കടക്ക് പുറത്ത്; കടകംപള്ളിയും മേഴ്‌സിക്കുട്ടിയമ്മയും മടങ്ങിപ്പോകണമെന്ന് നാട്ടുകാര്‍; പൂന്തുറയില്‍ പ്രതിഷേധം ശക്തം

സംസ്ഥാന മന്ത്രിമാരെ തീരദേശത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് നാട്ടുകാര്‍. കടകംപള്ളി സുരേന്ദ്രന്‍, മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ മടങ്ങണമെന്ന് ആവശ്യപ്പെട്ട് പൂന്തുറയില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമനൊപ്പം വന്നതായിരുന്നു ഇവര്‍.

രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് ആരോപിച്ച് ഉച്ചക്കടയിലും മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. യുവാക്കളും സ്ത്രീകളുമടക്കം നൂറുകണക്കിന് പേര്‍ പ്രതിഷേധ സമരത്തിനിറങ്ങി.

അതേസമയം, മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. മറ്റു തീരങ്ങളിലെത്തിയ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവിധ ആധുനിക സഹായങ്ങളും നല്‍കിയിട്ടുണ്ട്. സുനാമിയുണ്ടായപ്പോള്‍ നടത്തിയതിനേക്കാള്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്. എല്ലാവരെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.

അതിനിടെ, നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് അവലോകനയോഗം ചേര്‍ന്നു. മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

You must be logged in to post a comment Login