കണ്‍സ്യുമര്‍ഫെഡ് ഓണചന്തകളില്‍ സബ്‌സിഡി ഇനങ്ങള്‍ക്ക് നിയന്ത്രണം

consumerfedകൊച്ചി: കണ്‍സ്യമുമര്‍ ഫെഡ് ആരംഭിക്കുന്ന ഓണചന്തകളില്‍ സബ്‌സിഡി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് നിയന്ത്രണം. ഒരു വിപണന കേന്ദ്രത്തില്‍ നിന്ന് ഒരു ദിവസം 50 റേഷന്‍കാര്‍ഡ് ഉടമകള്‍ക്കു മാത്രമായിരിക്കും സബസിഡി നിരക്കിലുള്ള സാധനങ്ങള്‍ ലഭിക്കുക. കണ്‍സ്യമര്‍ ഫെഡിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഓണക്കാലത്ത് 2500 ഓണചന്തകള്‍ ആരംഭിക്കുമെന്നായിരുന്നു കണ്‍സ്യുമര്‍ ഫെഡ് അറിയിച്ചിരുന്നത്. ഈ ചന്തകളില്‍ സപ്ലൈകോ മാതൃകയില്‍ അരി, പയര്‍, പരിപ്പ്, പഞ്ചസാര അടക്കം 13 ഇനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കും. എന്നാല്‍ പഞ്ചായത്ത് തലത്തിലുള്ള ഓണചന്തകളില്‍ ദിവസവും 50 റേഷന്‍കാര്‍ഡ് ഉടമകള്‍ക്കുവീതം പരമാവധി 500 പേര്‍ക്ക് ഇത്തരത്തില്‍ സബസിഡി ഇനങ്ങള്‍ ലഭിക്കും. താലൂക്ക് തലത്തില്‍ 250 പേര്‍ക്കും ജില്ലാ തലത്തില്‍ 1000 പേര്‍ക്കും ഇത്തരത്തില്‍ സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ ലഭിക്കും.

എല്ലാവര്‍ക്കും എല്ലാക്കാലത്തും സബ്‌സിഡിനിരക്കില്‍ സാധനങ്ങള്‍ ലഭിക്കുമെന്നു ധരിക്കുന്നത് അബദ്ധമാണ് .കണ്‍സ്യുമര്‍ ഫെഡിന് അതിനാവശ്യമായ സാമ്പത്തിക സ്ഥിതി ഇല്ലെന്നും കണ്‍സ്യമര്‍ ഫെഡ് എം.ഡി എം.രാമനുണ്ണി പറഞ്ഞു. 50 പേര്‍ക്ക് 13 ഇനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വില്‍ക്കുമ്പോള്‍ പ്രതിദിനം 24,000 രൂപയുടെ ബാധ്യതയാണ് കണ്‍സ്യമര്‍ ഫെഡിന് ഉണ്ടാകുന്നതെന്നും , നിലവിലെ സാഹചര്യത്തില്‍ ഇതു തന്നെ താങ്ങാനാവാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സഹകരണ സംഘങ്ങള്‍ ആരംഭിക്കുന്ന ഓണചന്തകളില്‍ അതതു സംഘങ്ങള്‍ക്കു സ്വന്തം നിലയില്‍ ആവശ്യാനുസരണം സാധനങ്ങള്‍ വില്‍ക്കാം. ഇതിനുവേണ്ട സാധനങ്ങള്‍ സംഭരണ വിലക്ക് കണ്‍സ്യുമര്‍ ഫെഡ് നല്‍കും. സബ്‌സിഡി ഇനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടെങ്കിലും മറ്റിനങ്ങള്‍ വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ യഥേഷ്ടം ലഭ്യമാക്കുമെന്നും അദേഹം പറഞ്ഞു

You must be logged in to post a comment Login