കടുത്ത സാമ്പത്തിക പ്രതിസന്ധി; ആസ്‌ക് മീ പ്രവര്‍ത്തനം നിര്‍ത്തുന്നു.

downloadന്യൂഡല്‍ഹി: കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോം ആയ ആസ്‌ക് മീ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇതോടെ 4000 ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടും. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.

ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനിയുടെ ഇകൊമേഴ്‌സ് പ്ലാറ്റ് ഫോം ഇപ്പോഴും
പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പുതിയ ഓര്‍ഡറുകളൊന്നും സ്വീകരിക്കുന്നില്ല. മുന്നറിയിപ്പില്ലാതെ മുഖ്യ നിക്ഷേപക ഗ്രൂപ്പായ ആസ്‌ട്രോ ഹോള്‍ഡിംഗ്‌സ് പിന്മാറിയതാണ് ആസ്‌ക് മീ പ്രവര്‍ത്തനം നിര്‍ത്താന്‍ കാരണം.

പരസ്യ സൈറ്റായി 2010ലാണ് ആസ്‌ക് മീ ഡോട്ട് കോം പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് 2012ല്‍ ആസ്‌ക് മീ ബസാര്‍ എന്ന പേരില്‍ ഷോപ്പിംഗ് പോര്‍ട്ടല്‍ ആരംഭിച്ചു. 2013ല്‍ ഗെറ്റ് ഇറ്റിനെ ആസ്‌ക് മീ ഏറ്റെടുത്തു.

70 നഗരങ്ങളിലായി 12,000 വ്യാപാരികള്‍ ആസ്‌ക് മിയുമായി സഹകരിച്ചിരുന്നു. രണ്ടു കോടി ഡോളറിന്റെ നിക്ഷേപവുമായി മേബെല്‍ കാര്‍ട്ട് എന്ന ഫര്‍ണീച്ചര്‍ സംരംഭത്തിന് ആസ്‌ക് മീ തുടക്കം കുറിച്ചത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ്.

മലേഷ്യന്‍ ശതകോടീശ്വരനായ അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള ആസ്‌ട്രോ ഗ്രൂപ്പ് കഴിഞ്ഞ മാസമാണ് ആസ്‌ക് മീ ഗ്രൂപ്പില്‍നിന്ന് പിന്‍മാറിയത്. ആസ്‌ക് മീയുടെ 97 ശതമാനം ഓഹരികളും കൈയാളിയിരുന്നത് ആസ്‌ട്രോ ഗ്രൂപ്പാണ്. കഴിഞ്ഞ മാസം 150 കോടി രൂപയുടെ നിക്ഷേപമായിരുന്നു ആസ്‌ട്രോ ഗ്രൂപ്പ് നടത്തിയത്. പ്രതിസന്ധി രൂക്ഷമായതിനാല്‍ 650ലധികം ജീവനക്കാര്‍ ആസ്‌ക് മീയില്‍ രാജിക്കത്ത് സമര്‍പ്പിച്ചിട്ടണ്ട്.

You must be logged in to post a comment Login