കണ്ണൂര്‍, കരുണ മെഡി. കോളജുകളുടെ എംബിബിഎസ് പ്രവേശനം റദ്ദാക്കി

mbbs-jpg-image-470-246

സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികളും ജസ്റ്റിസ് ജെ.എം.ജയിംസ് കമ്മിറ്റിയുടെ നിര്‍ദേശങ്ങളും ലംഘിച്ച് എംബിബിഎസ് പ്രവേശനം നടത്തിയ രണ്ടു സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഈ വര്‍ഷത്തെ മുഴുവന്‍ പ്രവേശനവും ജയിംസ് കമ്മിറ്റി റദ്ദാക്കി. ഒരു സ്വാശ്രയ മെഡിക്കല്‍ കോളജിലെ പ്രവേശനം ഭാഗികമായും റദ്ദു ചെയ്തിട്ടുണ്ട്. അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളജ് എന്നിവ അടുത്ത അധ്യയനവര്‍ഷത്തേക്കു സ്വന്തം നിലയില്‍ നടത്തിയ പ്രവേശനമാണു റദ്ദാക്കിയത്. ഇങ്ങനെ പ്രവേശിപ്പിച്ചവര്‍ക്ക് ആരോഗ്യ സര്‍വകലാശാലയുടെ റജിസ്‌ട്രേഷന്‍ നല്‍കില്ല. മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് സീറ്റിലേക്കു 30 വിദ്യാര്‍ഥികളുടെ പേര് പ്രസിദ്ധീകരിച്ചുവെങ്കിലും അവരുടെ നീറ്റ് റാങ്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കാത്ത സാഹചര്യത്തില്‍ അതും റദ്ദാക്കി. ഈ കോളജില്‍ എന്‍ആര്‍ഐ സീറ്റിലേക്ക് അപേക്ഷിച്ചവരുടെ വിശദാംശങ്ങള്‍ രഹസ്യമാക്കിവച്ചിരിക്കുന്നതിനെതിരെയും കമ്മിറ്റി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അതേസമയം, മറ്റു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സംബന്ധിച്ചു വിദ്യാര്‍ഥികള്‍ ഇതിനോടകം നല്‍കിയ പരാതികള്‍ നാളെ പരിഗണനയ്‌ക്കെടുക്കുമെന്നു ജയിംസ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. പ്രവേശനം പൂര്‍ണമായും റദ്ദാക്കിയ രണ്ടു മെഡിക്കല്‍ കോളജുകളില്‍ ഏതെങ്കിലും വിദ്യാര്‍ഥികള്‍ സ്വന്തം നിലയില്‍ പ്രവേശനം നേടിയിട്ടുണ്ടെങ്കില്‍ സര്‍ക്കാരിന് ഉത്തരവാദിത്തം ഉണ്ടാവില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.നിയമാനുസൃതമായി പ്രവേശനം നേടുന്നവര്‍ക്കു മാത്രമേ അംഗീകാരം ഉണ്ടാവൂ. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലായി 250 എംബിബിഎസ് സീറ്റുകളാണ് ഉള്ളത്. രണ്ടു കോളജുകളും സര്‍ക്കാരുമായി കരാര്‍ ഒപ്പുവച്ചിട്ടില്ല. കണ്ണൂര്‍ മെഡിക്കല്‍ കോളജിനു സ്വന്തം നിലയില്‍ പ്രവേശനം നടത്താന്‍ കഴിഞ്ഞ ഒന്‍പതിനു ജയിംസ് കമ്മിറ്റി അനുമതി നല്‍കിയിരുന്നു. എന്നാല്‍ കമ്മിറ്റി നിര്‍ദേശപ്രകാരം സുതാര്യമായി ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കാന്‍ അവര്‍ തയാറായില്ല. അപേക്ഷ സ്വീകരിക്കുന്നതിനു 19 വരെ സമയം ഉള്ളതിനാല്‍ അവര്‍ക്ക് ഇനിയും ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചു പുതിയതായി പ്രവേശനം നടത്താന്‍ അവസരമുണ്ടെന്നു ജയിംസ് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഓണ്‍ലൈന്‍ അല്ലാതെ അപേക്ഷിച്ചവര്‍ക്കു വേണമെങ്കില്‍ ഓണ്‍ലൈനായി ഇനി അപേക്ഷിക്കുകയും ചെയ്യാം. കരുണ മെഡിക്കല്‍ കോളജിലെ പ്രവേശന നടപടികള്‍ക്ക് അനുമതി നല്‍കി കഴിഞ്ഞ 10നു ജയിംസ് കമ്മിറ്റി ഉത്തരവിറക്കിയിരുന്നു. 19 വരെ അപേക്ഷ സ്വീകരിക്കണമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നുവെങ്കിലും അവര്‍ ആറിനു തന്നെ അപേക്ഷ സ്വീകരിക്കുന്നത് അവസാനിപ്പിച്ചു. ഈ കോളജിനും വേണമെങ്കില്‍ 19 വരെ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ചു ശരിയായ രീതിയില്‍ പ്രവേശനം നടത്താന്‍ അവസരമുണ്ട്. സര്‍ക്കാരുമായി കരാര്‍ ഒപ്പുവച്ച മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജില്‍ 100 സീറ്റ് ഉള്ളതില്‍ 50 സീറ്റിലേക്കാണു മാനേജ്‌മെന്റ് പ്രവേശനം നടത്തുന്നത്. 35% മാനേജ്‌മെന്റ് സീറ്റിലേക്കു 30 വിദ്യാര്‍ഥികളുടെ പേരുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചുവെങ്കിലും അവരുടെ റാങ്ക് ഉള്‍പ്പെടെയുള്ള വിശദാംശങ്ങളില്ല. എന്‍ആര്‍ഐ സീറ്റിലേക്ക് അപേക്ഷിച്ചവരുടെ കാര്യവും ഇല്ല. ഈ സാഹചര്യത്തില്‍ 30 പേരുടെ പ്രവേശനം കമ്മിറ്റി റദ്ദാക്കുകയായിരുന്നു. ഇതേ വിവരങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ മറ്റു മൂന്നു സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കു കൂടി കമ്മിറ്റി നോട്ടിസ് നല്‍കി. ട്രാവന്‍കൂര്‍, പി.കെ.ദാസ്, ഗോകുലം മെഡിക്കല്‍ കോളജുകളാണു കമ്മിറ്റി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും നല്‍കാതിരുന്നത്. ഇവര്‍ ഉടനടി ഇത്രയും വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും അതു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കമ്മിറ്റി ഉത്തരവിട്ടു.

You must be logged in to post a comment Login