കത്വ സംഭവത്തെ അപലപിച്ച് യു.എന്‍; എട്ടുവയസുകാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത് ഭയാനകം; കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു

കത്വയിലെ എട്ടുവയസുകാരിയായ ആസിഫയെ പീഡിപ്പിച്ചുകൊന്ന സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസ്. എട്ടുവയസുകാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത് ഭയാനകം. ഇത്തരം സംഭവങ്ങള്‍ ഭീതി ജനിപ്പിക്കുന്നതാണെന്നും ഉദ്യോഗസ്ഥര്‍ കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.

മാധ്യമവാര്‍ത്തകളിലുടെ ഭയാനകമായ സംഭവമാണ് കത്വയിലുണ്ടായെതെന്ന് മനസിലായി. എട്ടുവയസുകാരിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നാണ് പ്രതീക്ഷയെന്നും ഗുട്ടറസിന്റെ വക്താവ് സ്റ്റീഫന്‍ ദുജ്ജറാക്ക് പറഞ്ഞു. മാധ്യമ പ്രവര്‍കരുമായുള്ള ദൈനംദിന കൂടികാഴ്ചക്കിടയാണ് കത്വ ബലാത്സംഗത്തെ എക്യരാഷ്ട്രസഭ അപലപിച്ചത്.

മുസ്‌ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ രസന ഗ്രാമത്തില്‍ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിനു വേണ്ടിയായിരുന്നു ഉയര്‍ന്ന ജാതിക്കാര്‍ എട്ടുവയസുകാരിയായ ആസിഫയെ ക്രൂര പീഡനത്തിനിരയാക്കിത്. ആസിഫയെ ജമ്മു കശ്മീരിലെ ഒരു ക്ഷേത്രത്തിൽ വച്ച് ദിവസങ്ങളോളും എട്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. മുൻ റവന്യൂ ഉദ്യോഗസ്ഥനാണ് പ്രധാനപ്രതി. റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമും അയാളുടെ മകന്‍ വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും ചേര്‍ന്നായിരുന്നു ക്രൂരതയ്ക്ക് തുടക്കം കുറിച്ചത്.

അതേ സമയം, കത്വ ബലാത്സംഗത്തില്‍ രാജ്യത്ത് പ്രതിഷേധം കൂടുതല്‍ ശക്തമാവുകയാണ്. പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ച രണ്ട് ബി.ജെ.പി മന്ത്രിമാര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട മൗനത്തിന് ശേഷം കേസിനെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തി. കുറ്റകൃത്യത്തിന് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ഇതിനിടെ പെണ്‍കുട്ടിയുടെ കുടുംബം റാസാന ഗ്രാമത്തിലെ വീട് ഉപേക്ഷിച്ച് നാടുവിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേസില്‍ പ്രതിയെ പിടികൂടിയതിനെതിരെ ജമ്മു ബാര്‍ അസോസിയേഷന്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കുടുംബം നാടുവിടാന്‍ തീരുമാനിച്ചതെന്നാണ് സൂചനകള്‍. പെണ്‍കുട്ടിയുടെ പിതാവായ മുഹമ്മദ് യൂസഫ് പുജ്വാല, ഭാര്യ നസീമ, രണ്ട് കുട്ടികള്‍ എന്നിവരാണ് വീട് ഉപേക്ഷിച്ച് നാടുവിട്ടത്. ചൊവ്വാഴ്ച രാത്രി ആരോടും പറയാതെ പോയെന്നാണ് പുറത്തപുവരുന്ന റിപ്പോര്‍ട്ടുകള്‍. കന്നുകാലികളെയും ഇവര്‍ കൊണ്ടുപോയിട്ടുണ്ട്. ഹിന്ദു സംഘടനകളുടെ എതിര്‍പ്പിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ അടുത്ത മാസം വീട് ഉപേക്ഷിക്കാന്‍ തയ്യാറെടുക്കുന്നതിനിടയാലാണ് പെട്ടെന്നുള്ള പാലായനം.

You must be logged in to post a comment Login