കണിവെള്ളരി കൃഷിക്ക് തയ്യാറെടുക്കാം

വിഷുക്കണിയില്‍ കൊന്നയോളം തന്നെ പ്രാധാന്യമുണ്ട് വെള്ളരിക്ക് ‘ഉച്ചാലുച്ചയ്ക്ക് കണിവെള്ളരി കുഴിച്ചിട്ടാല്‍ വിഷുവുച്ചയ്ക്ക് കായ പറിക്കാം’ .ചുരുങ്ങിയ കാലയളവിനുള്ളില്‍ കായ്ക്കാനുള്ള കണിവെള്ളരിയുടെ പ്രത്യേകതയാണ് കര്‍ഷകര്‍ക്കി ടയില്‍ ഇങ്ങനെയൊരു ചൊല്ലുണ്ടാകാന്‍ കാരണം. രണ്ടു മാസത്തിനകം വിളവെടുപ്പ് നടത്താന്‍ കഴിയുന്ന അപൂര്‍വം പച്ചക്കറികളില്‍ ഒന്ന്. കറിവയ്ക്കാന്‍ ഉപയോഗിക്കാമെങ്കിലും കൂടുതല്‍ ഡിമാന്റുള്ള വിഷുക്കാലത്താണ് മിക്കവരും കൃഷി ചെയ്യുന്നത്.
മുടിക്കോട് ലോക്കല്‍ , സൗഭാഗ്യ,അരുണിമ എന്നിവയാണ് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത പ്രധാന വെള്ളരിയിനങ്ങള്‍. 56 ദിവസംകൊണ്ട് ഏക്കറിന് 12 ടണ്‍ വിളവ് നല്‍കുന്ന മുടിക്കോട് ലോക്കല്‍ വലിപ്പമുള്ള കായ്കളും സൗഭാഗ്യ വലിപ്പം കുറഞ്ഞ കായ്കളുമാണ് .
വിഷുക്കണിക്കായി ഫിബ്രുവരി ആദ്യ വാരമെങ്കിലും കൃഷിയിറക്കണം .ഒരു സെന്റ് കൃഷിക്ക് 3 ഗ്രാം വിത്ത് വേണം വരികള്‍ തമ്മില്‍ 2 മീറ്ററും തടങ്ങള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലം നല്‍കണം.60 സെ.മി വ്യാസവും,45 സെ.മി ആഴവുമുള്ള തടങ്ങള്‍ ഉണ്ടാക്കി അതില്‍ ചവറിട്ട് കത്തിക്കണം.അടിവളമായി തടമൊന്നിന് 10 കിലോഗ്രാം ചാണകപ്പൊടിയും 1 കിലോഗ്രാം വേപ്പിന്‍ പിണ്ണാക്കും മേല്‍ മണ്ണും ചേര്‍ത്ത് ഒരു തടത്തില്‍ 5 വീതം വിത്ത് ഇടാം.വിത്തുകള്‍ മുളച്ചുകഴിഞ്ഞാല്‍ ആരോഗ്യമുള്ള മൂന്ന് തൈകള്‍ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ പിഴുത് മാറ്റാവുന്നതാണ്. തുടര്‍ന്ന് വള്ളി വീശുമ്പോഴും പൂവിടുന്ന സമയത്തും പച്ച ചാണകം കടലപ്പിണ്ണാക്ക് പുളിപ്പിച്ച് ഒഴിച്ച് കൊടുക്കുന്നത് കൂടുതല്‍ പൂക്കളും കായ് കളും ഉണ്ടാകാന്‍ ഉപകരിക്കും .മഴയില്ലെങ്കില്‍ മൂന്നുനാലു ദിവസം ഇടവിട്ട് നനയ്ക്കുക.പൂവിടാന്‍ തുടങ്ങുമ്പോള്‍ രണ്ട് ദിവസത്തിലൊരിക്കല്‍ നനയ്‌ക്കേണ്ടതാണ്. വെള്ളരി വള്ളി വീശിപടരുവാന്‍ തുടങ്ങിയാല്‍ പുതയിടുന്നത് പൂക്കളും കായ്കളും വാടിപ്പോകുന്നത് തടയും.
വെള്ളരി വര്‍ഗ്ഗ വിളകളെ ആക്രമിക്കുന്ന കായീച്ചക്കെതിരെ ജൈവരീതിയില്‍ കെണികളൊരുക്കി നശിപ്പിക്കാം.ഇലകളില്‍ കാണുന്ന നരപ്പ് രോഗത്തിനെതിരെ സുഡോമോണാസ് സ്‌പ്രേ ചെയ്യാം. വെള്ളരി നമ്മുടെ ശരീരത്തിന് തണുപ്പേകാനും മലബന്ധം അകറ്റാനും മഞ്ഞപ്പിത്തം തടയാനും സഹായിക്കും.

You must be logged in to post a comment Login