കടത്തുവള്ളം യാത്രയായി…

മഴ തിമിര്‍ത്തുപെയ്യുകയാണ് പുഴ കരകവിഞ്ഞൊഴുകുന്നു…
പൂഹോയ്…. മഴയെ മുറിച്ച് ഒരു കൂവല്‍. ഏതാനും നിമിഷങ്ങള്‍ക്കകം മറുകരയില്‍ നിന്ന് ഒരു മറുകൂവല്‍ …..പൂഹോയ്….! അതൊരു വിശ്വാസത്തിന്റെ തുടര്‍ച്ചയാണ്. ഓരോ പുഴയ്ക്കരികിലും ഒരു കൂനാച്ചിപ്പുര കാണാം. കടത്തുതോണിക്കാരന്റെ സങ്കേതം. കുത്തിയുടുത്ത കൈലിമുണ്ടും തലയില്‍ അദ്ധ്വാനത്തിന്റെ മുഷിഞ്ഞ തോര്‍ത്തുകെട്ടും ചുണ്ടില്‍ അനുഭവങ്ങളുടെ പുകയുന്ന ബീഡിയും അഴയില്‍ ജീവിതത്തിന്റെ ഭാവിവഴിയിലേക്ക് തൂക്കിയിട്ട റാന്തല്‍വിളക്കും കടത്തുതോണിക്കാരന്റെ അടയാളമാണ്. ചിലപ്പോള്‍ ഒരുതൊപ്പിക്കുടയും കാണാം.
കേരളീയന്റെ ഗ്രാമ്യജീവിതവുമായി അഭേദ്യബന്ധമുണ്ട്, കടത്തുവള്ളങ്ങള്‍ക്ക്. കേരളത്തിന്റെ കായലോരങ്ങളും പുഴയോരങ്ങളും എക്കാലത്തും കടത്തുവള്ളങ്ങളുടെ കഥ പറയുന്നു.
നമ്മുടെ പ്രഖ്യാതങ്ങളായ ഇതിഹാസങ്ങളില്‍ രണ്ടിലും കടത്തുവള്ളത്തിന്റെ പ്രാധാന്യത്തെപ്പറ്റി പരാമര്‍ശമുണ്ട്. മഹാഭാരതകഥയില്‍ ഒരുപക്ഷേ, കഥാപാത്രങ്ങളെക്കാള്‍ പ്രാധാന്യം വഹിക്കുന്ന ഒരു ഘടകമാണ് കടത്തുവള്ളം. ഒരു കടത്തുതോണിക്കാരിയില്‍ അനുരക്തനായ പരാശരമഹര്‍ഷിയുടെ പ്രണയസാഫല്യവും  വേദകര്‍ത്താവായ വ്യാസന്റെ ജനനവും കടത്തുതോണിയിലായിരുന്നു. സത്യവതി എന്ന തോണിക്കാരിയായ മത്സ്യഗന്ധിയാണ് മഹാഭാരതത്തിലെ കുരു’-പരമ്പരയ്ക്ക് അമ്മയായത്.
ദശരഥാജ്ഞയനുസരിച്ച് വനവാസത്തിന് പുറപ്പെട്ട ശ്രീരാമചന്ദ്രനെ നദി കടത്തിയത് കടത്തുതോണിക്കാരനായ ഗുഹനായിരുന്നു. പക്ഷേ, അദ്ദേഹത്തെ അധഃകൃതനെന്ന് കരുതി അവഗണിക്കാതെ ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ സന്തോഷപൂര്‍വ്വം പുണരുകയും ഗുഹനോടൊത്ത് തോണിയില്‍ സഞ്ചരിച്ച് അക്കരെയെത്തി ഗുഹനെയനുഗ്രഹിയ്ക്കുകയുമുണ്ടായി.
ഇങ്ങനെ പുരാണേതിഹാസങ്ങളിലൂടെ നമുക്ക് സുപരിചിതമായ കടത്തുതോണി പിന്നീട് നമ്മുടെ ജീവിത വ്യാപാരങ്ങളില്‍ പലയിടത്തും താങ്ങും തണലുമായി നിലകൊണ്ടു. ഗ്രാമങ്ങളില്‍, നാട്ടിന്‍പ്രദേശങ്ങളില്‍ പലയിടങ്ങളിലും കടത്തുതോണി അനിവാര്യതയുടെ ചിഹ്നമായി മാറി. എന്നാല്‍ ആധുനികതയുടെ അതിപ്രസരത്തില്‍ വേണ്ടുന്ന പരിചരണങ്ങളില്ലാതെ കടത്തുതോണിയും വിസ്മൃതിയില്‍ ആണ്ടുപോകുന്ന നന്മകളിലൊന്നായി മാറുന്ന കാഴ്ചയാണ് കാണുന്നത്.
ഗൃഹാതുരതയുടെ തുടിപ്പുകള്‍ ഉള്ളിലവശേഷിപ്പിച്ച് അവസാനത്തെ കടത്തുവള്ളവും യാത്രയാവുമ്പോള്‍ ആ നന്മയുടെ ശേഷിപ്പുകള്‍ തിരഞ്ഞ് നാമൊരു പുഴയോരത്ത്…….
രാവേറെ ചെല്ലുവോളം കടത്തുകാരന്‍ തന്റെ കൂനാച്ചിപ്പുരയില്‍ ബീഡി പുകച്ച്, ഉറക്കമിളച്ച്, ദൈന്യതയെ തോല്‍പ്പിച്ച് മുനിഞ്ഞുകത്തുന്ന വിളക്കിനുമുന്നിലുണ്ടാകും; അടുത്ത ഊഴത്തിനായി. അവസാനത്തെ യാത്രക്കാരനെയും പുഴകടത്തി അക്കരെയെത്തിച്ചു മടങ്ങിയാണ് കടത്തുകാരന്‍ തന്റെ കൂരയിലെത്തുന്നത്. തുച്ഛമായ കൂലിമാത്രമാണ് ഈ പ്രവൃത്തിയ്ക്ക് കിട്ടുകയെങ്കിലും ഈ കടത്തുയാത്ര അഴിയാത്ത ജീവിതബന്ധങ്ങളുടെ, പരസ്പരവിശ്വാസത്തിന്റെ, ഒന്നിച്ചുചേരലിന്റെ എല്ലാം പ്രതീകം തന്നെയായിരുന്നു…..
കടത്തുവള്ളംതുഴയലിന് നമ്മുടെ ഹൃദയതാളവുമായി അടുത്തബന്ധമുണ്ട്. ഓഡിറ്റോറിയങ്ങളും ക്ലബ്ബുകളും ഒന്നുമില്ലാതിരുന്ന പഴയകാലത്ത് കടത്തുവള്ളക്കടവുകളും ആല്‍മരത്തണലുകളും വഴിക്കിണറിന്റെ ചുവടും അമ്പലമൈതാനവുമൊക്കെയായിരുന്നു മനുഷ്യസൗഹൃദങ്ങളുടെ സമ്മേളനസ്ഥലങ്ങള്‍.
പ്ലെയിനും ട്രെയിനും വോള്‍വോ ബസ്സുകളും ജീവിതത്തിന്റെ ഭാഗമാകുന്നതിനുമുമ്പ് യാത്രയ്ക്ക് കടത്തുതോണികളും ചരക്കുകള്‍ കൊണ്ടുപോകാന്‍ കെട്ടുവള്ളങ്ങളുമായിരുന്നു ആശ്രയം. രാഷ്ട്രീയവും സാമൂഹികവുമായ ചര്‍ച്ചകളും ഓളപ്പരപ്പിലൂടെ നീങ്ങുന്ന ചെറുകടത്തുവഞ്ചികളില്‍ നടന്നുപോന്നിരുന്നു. ഇളംനിലാവും കുളിരുമുള്ള രാത്രികളിലും ചാറ്റല്‍മഴയിലും പേമാരിയിലും കടത്തുവള്ളങ്ങള്‍ നദീമുഖങ്ങളിലൂടെയും  പുഴപ്പരപ്പിലൂടെയും തോട്ടൊഴുക്കിലൂടെയും ഓളങ്ങള്‍ സൃഷ്ടിച്ച് കടന്നുപോയിരുന്നു. ഹൃദയവ്യഥകളും സൗഹൃദസംഭാഷണങ്ങളും വെടിവട്ടങ്ങളും വ്യാപാരക്കണക്കുകളും ഇടകലര്‍ന്ന് പങ്കുവയ്ക്കാനുള്ള വേദികൂടിയായിരുന്നു കടത്തുവള്ളങ്ങളും അവയിലെ യാത്രയും. ……അതൊരുകാലം! ആകുലതകളുടെയും ആശങ്കകളുടെയും സംശയത്തിന്റെയും നിഴല്‍പ്പാടുകള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ ആധുനികതയുടെ ആസുരതയ്ക്കുമുന്‍പ് അങ്ങനെയും ഒരു നല്ലകാലമുണ്ടായിരുന്നു.
‘-കടത്തുതോണിക്കാരാ…… കടത്തുതോണിക്കാരാ……’ നിശ്ശബ്ദതയെ മുറിച്ച് ഒരു ഗാനം ഒഴുകിവരുന്നുണ്ട്. കടത്തുകാരന്റെ ജീവിതം എന്നും ദൈന്യതകള്‍ നിറഞ്ഞതായിരുന്നു. വെയിലും മഴയും മഞ്ഞും ഋതുഭേദങ്ങളും ഒരുപോലെ വകഞ്ഞുപോകുന്ന അതിജീവനത്തിന്റെ ചിത്രമായിരുന്നു അത്.
കടത്തുതോണിയെയും കടവിനെയും കടത്തുകാരനെയും പ്രമേയമാക്കി നിരവധി ഗാനശകലങ്ങളും കഥകളും തിരക്കഥകളും ഉണ്ടായിട്ടുണ്ട്. എം.ടി.വാസുദേവന്‍നായരുടെ പ്രസിദ്ധമായ കടവ്എന്ന സിനിമയും നമ്മില്‍ നിറഞ്ഞുനില്‍ക്കുന്നു.
‘മഞ്ഞ്’ എന്ന മനോഹരമായ നോവലില്‍ ചില കഥാപാത്രങ്ങളുടെ ഹൃദയത്തുടിപ്പുകളായി കടത്തുതോണികള്‍ കടന്നുവരുന്നുണ്ട്. ‘-യാത്രക്കാരെ കാത്തുകിടക്കുന്ന കടത്തുതോണികള്‍ നൈനിത്താള്‍ തടാകത്തിനുചുറ്റും നിരന്നു കിടക്കുന്നുമുണ്ട്. ഒരു ടൂറിസ്റ്റിന്റെ സന്തോഷമഭിനയിച്ച് കടത്തുതോണിയില്‍ ചുറ്റിക്കറങ്ങുന്ന വിമലയ്ക്കുമുണ്ട് ഒരു കാത്തിരിപ്പിന്റെ കഥ. എല്ലാ സീസണിലും ചായമടിച്ച് അണിഞ്ഞൊരുങ്ങുന്ന കടത്തുവള്ളങ്ങള്‍ വ്യര്‍ഥമായ കാത്തിരിപ്പിന്റെ പ്രതീകങ്ങളായി മഞ്ഞെന്ന നോവലില്‍ നിറയുന്നുണ്ട്. വള്ളത്തോളിന്റെ പ്രസിദ്ധമായ ”ഒരു തോണിയാത്ര” എന്ന കാവ്യം ഒരു കടത്തുവഞ്ചിയാത്രയുടെ മനോഹരമായ ഓര്‍മ്മയാണ്. താരാഗണങ്ങള്‍ നിറഞ്ഞ ചന്ദ്രികാച്ചര്‍ച്ചിതമായ ഒരു രാത്രിയില്‍ ഓളപ്പരപ്പിലൂടെ മന്ദം നീങ്ങുന്ന കടത്തു വഞ്ചിയില്‍ ഇരുന്ന് തോണിക്കാരന്‍ രാമായണം വായിക്കുകയാണ്. ഞാനൊന്നു വായിച്ചോട്ടെ എന്ന തോണിക്കാരന്റെ ചോദ്യത്തിന്, എനിക്കിഷ്ടമാണ് എന്നനുമതി കൊടുത്ത കവിയ്ക്ക് നല്ലൊരു കാവ്യാനുഭൂതിയാണ് ആ തോണിയാത്ര സൃഷ്ടിച്ചത്. ഇണങ്ങി നില്‍ക്കും ശ്രുതിയും രാഗവും അക്ഷരവ്യക്തതയും ഇല്ലാഞ്ഞിട്ടും ആ ഗാനപ്രവാഹം കവിയ്ക്ക് കര്‍ണ്ണാനന്ദം പകര്‍ന്നു.  അയാള്‍ പാരായണം ചെയ്ത ഗാനം രാമായണമായിരുന്നു. അയാളുടെ ഭക്തിസാന്ദ്രമായ സ്വരം ആ തോണിയാത്രയെ അനശ്വരമാക്കിയെന്നു വള്ളത്തോള്‍ എഴുതിയിട്ടുണ്ട്. ഇങ്ങനെ പുരാണങ്ങളും ഇതിഹാസങ്ങളും കൃതികളും ഒക്കെയൊക്കെ കടത്തുതോണികളുടെ പ്രാധാന്യത്തെ പ്രകീര്‍ത്തിച്ചിരിക്കുന്നു.
പുഴയുടെ മാറിലൂടെ തോടുകളുടെ ആഴപ്പരപ്പിനുമുകളിലൂടെ, യാത്രക്കാരന്റെ ഉള്‍ജ്ജ്വരമറിഞ്ഞ് നെഞ്ചിലെ പതപ്പുകള്‍  ആവാഹിച്ച് ഓളങ്ങള്‍ മുറിച്ചു മുന്നേറുന്ന കടത്തുവള്ളങ്ങള്‍ പലതിനും വേദിയായിരുന്നു. അതില്‍ ചര്‍ച്ചചെയ്യാത്ത കാര്യങ്ങള്‍ കുറവായിരുന്നു. കേരളത്തിന്റെ വ്യാപാരശ്രൃംഖലയുടെ മുഴുവന്‍ വ്യാഖ്യാനങ്ങളും ഒരു കാലത്ത് കടത്തുവഞ്ചികളില്‍ ചര്‍ച്ച ചെയ്തിരുന്നു.
വിവാഹിതരായ വധുവും വരനും കഴുത്തില്‍ പൂമാലയണിഞ്ഞ് കടത്തുവള്ളങ്ങളില്‍ യാത്ര ചെയ്യുന്നത് കൗതുകത്തോടെ നോക്കി നിന്ന ഒരു ബാല്യകാലം നമുക്കെപ്പെഴോ ഉണ്ടായിരുന്നു.
മഴയുടെ ഉച്ചക്കിറുക്കുകളില്‍ വാഴയിലത്തണലില്‍ നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി കടത്തുതോണികളില്‍ ഓടിക്കയറിയിരുന്ന പരിഷ്‌ക്കാരമില്ലായ്മയുടെ കാലം എന്നേ കഴിഞ്ഞിരിക്കുന്നു.
വാഹനങ്ങള്‍ വിപുലമാകാതിരുന്ന ഒരുകാലത്ത് സിനിമാതീയേറ്ററുകളില്‍ നിന്ന് പുതിയ സിനിമയുടെ വരവറിയിക്കുന്ന നോട്ടീസുകളുമായി ചെണ്ടമേളത്തോടെ വരുന്ന നോട്ടീസുവിതരണക്കാരുടെ യാത്രയും കടത്തുതോണികളിലായിരുന്ന ഒരുകാലമുണ്ടായിരുന്നു.ബാര്‍ട്ടര്‍സമ്പ്രദായത്തിന്റെ ഒരു കാലഘട്ടവും കേരളത്തിലുണ്ടായിരുന്നു. ഇക്കാലത്ത് തൊടികളില്‍ നിന്നുവെട്ടുന്ന വാഴക്കുലകളും തേങ്ങയുമൊക്കെയായി ചന്തയിലേക്ക് തിരിക്കുന്ന സാധാരണക്കാരെ കടത്തുവള്ളങ്ങളില്‍ കാണാം. തിരികെയുള്ള യാത്രയില്‍ ഈ തോണികളില്‍ അവര്‍ക്കാവശ്യമുള്ള മറ്റു സാധനങ്ങളുമായിട്ടായിരിക്കും ഇവരുടെ മടക്കം.
ജീവന്റെ ഉള്‍ത്തുടിപ്പുകള്‍ അറിയുന്നതുപോലെ വേദനാജനകങ്ങളായ പല സംഭവങ്ങള്‍ക്കും കടത്തുതോണികള്‍ പ്രയോജനമായിരുന്ന ഒരു കാലവും വിദൂരത്തല്ലാതെ നമുക്കോര്‍ത്തെടുക്കാം. ചേതനയറ്റ ഉറ്റവരുടെ ശരീരങ്ങളുമായി ശ്മശാനങ്ങളെ ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കും കടത്തുതോണിയും കടത്തുകാരനും പാത്രമാകേണ്ടി വന്നിട്ടുണ്ട്. ആംബുലന്‍സുകളും ജീപ്പുകളും ട്രക്കുകളുമൊക്കെ നിരത്തുകളെ സജീവമാക്കുന്നതിനു മുന്‍പ് കടത്തുവള്ളങ്ങള്‍ മനുഷ്യജീവിതത്തിന്റെ നാനാവിധമായ വ്യാപാരങ്ങളെ കണ്ടറിഞ്ഞ് നമ്മുടെ ജീവിതത്തിന്റെതന്നെ ഭാഗമായിക്കഴിഞ്ഞിരുന്നു.ഇത് നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെയും, ഇടിച്ചു നിരത്തലുകളുടെയും കാലമാണ്. മലതുരന്ന്, മണലൂറ്റി, കാടുവെട്ടി ഗതിമുടക്കി വഴിതടഞ്ഞ് ‘-വികസനം’ നടത്തുന്ന കാലം! ആറുകള്‍ക്കും തോടുകള്‍ക്കും കുറുകെ പാലങ്ങള്‍ നിരക്കുന്നു.  വാഹനങ്ങള്‍ക്ക് നിമിഷനേരങ്ങള്‍ക്കകം ചീറിപ്പാഞ്ഞ് മറുകരയിലെത്താം.
കനവുനഷ്ടപ്പെട്ട കടത്തുകാരന് ജീവിതമാര്‍ഗ്ഗവും നഷ്ടപ്പെടുകയാണ്. ഇന്ന് കടത്തുതോണികളെ ആര്‍ക്കും വേണ്ട. അഥവാ കയറിയാല്‍ത്തന്നെ അക്കരെയെത്തുമോ എന്ന ഭയമാണ് പലര്‍ക്കും. വികസനം കടന്നെത്തിയിട്ടില്ലാത്ത കായലോരപ്രദേശങ്ങളിലും ഉള്‍നാടന്‍പ്രദേശങ്ങളിലും മാത്രമാണ് അല്പമെങ്കിലും കടത്തുതോണികള്‍ക്ക് നിലനില്‍പുള്ളത്.
അവഗണനയുടെയും, അവശ്യവസ്തുവല്ലെന്ന ധാരണയുടെയും പരിണതഫലമായി കടത്തുവള്ളം യാത്രയാവുകയാണ്. കരയില്‍ കാത്തുനില്‍ക്കുന്ന യാത്രക്കാരനില്ലാതെ…… ഇനിയൊരിക്കല്‍ നമ്മുടെ പുതിയ തലമുറയ്ക്ക് ചിത്രങ്ങളോ പുരാവസ്തുവകുപ്പില്‍ സൂക്ഷിച്ചിരിക്കുന്ന പഴയ ഒരു മാതൃകയോ ചൂണ്ടിക്കാട്ടി ഇതാണ് ‘-കടത്തുവള്ളം’ എന്നു പറയുന്ന ഒരുകാലം അതിവിദൂരത്തല്ലെന്നു പറയാം.

You must be logged in to post a comment Login