കണ്ണീര്‍പ്പുഴയില്‍ നാല് പതിറ്റാണ്ട്

ആറ്റക്കോയ പള്ളിക്കണ്ടി

വിടവാങ്ങല്‍ എവിടെയും വേദനാജനകമാണ്. പക്ഷെ നാലുപതിറ്റാണ്ടുകാലത്തെ ഗള്‍ഫ് ജീവിതത്തോട് വിടപറയുമ്പോള്‍ തടവില്‍ നിന്നു രക്ഷപ്പെട്ട ആശ്വാസവും ആഹ്ലാദവും. ജീവിതത്തിനും മരണത്തിനുമിടയില്‍, അടിമത്വത്തിന്റെ വേദനസഹിച്ച് പതിനായിരക്കണക്കിന് മലയാളികള്‍ ഈ പ്രവാസഭൂമിയില്‍ നരകയാതന അനുഭവിച്ച് കഴിയുന്നുണ്ടെന്നത് ഇവിടെ എത്തിയ ശേഷമാണ് മനസ്സിലാകുന്നത്.
നിലാവിന്റെ സുതാര്യതയേറ്റ് മണലാരണ്യത്തിലൂടെ ഒട്ടകപ്പുറത്തിരുന്നു യാത്ര ചെയ്യുന്ന അറബികള്‍. അറബിപൊന്നിന്റെ ചെറുസാമ്രാജ്യങ്ങള്‍, ഈത്തപ്പഴത്തോട്ടങ്ങള്‍, വ്യവസായ ശൃംഖലകള്‍. ദുബൈ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങി ഗള്‍ഫിന്റെ സമ്പന്നത ആശ്രയിച്ചുകൊണ്ട് മരുഭൂമിയിലൂടെയുള്ള യാത്ര.
ഉമ്മയും സഹോദരിമാരും ഒരുനേരമെങ്കിലും വിശപ്പടക്കണമെന്ന ആഗ്രഹംകൊണ്ടാണു നാടുവിടാന്‍ തീരുമാനിച്ചത്. കലന്തന്‍ ഹാജിയുടെ വീട്ടില്‍ പകലന്തിയോളം ജോലിചെയ്ത് പഴുത്ത് പൊട്ടിയ ഉമ്മയുടെ കൈകളില്‍ മരുന്നുപുരട്ടികൊടുക്കുമ്പോള്‍ സാന്ത്വനപ്പെടുത്തും. ‘ഉമ്മ വിഷമിക്കണ്ട. നമ്മുടെ ബുദ്ധിമുട്ടെല്ലാം തീരും. ഞാന്‍ ഗള്‍ഫിലെത്തട്ടെ’.
ഹാജിയാരുടെ വീട്ടിലെ ജോലികഴിഞ്ഞ് ഉമ്മ കൊണ്ടുവരുന്ന ഭക്ഷണം കഴിച്ച് ഞാനും സഹോദരിമാരും വിശപ്പടക്കും. കുടുംബത്തിന്റെ ആകെ സമ്പാദ്യമായിരുന്ന കൊച്ചുവീട് ബാപ്പയുടെ ചികിത്സയ്ക്കുവേണ്ടി വിറ്റത് കാരണം ഹാജിയാരുടെ പറമ്പിലെ ഓലക്കുടിലില്‍ വാടകക്കാണു ഉമ്മയും സഹോദരിമാരും താമസം.
ദുബായില്‍ തൊഴില്‍ ഉടമയുടെ വീട്ടിനു മുമ്പില്‍ ജീപ്പ് നിന്നു. കൊട്ടാര സദൃശ്യമായ വീട്. സ്വര്‍ണ്ണം വിളയുന്ന ഈ പറുദിസയില്‍ എത്തിപ്പെട്ട ആഹ്ലാദത്തോടെയാണ് വീട്ടിലേക്ക് കയറിയത്. വീട്ടുജോലിക്കാണു എന്നെ കൊണ്ടുവന്നതെന്നു അറബിയുടെ സംസാരത്തില്‍ നിന്നും മനസ്സിലായതോടെ ഞാനാകെ തളര്‍ന്നു. അറബി അദ്ധ്യാപകന്റെ ജോലി ലഭിക്കുമെന്നു പറഞ്ഞത് കൊണ്ടാണ് പലരില്‍ നിന്നും കടംവാങ്ങി എണ്‍പതിനായിരം രൂപ വിസക്കുവേണ്ടി ഏജന്റിനു കൊടുത്തത്.
തൊഴില്‍ ഉടമ ജോര്‍ദാന്‍ വംശജനാണ്. ക്രൂരമായ സ്വഭാവം. വീട് വൃത്തിയാക്കണം. വസ്ത്രങ്ങള്‍ കഴുകണം. ഒട്ടകങ്ങള്‍ക്കും വീട്ടിലെ മാനുകള്‍ക്കും ഭക്ഷണം കൊടുക്കണം. ഇതെല്ലാമാണു ജോലി. ഈ ജോലികളൊന്നും പരിചയമില്ലെന്നും അറബി അദ്ധ്യാപകന്റെ ജോലിക്കാണു കൊണ്ടുവന്നതെന്നും ജോര്‍ദാനിയോട് കരഞ്ഞ് പറഞ്ഞിട്ടും കേട്ടഭാവമില്ല. എന്നാല്‍ ഇത് കേട്ട് നിന്ന ജോര്‍ദാനിയുടെ ഭാര്യയുടെ ക്രൂരമായ ശകാരം. ദിവസങ്ങള്‍ കഴിയുമ്പോഴാണു ഗള്‍ഫിന്നു മറ്റൊരു മുഖമുണ്ടെന്നു മനസ്സിലാകുന്നത്.
വീട്ടിന്നു പുറത്ത് തകരഷീറ്റ് കൊണ്ട് മറച്ച ടെന്റില്‍ ഒറ്റക്കാണു താമസം. കാറ്റും വെളിച്ചവും കടക്കാത്ത ഒരു കൊച്ചുമുറി. വൈദ്യുതിയില്ല. ഒരു ചിമ്മിണി വിളക്ക് മാത്രം. സംസാരിക്കാനോ വേദന പങ്കുവെയ്ക്കാനോ ആരുമില്ല. എന്നെപ്പോലെ ഏകാന്തതയും അനാഥത്വവുമനുഭവിക്കുന്നവര്‍ ഈ മണല്‍ നഗരങ്ങളില്‍ പതിനായിരക്കണക്കിലുണ്ടെന്നു ഇവിടെ എത്തിയശേഷമാണ് മനസ്സിലാകുന്നത്.
വേവിച്ച മക്രോണിയും റൊട്ടിയുമാണ് ജോലി ചെയ്യുന്ന വീട്ടില്‍ നിന്നു കിട്ടുന്ന ഭക്ഷണം. ഒട്ടകങ്ങളുടെ ഓട്ടമത്സരം നടക്കുമ്പോള്‍ അവയോടൊപ്പം അതാത് സ്ഥലങ്ങളിലേക്ക് പോകണം. ആ സമയങ്ങളില്‍ ഭക്ഷണവും ഉറക്കവുമെല്ലാം ഒട്ടകങ്ങളോടൊപ്പം. നരകതുല്യമായ ജീവിതം. ഓരോ കാരണങ്ങള്‍ പറഞ്ഞ് ജോര്‍ദാനിയും ഭാര്യയും മര്‍ദിക്കുകയും ശകാരിക്കുകയും ചെയ്യും. ഒട്ടകം ഭക്ഷണം കഴിച്ചില്ലെങ്കിലും ഒട്ടകത്തിനു രോഗം വന്നാലും മര്‍ദ്ദനം എനിക്കാണ്. ഈ കദനകടലില്‍ നിന്നും രക്ഷപ്പെടാന്‍ സാധിച്ചെങ്കില്‍! നാലു ഭാഗത്തും സമുദ്രം പോലെ പരന്നുകിടക്കുന്നമരുഭൂമി.
മാസങ്ങള്‍ പിന്നിട്ടു. ശരീരം മെലിഞ്ഞൊട്ടി. താടിയും മുടിയും നീണ്ട് വികൃത വേഷം. ഇതിന്നിടയില്‍ റമസാന്‍ മാസം പിറന്നു. ഇനി ഒരുമാസം വ്രതാനുഷ്ഠാനം. പകല്‍ മുഴുവന്‍ പട്ടിണി കിടന്നു സന്ധ്യക്ക് നോമ്പ് തുറക്കാന്‍ കിട്ടുന്നത് ചുട്ടമാംസം, റൊട്ടി, രണ്ടു മുന്നു ഈത്തപ്പഴം. നോമ്പ് തുറന്നശേഷം വീണ്ടും ജോലി ചെയ്യണം. പിന്നീട് നമസ്‌കാരത്തിനു പള്ളിയിലേക്കു പോകും. നമസ്‌കാരം കഴിഞ്ഞ് നാഴികകള്‍ നടന്നു മുറിയിലെത്തുമ്പോള്‍ വിശന്നുക്ഷീണിച്ചു തളര്‍ന്നിരിക്കും. റൂമിലുള്ള ഉണക്കറൊട്ടിയും കഴിക്കും. ഒട്ടകത്തിനു കൊടുക്കുന്ന വെള്ളം കുടിക്കും.
റമസാന്‍ മാസം മുപ്പത് പിന്നിട്ടു. ചെറിയ പെരുന്നാളിന്റെ വരവറിയിച്ച് മാനത്ത് ശവ്വാലമ്പിളി തെളിഞ്ഞു. പെരുന്നാള്‍ ദിവസം പുലര്‍ച്ചെ നമസ്‌കാരത്തിനു പള്ളിയിലേക്കു പുറപ്പെട്ടു. നമസ്‌കാരം കഴിഞ്ഞ് തിരിച്ചുവന്നു മുറിയില്‍ ഏകനായിരുന്നു. മൂന്നുമണിയോടുകൂടി അടുത്ത റൂമില്‍ താമസിക്കുന്ന ബംഗ്ലാദേശുകാരന്‍ ഗുലാം മുഹമ്മദ് പെരുന്നാള്‍ ഭക്ഷണത്തിനു ക്ഷണിച്ചു. ഭക്ഷണം കഴിക്കാന്‍ ഞങ്ങളോടൊപ്പം അബ്ദുല്ല എന്ന കാസര്‍കോട്ടുകാരനുമുണ്ടായിരുന്നു. അബ്ദുല്ല ഞങ്ങളുടെ തൊഴില്‍ ഉടമയുടെ ഈത്തപ്പഴം തോട്ടത്തിലെ ജോലിക്കാരനാണ്.
സംസാരത്തിനിടയില്‍ അയാള്‍ തന്റെ കുടുംബകാര്യങ്ങള്‍ പറഞ്ഞു. നാട്ടില്‍ പോയിട്ട് പത്ത് വര്‍ഷമായി. വളരെ തുച്ഛം കാശാണു അറബിയില്‍ നിന്നു ലഭിക്കുന്നത്. അത് തന്നെ കൃത്യമായി ലഭിക്കാറില്ല. നാട്ടില്‍ ഭാര്യയും നാല് കുട്ടികളും എന്റെ കാശും കാത്താണ് കഴിയുന്നത്. രണ്ടുപേര്‍ പഠിക്കുന്നു. കിട്ടുന്ന കാശ് അപ്പടി നാട്ടിലേക്കയക്കും. പെരുന്നാളിന്നു കുട്ടികളോടും കുടുംബത്തോടുമൊപ്പം കഴിയാനാകാതെ പത്ത് വര്‍ഷം കടന്നുപോയി. അയാള്‍ നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞവസാനിപ്പിച്ചു.
ഗുലാം മുഹമ്മദ് ഞങ്ങളുടെ മുമ്പില്‍ ഭക്ഷണം വിളമ്പി. ഉപ്പോ മുളകോ ചേര്‍ക്കാതെ പുഴുങ്ങി എടുത്ത ഒട്ടക ഇറച്ചിയും പാക്കിസ്താനി റൊട്ടിയും. മരച്ചീളുകള്‍ പോലെയുള്ള റൊട്ടി. ഒരു കഷ്ണം റൊട്ടി ഇറച്ചിയോട് ചേര്‍ത്ത് വായിലിട്ടു. കഴിക്കാന്‍ സാധിക്കുന്നില്ല. ഒരു ദുര്‍ഗന്ധം. ഞാന്‍ അബ്ദുല്ലയെ നോക്കി. അയാളും എന്ത് ചെയ്യണമെന്നറിയാതെ പരുങ്ങുന്നു. ഞാനും അബ്ദുല്ലയും ഒന്നും കഴിക്കാതെ പുറത്തിറങ്ങി.
വിശപ്പ് സഹിക്കാനാവാതെ റൂമിന്നു പുറത്തുള്ള കട്ടിലില്‍ തളര്‍ന്നുവീണു. പെരുന്നാള്‍ ദിവസത്തെ വിധി ഓര്‍ത്തിട്ടാകണം അബ്ദുല്ലയുടെ കണ്ണുകള്‍ നിറഞ്ഞു. ഗള്‍ഫില്‍ പെരുന്നാള്‍ നാളില്‍ പട്ടിണികിടക്കേണ്ടിവന്ന ദുരന്താനുഭവം ഓര്‍ത്ത് ഞാനും കരഞ്ഞുപോയി.
ഉമ്മയെയും പെങ്ങന്മാരെയും ഓര്‍ത്ത് എല്ലാം സഹിച്ച് ദിവസങ്ങള്‍ തള്ളിനീക്കി. അറബി തരുന്ന കാശ് നാട്ടിലേക്കയക്കും. ദുരിതവും പട്ടിണിയും ശകാരവും മര്‍ദ്ദനങ്ങളും. പലപ്പോഴും മാനസിക സമനില തെറ്റി. ഇരുട്ടുമുറിയില്‍ നാല് പതിറ്റാണ്ട് പിന്നിട്ടതറിഞ്ഞില്ല. അതിന്നിടയില്‍ രോഗങ്ങള്‍ പലതും. ഇനി ജോലി ചെയ്യാന്‍ സാധിക്കില്ലെന്നു മനസ്സിലാക്കി വിസ കേന്‍സല്‍ ചെയ്ത് നാട്ടിലേക്ക് തിരിച്ചയക്കുകയാണ്. അറബിയുടെ കൂടെ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയില്‍ മനസ്സ് മുഴുവന്‍ നാട്ടിന്റെ ചിത്രങ്ങളായിരുന്നു. എന്റെ വിസ കേന്‍സല്‍ ചെയ്താല്‍ മാത്രമെ മറ്റൊരു വിസ കിട്ടൂ…
വിമാനം പുറപ്പെടാന്‍ സമയമായി. അറബി വാഹനത്തിനു വേഗത കൂട്ടി. ഞാന്‍ ചിന്തയിലാണ്ടു. ഒരു വിസയുടെ ബലത്തില്‍ നിറഞ്ഞ മോഹങ്ങളുമായി ഇവിടെ എത്തിപ്പെട്ട പതിനായിരങ്ങള്‍ ഈ നഗരത്തിലെത്തിയശേഷമാണ് ചുട്ടുപൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളറിഞ്ഞ് ഞെട്ടുന്നത്. തൊഴിലുടമയുടെ മര്‍ദ്ദനം സഹിക്കാനാവാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചവര്‍, അവയവങ്ങള്‍ നഷ്ടപ്പെട്ടവര്‍, ഏജന്റുമാരുടെ വഞ്ചനയില്‍പ്പെട്ട് മയക്ക്മരുന്നുകടത്തിനു ഇരകളായി ജയിലിലകപ്പെട്ടവര്‍-ഇങ്ങിനെ ജീവിതത്തിനും മരണത്തിനുമിടയില്‍ അടിമത്വത്തിന്റെ വേദനകളും യാതനകലും സഹിച്ച് അറബ് വീടുകളിലും ജയിലറകളിലും കണ്ണീര്‍കുടിച്ചു കഴിയുന്ന പതിനായിരക്കണക്കിന് മലയാളികള്‍!!!
‘ലാ അല്ലാസിര്‍’
അറബിയുടെ ആജ്ഞകേട്ടാണു ചിന്തയില്‍ നിന്നുണര്‍ന്നത്. ദുബൈ എയര്‍പോര്‍ട്ടിലെത്തി. ഇനി നാട്ടിലേക്ക്…

You must be logged in to post a comment Login