കണ്ടു പിടിത്തങ്ങള്‍ ഓരോന്നായി പരാജയപ്പെട്ട് ജയറാം…ഓടി നടന്ന് കത്ത് കൊടുത്ത് ഇഷയും

ഇഷ തല്‍വാര്‍ ഇപ്പോള്‍ തിരക്കിലാണ്. ഓടി നടന്ന കത്ത് കൊടുക്കുകയാണ് കക്ഷിയിപ്പോള്‍. തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച സുന്ദരിയാണെന്നോര്‍ക്കണം ഇപ്പോള്‍ ഈ പണിക്കിറങ്ങിയിരിക്കുന്നത്. ജയറാമിനെ നായകനാക്കി അക്കു അക്ബര്‍ ഒരുക്കുന്ന ഉത്സാഹക്കമ്മിറ്റി എന്ന സിനിമയിലാണ് ഇഷയുടെ പോസ്റ്റ് വുമണിന്റെ വേഷം ധരിക്കുന്നത്. ഷൈജു അന്തിക്കാടാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

പാലക്കാടുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഏഴാം ക്ലാസില്‍ തോറ്റെങ്കിലും ശാസ്ത്രജ്ഞനാകുന്നത് സ്വപ്നം കണ്ടു നടക്കുന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. തന്റെ കണ്ടുപിടിത്തങ്ങള്‍ ഓരോന്നായി പരാജയപ്പെടുകയാണെങ്കിലും അയാള്‍ പ്രതീക്ഷ കൈവെടിയുന്നില്ല. ഓരോ തവണ പരാജയപ്പെടുന്‌പോഴും പേരു വെളിപ്പെടുത്താത്ത ഒരു പെണ്‍കുട്ടി അയാളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നു. മുതിര്‍ന്ന നടി ഷീലയുടെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ജയറാമിന് പുറമെ ബിജു മേനോന്‍, മനോജ് കെ.ജയന്‍, ബാബുരാജ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

വെള്ളരി പ്രാവിന്റെ ചങ്ങാതി, റോമന്‍സ് എന്നിവയ്ക്കു ശേഷം ചാന്ദ്‌നി ക്രിയേഷന്‍സിന്റെ ബാനറില്‍ അരുണ്‍ഘോഷും ബിജോയ് ചന്ദ്രനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണിത്‌

You must be logged in to post a comment Login