടും തകര്‍ച്ച. വ്യാപാരം ആരംഭിച്ചപ്പോള്‍ ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചായ സെന്‍സെക്‌സ് 550 പോയിന്റും ദേശീയ ഓഹരിസൂചികയായ നിഫ്റ്റി 170 പോയിന്റും ഇടിഞ്ഞിരുന്നു. നിലവില്‍ സെന്‍സെക്‌സ് 508.01 പോയിന്റ് ഇടിഞ്ഞ് 33,909ലാണ് വ്യാപാരം നടക്കുന്നത്. കനത്ത നഷ്ടം രേഖപ്പെടുത്തിയ നിഫ്റ്റി 158.50 പോയിന്റ് താഴ്ന്ന് 10,422ലാണ് വ്യാപാരം. യുഎസ് വിപണിയിലുണ്ടായ തകര്‍ച്ചയും ഓഹരി വിറ്റഴിക്കലുമാണു വിപണിയെ ബാധിച്ചത്.

ആഗോള വിപണികളിലെല്ലാം തന്നെ ഓഹരി വിറ്റഴിക്കാനുളള പ്രവണതയാണ് ഉള്ളത്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. അമേരിക്കയില്‍ പണപ്പെരുപ്പം വര്‍ധിക്കാനുള്ള സാഹചര്യവും തിരിച്ചടിയായി.

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്കയും വിപണിയെ ബാധിച്ചിട്ടുണ്ട്. ഡൗ ജോണ്‍സ് സൂചികയുടെ തകര്‍ച്ചയെ തുടര്‍ന്ന ഇടിവില്‍ തുടര്‍ന്ന വിപണി പതുക്കെ നിലമെച്ചപ്പെടുത്തുന്നതിനിടെയാണു വീണ്ടും തകര്‍ച്ച രേഖപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് ആഗോള വിപണിയെ ഒന്നടങ്കം നഷ്ടത്തിലാക്കി ഡൗ ജോണ്‍സ് സൂചിക തകര്‍ന്നത്. ഇതേത്തുടര്‍ന്ന് 1000 പോയിന്റിലധികമാണു സെന്‍സെക്‌സ് തകര്‍ച്ച നേരിട്ടിരുന്നത്.

അതേസമയം, ഡൗ ജോണ്‍സിന്റെ ഓഹരികളിലും വന്‍നഷ്ടമാണുണ്ടായിരിക്കുന്നത്. 1033 പോയിന്റാണ് താഴ്ന്ന് നാല് ശതമാനം ഇടിവ് രേഖപ്പെടുത്തി. 2008 നു ശേഷം ആദ്യത്തെ ഇടിവാണിത്. ഏഷ്യന്‍ മാര്‍ക്കറ്റുകളിലും വന്‍ഇടിവാണ് രേഖപ്പെടുത്തിയത്. ജപ്പാന്‍, ഹോങ്കോങ് എന്നിവിടങ്ങളിലും തുടര്‍ന്ന് ഇന്ത്യയിലും ഓഹരി വിപണികളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി.

You must be logged in to post a comment Login