ഔഡി ആര്‍എസ് സെവന്‍ എത്തി

ഔഡി ഇന്ത്യയുടെ പുതുവര്‍ഷ സമ്മാനമായി ആര്‍എസ് സെവന്‍ എത്തി. കഴിഞ്ഞ വര്‍ഷം ഡെട്രോയ്റ്റ് മോട്ടോര്‍ ഷോയില്‍ അരങ്ങേറ്റം കുറിച്ച  സെവന്‍ സ്‌പോര്‍ട്ബാക്കിന്റെ പ്രകടനക്ഷമതയേറിയ വകഭേദമാണ് ഓഡി ഇന്ത്യയില്‍ അവതരിപ്പിച്ചത്. മെഴ്‌സീഡിസ് ഇ 63 എഎംജി, ബി എം ഡബ്ല്യു എം ഫൈവ് എന്നിവയോടു മത്സരിക്കാനെത്തുന്ന ആര്‍ എസ് സെവനിന്റെ ഇന്ത്യയിലെ ഷോറൂം വില 1.28 കോടി രൂപയാണ്.

കാറിനു കരുത്തേകുന്നത് നാലു ലീറ്റര്‍, ടി എഫ് എസ് ഐ, ഇരട്ട ടര്‍ബോ, വി എയ്റ്റ് എന്‍ജിനാണ്. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച എസ് സിക്‌സിനും ബെന്റ്‌ലിയുടെ കോണ്ടിനെന്റല്‍ ജിടിക്കും കരുത്തേകുന്നതും ഇതേ എന്‍ജിനാണ്. നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കാറിനു വെറും 3.9 സെക്കന്‍ഡ് മതിയെന്നാണ് ഔഡിയുടെ അവകാശവാദം. ഔഡിയുടെ ആര്‍ എസ് മോഡലുകളുടെ തനതു ശൈലി പിന്തുടര്‍ന്ന് ആര്‍എസ് സെവനിലും കമ്പനിയുടെ സ്വന്തം ആവിഷ്‌കാരമായ ക്വാട്രോ ഫോര്‍ വീല്‍ െ്രെഡവ് സിസ്റ്റം ഇടംപിടിക്കുന്നുണ്ട്.

കാഴ്ചയില്‍ ആര്‍എസ് സെവനിനെ സാധാരണ എ സെവനില്‍ നിന്നു വ്യത്യസ്തമാക്കാനും ഔഡി ആത്മാര്‍ഥ ശ്രമം നടത്തിയിട്ടുണ്ട്. വലിപ്പമേറിയ എയര്‍ ഇന്‍ടേക്ക്, തേനീച്ചക്കൂടിനെ അനുസ്മരിപ്പിക്കുന്ന ഗ്രില്‍, അലൂമിനിയം പോലുള്ള മിറര്‍ ഹൗസിങ്, ദീര്‍ഘവൃത്താകൃതിയുള്ള ഇരട്ട എക്‌സോസ്റ്റ് ടിപ് തുടങ്ങിയവയൊക്കെ കാറിലുണ്ട്. ഒപ്പം കാഴ്ചപ്പൊലിമയ്ക്കായി 20 ഇഞ്ച് മാഗ് വീലുകളും വാഹനത്തിന്റെ പ്രത്യേകതകളാണ്.

You must be logged in to post a comment Login