കത്തിരിയും വഴുതനങ്ങയുമായി പുത്തരിചുണ്ട

Untitled-3 copyസസ്യവംശവര്‍ധനവിന് സാധാരണ സ്വീകരിക്കുന്ന മാര്‍ഗങ്ങളാണ് വിത്ത്, സസ്യഭാഗങ്ങള്‍, ഗ്രാഫ്റ്റിംഗ്, ലെയറിംഗ്, ടിഷ്യുകള്‍ച്ചര്‍ തുടങ്ങിയവ. റബ്ബര്‍, കാപ്പി, ഏലം, ഫലവൃക്ഷങ്ങള്‍ ഉദ്യാനവിളകള്‍ എന്നിവയിലെല്ലാം ഈ മാര്‍ഗ്ഗം വ്യാപകമായി ചെയ്യുന്നുണ്ട്. മാതൃവൃക്ഷത്തിന്റെ അതേ ഗുണഗണങ്ങള്‍ നിലനിര്‍ത്താമെന്നുള്ളതാണ് ഇത്തരം വംശവര്‍ധനവുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ചെടിയില്‍ ഒന്നിലേറെ ഇനങ്ങള്‍ വച്ചുപിടിപ്പിച്ചാല്‍ അത് തോട്ടത്തിന് അലങ്കാരവും കാഴ്ചയ്ക്ക് മനോഹരവുമാണ്.
നമ്മുടെ നാട്ടില്‍ സാധാരണ കണ്ടുവരുന്ന ഒരിനം ചുണ്ടയാണ് പുത്തരിചുണ്ട. ജൈവാംശമുള്ള മണ്ണില്‍ അധികം പരിചരണം കൂടാതെ വളരുന്ന ഈ സസ്യത്തിന് കീടരോഗബാധ പൊതുവേ കുറവും. ചെറുമുള്ളുകളോടുകൂടി ഉദ്ദേശം 11/2 മീറ്റര്‍ ഉയരം. ശാഖോപശാഖകളായി വളരുന്ന ഈ കുറ്റിച്ചെടിയ്ക്ക് വീതിയുള്ള ഇലയും കുലകുലയായി പൂക്കളും കായ്കളും കാണാറുണ്ട്. ആയുര്‍വേദത്തില്‍ ഔഷധമായും, പാകമാകാത്ത കായ്കള്‍ കറിവെയ്ക്കാനും ഉപയോഗിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ‘ആല്‍ക്കലോയിഡിലാണ് ഔഷധഗുണമുള്ളത്. പലകാരണങ്ങളാല്‍ ഈ സസ്യം ഇന്ന് വംശനാശത്തിന്റെ ഭീഷണിയിലാണ്.
വഴുതിന വര്‍ഗ്ഗത്തില്‍പെട്ട ഈ സസ്യത്തെ അടുക്കളത്തോട്ടത്തിലും, വീട്ടുവളപ്പിലും, ചെടിച്ചട്ടിയിലും വളര്‍ത്താം. ‘സൊളാനേസി’ കുലത്തില്‍പ്പെട്ട ഈ ചെടിയെ അതേ ഇനത്തില്‍പ്പെട്ട തക്കാളി, വഴുതിന, കത്തിരി എന്നിവയുമായി ‘ഒട്ടിച്ചു’ ഒന്നില്‍നിന്നുതന്നെ പല ഇനത്തില്‍പ്പെട്ട കായ്കറികള്‍ ഉത്പാദിപ്പിക്കാം. ചെടിച്ചട്ടിയിലാണ് വളര്‍ത്തുന്നതെങ്കില്‍ വിത്തുപാകിമുളപ്പിച്ച് തൈകള്‍, മണ്ണ്, മണല്‍, ചാണകം എന്നിവ സമം ചേര്‍ത്ത മിശ്രിതത്തില്‍നട്ട് നനച്ച് വളര്‍ത്തിയാല്‍ 12 മാസമാകുമ്പോള്‍ തൈകള്‍ ‘പെന്‍സില്‍’ കനംവെയ്ക്കും. ചട്ടിയില്‍ നിര്‍ത്തി ചെടി ഒരടിപൊക്കത്തില്‍ അതിന്റെ അഗ്രമുകുളം നുള്ളിയാല്‍ ധാരാളം ശാഖകള്‍ ഉണ്ടാകും. ഓരോ ശാഖയിലും നമുക്ക് ഇഷ്ടപ്പെട്ട കത്തിരി, വഴുതിന, തക്കാളി എന്നീ ചെടികളെ മറ്റൊരു ചട്ടിയിലോ, പ്ലാസ്റ്റിക് ബാഗിലോ നട്ട് ഏതാണ്ട് ഇതേപ്രായമാകുമ്പോള്‍ പാര്‍ശ്വഒട്ടിക്കലിന് വിധേയമാക്കാം.
ഒട്ടിക്കാന്‍ ഉദ്ദേശിക്കുന്ന കത്തിരി, വഴുതിന, തക്കാളി എന്നിവയുടെ തൈകളേയും ചുണ്ടയുടെ ശാഖയോടു ചേര്‍ത്ത് വശങ്ങള്‍ കത്തികൊണ്ട് ഒരിഞ്ച് നീളത്തില്‍ തൊലിമാറ്റി, മുറിവുഭാഗങ്ങള്‍ ചേര്‍ത്തുവച്ച് പ്ലാസ്റ്റിക് നാടകൊണ്ടോ, നൂലുകൊണ്ടോ കേടുവരാതെ കെട്ടുക. രണ്ടുമൂന്നാഴ്ചയ്ക്കുള്ളില്‍ ഒട്ടിപ്പ് ശരിയായെങ്കില്‍ ഒട്ടിച്ച ചെടികളെ വേര്‍പെടുത്തി, ചുണ്ടയുടെ അഗ്രമുകുളം ഒട്ടിപ്പിന് മുകളിലായി മുറിച്ചുമാറ്റുക.
ഓരോ ശാഖയിലും, കത്തിരി, വഴുതിന, തക്കാളി പുത്തരിചുണ്ട എന്നിവ ലഭിക്കും. വളപ്രയോഗവും ജലസേചനവും മുടക്കരുത്. കീടരോഗബാധ തെല്ലുമില്ലെന്നതാണ് ഇതിന്റെ സവിശേഷത.

You must be logged in to post a comment Login