കഥ പറയുന്ന കല്ലുകള്‍

നിഷ അനില്‍കുമാര്‍

ബനാറസ്, കാശി, വാരണാസി, ഇതൊരു സംസ്‌ക്കാരത്തിന്റെ സുവര്‍ണലിപികളില്‍ ആലേഖനം ചെയ്യപ്പെട്ട വികാരമാകുന്നത് അവിടം പുണ്യഭൂമിയെന്നത് കൊണ്ട് മാത്രമല്ല ഇന്ന് ഭാരതത്തിന്റെ ചരിത്രത്തില്‍ അവശേഷിക്കുന്ന പൗരാണിക സര്‍വകലാശാലയില്‍ ഏറ്റവും മികച്ചതെന്ന് വിശേഷിക്കപ്പെടുന്ന ബാനറാസ് ഹിന്ദു സര്‍വകലാശാല സ്ഥിതി ചെയുന്നത് അവിടെയായത് കൊണ്ടുകൂടിയാണ്. കാശിയുടെ ധമനിയാണ് ഗംഗ നദിയെങ്കില്‍ ഭാരത സംസ്‌ക്കാരത്തിന്റെ തലച്ചോറാണ് ബനാറസ് ഹിന്ദു സര്‍വകലാ ശാല.
സംസ്‌ക്കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമായ പലതും നമ്മുടെ രാജ്യത്തു നിന്നും ബോധപൂര്‍വ്വമോ അല്ലാതെയോ നഷ്ട്ടപ്പെടുകയും തുടച്ചു മാറ്റപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്ങിനെ നഷ്ട്ടപ്പെട്ടവയുടെ കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒന്നാണ് ഭാരതത്തിലെ പുരാതന സര്‍വകലാശാലകള്‍.നാം ജീവിക്കുന്ന ഈ നൂറ്റാണ്ടില്‍ വിദ്യ കച്ചവടമാകുകയും സര്‍വകലശാലകളില്‍ നേരിടേണ്ടി വരുന്ന നീതികേടിന് എതിരെ വിദ്യാര്‍ഥികള്‍ തെരുവില്‍ സമരം ചെയേണ്ടി വരികയും ചെയുന്ന ചുറ്റുപാടിലാണ് പൗരാണിക സര്‍വകലാശാലകളും അന്നത്തെ വിദ്യാഭ്യാസരീതിയും കുറെയെങ്കിലു മാതൃക ആകേണ്ട ആവശ്യകത തെളിഞ്ഞു വരുന്നത്.
ലോകത്തെ ഏറ്റവും മികച്ച സര്‍വകലാശാലകള്‍ ഏതൊക്കെയെന്ന് ചോദിച്ചാല്‍ കേംബ്രിഡ്ജ് ആണ് ഒക്‌സ്‌ഫോര്‍ഡ് ആണ് എന്നൊക്കെയാവും ആരും പറയുന്ന ഉത്തരം. പക്ഷേ ഈ സര്‍വകലാശാലകള്‍ സ്ഥിതി ചെയുന്ന ഭൂപ്രദേശം കന്നുകാലികള്‍ മേഞ്ഞു നടന്നിരുന്ന ആ കാലത്ത് നളന്ദയിലെയും, തക്ഷശിലയിലെയും വിദ്യാര്‍ഥികള്‍ അറിവിന്റെ ആകാശഗോപുരങ്ങള്‍ കീഴടക്കുകയായിരുന്നുവെന്ന് മനസിലാക്കണമെങ്കില്‍ നമ്മള്‍ ഭാരതത്തിന്റെ ചരിത്രം തിരഞ്ഞു പോകേണ്ടി വരും. കേവലം ചരിത്ര വിദ്യാര്‍ഥികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയോ, അതല്ലങ്കില്‍ സഞ്ചാരികളുടെ കൗതുകവസ്തുവായി ഗണിക്കപ്പെടുകയും മാത്രം ചെയുന്ന ആ വിദ്യാലയങ്ങളുടെ അവശിഷ്ട്ടങ്ങള്‍ ഒരുകാലത്ത് ഒരു രാജ്യത്തിന്റെ പ്രകാശഗോപുരങളായിരുന്നുവെന്ന് ഇന്ന് എത്രപേര്‍ക്കറിയാം പാശ്ചാത്യര്‍ സര്‍വകലാശാല എന്ന ആശയം തുടങ്ങുവാന്‍ ചിന്തിക്കുന്നതിനു മുമ്പു തന്നെ നമ്മുടെ ഭാരതത്തില്‍ സര്‍വകലാ ശാലകളും മികച്ച വിദ്യാഭ്യാസ സമ്പ്രദായങ്ങളും ഉണ്ടായിരുന്നു. പാശ്ചാത്യര്‍ അന്നും ഇന്നും പുശ്ചത്തോടെ മാത്രം നോക്കി കണ്ട ഭാരതത്തിന്റെ ചരിത്രമാണ് അവര്‍ രഹസ്യമായി പിന്‍തുടര്‍ന്നത് എന്നു നമ്മള്‍ ഭാരതീയര്‍ തിരിച്ചറിയുന്നുമില്ല.
അഞ്ചാം നൂറ്റാണ്ടു വരെ ലോകത്തില്‍ ജ്വലിച്ചു നിന്ന തക്ഷശില. അഞ്ചു മുതല്‍ പത്താം നൂറ്റാണ്ടു വരെ അറിവിന്റെ പ്രകാശം ചൊരിഞ്ഞ നളന്ദ, നളന്ദയോടൊപ്പമോ നളന്ദക്ക് ശേഷമോ തിളങ്ങിയ വിക്രമശില, വാരാണാസി, വാഞ്ചി, വലഭി, അങ്ങിനെ എത്രയെത്ര മഹാസര്‍വകലാശാലകള്‍.
വിജ്ഞാനത്തിന്റെ മഹാലോകം മനുഷ്യരാശിക്ക് തുറന്നു കൊടുത്ത ഈ വിശ്വവിദ്യാലയങ്ങളെ പക്ഷേ അധികാരക്കൊതി മൂത്ത കടന്നു കയറ്റക്കാര്‍ തച്ചു തകര്‍ക്കുകയായിരുന്നു. ഒരുപക്ഷേ അവയില്‍ പലതിന്റെയും അവശിഷ്ട്ടങ്ങള്‍ പോലും ഇന്ന് ലഭ്യമല്ല. ചൈന,ജപ്പാന്‍,കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുപോലും പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ ഈ സര്‍വകലാശാലകളില്‍ വിദ്യ തേടി വന്നിരുന്നു. ജ്യോതിശാസ്ത്രവും, വൈദ്യ ശാസ്ത്രവും, കലയും സാഹിത്യവുമടക്കം അനേകം വിഷയങ്ങള്‍ അവരിവിടുന്നു പഠിച്ചു പോയിട്ടുണ്ട്. പത്താം നൂറ്റാണ്ടിലെ നളന്ദയുടെ ചരിത്രമെടുത്താല്‍ ഈ സര്‍വകലാശാലകളില്‍ അഡ്മിഷന്‍ ലഭിക്കാന്‍ പ്രവേശനപരീക്ഷ വരെ ഉണ്ടായിരുന്നു എന്ന് മനസിലാക്കാം. ഇന്ന് നിരീക്ഷിച്ചു നോക്കുമ്പോള്‍ മനസിലാക്കാം ആധുനീക സര്‍വകലാശാലകള്‍ എന്ന് അവകാശപ്പെടുന്ന പല പാശ്ചാത്യ വിദ്യാലയങ്ങളും അനുകരിച്ചിരിക്കുന്നത് ഭാരതത്തിന്റെ ഈ സര്‍വകലാശാലകളുടെ പഠന രീതികള്‍ കൂടിയാണ് എന്ന്.
ആദ്യകാലത്ത് ഭാരതത്തില്‍ ഗുരുകുല സാമ്പ്രാദായത്തിലുള്ള വിദ്യാഭ്യാസ രീതിയാണ് നിലനിന്നിരുന്നത്.ഏകദേശം പന്ത്രണ്ടു വര്‍ഷമാണ് വിദ്യാര്‍ഥി ഗുരുകുലത്തില്‍ താമസിച്ചു പഠനം പൂര്‍ത്തിയാക്കുക. പഠനം പൂര്‍ത്തിയായെന്ന് ഗുരു പറയുമ്പോള്‍ ഗുരുവിന് ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങി പഠനം അവസാനിപ്പിക്കുന്നു. പഠനത്തിന്റെ അവസാന ഘട്ടത്തില്‍ പരീക്ഷയ്ക്കിരുത്തുന്ന രീതിയോ പ്രെത്യക ഡിഗ്രി കൊടുക്കുന്ന പതിവോ ഉണ്ടായിരുന്നില്ല. ഗുരു ആരെന്നറിയുകയേ വേണ്ടൂ ശിക്ഷ്യന്റെ മേന്മ അറിയാന്‍. എന്നാല്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചതോടെ ഗുരുകുലങ്ങള്‍ മതിയാകാതെ വന്നു.ഗുരുകുലങ്ങളുടെ സ്ഥാനം കുലപതി മന്ദിരങ്ങള്‍ ഏറ്റെടുത്തു. ക്രമേണ ഭരണാധികാരികളുടെയും, പ്രഭുക്കന്‍മാരുടെയും സഹായത്തോടെ കൂടുതല്‍ വിപുലമായ വിദ്യാപീഠങ്ങളായി ഉയര്‍ന്നു. ഈ വിദ്യാപ്പീഠങ്ങളില്‍ ചിലത് പിന്നീട് വലിയ വിദ്യാ കേന്ദ്രങ്ങളായി മാറി. അങ്ങിനെ കാലത്തിന് മുന്നില്‍ ഉജ്ജ്വല മാതൃകകളായി മാറിയ തക്ഷശില,വരാണാസി, നളന്ദ തുടങ്ങിയ സര്‍വകലാശാലകള്‍ പിറവിയെടുത്തു. ഇത്ര തന്നെ പ്രസിദ്ധിയില്ലാത്ത എത്രയോ വിദ്യാകേന്ദ്രങ്ങള്‍ വേറെയും ഉണ്ടായിരുന്നു.
കാലാന്തരത്തില്‍ അന്യരാജാക്കന്മാരുടെ ആക്രമണത്തില്‍ പെട്ട് പല നഗരങ്ങളും, പൗരാണിക മന്ദിരങ്ങളും കാലഹരണപ്പെട്ടുപോയി. അങ്ങിനെ നശിപ്പിക്കപ്പെട്ടവയില്‍ നളന്ദയും,തക്ഷശിലയുമെല്ലാം ഉള്‍പ്പെടും. നളന്ദയെന്ന അറിവിന്റെ പ്രകാശ ഗോപുരം ഗില്‍ജിയുടെ സൈന്യം അഗ്‌നിയിരയാക്കിയതോടെ ഭാരതസംസ്‌ക്കാരത്തിന്റ മേല്‍ ജ്വലിച്ചു നിന്ന പതിനായിരം സൂര്യന്‍മാര്‍ ഒറ്റയടിക്ക് അണഞ്ഞുപോയ ഇരുട്ടാണ് വീഴ്ത്തിയത്.
ഭാരതത്തിലെ പ്രാചീന വിദ്യാകേന്ദ്രങ്ങളെ കുറിച്ചു പറയുമ്പോള്‍ ആദ്യം എടുത്തു പറയേണ്ടത് തക്ഷശിലയെ കുറിച്ചാണ്. പ്രാചീന ഭാരതത്തിലെ അറിയപ്പെടുന്ന ആദ്യത്തെ സര്‍വകലാശാലയായ തക്ഷശിലാ സര്‍വകലാശാലയുടെ ആരംഭം എന്നാണെന്ന് കൃത്യമായി അറിയാന്‍ സാധിക്കുന്ന രേഖകള്‍ ഒന്നും തന്നെയില്ല. എന്നാല്‍ അഞ്ചാം നൂറ്റാണ്ടു വരെ രാജ്യാന്തരപ്രസിദ്ധിയുള്ള ഒരു സര്‍വകലാശാലയായി അത് നിലനിന്നിരുന്നു. ഇന്ന് ശകേരി എന്നറിയപ്പെടുന്ന ബീര്‍കുന്നിലായിരുന്നു തക്ഷശില സര്‍വകലാശാലയുടെ സ്ഥാനം. പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ അകലെയാണ് ബീര്‍കുന്നിന്റെ സ്ഥാനം.തക്ഷശില സര്‍വകലാ ശാലയില്‍ നാലു വേദങ്ങള്‍ അഭ്യസിപ്പിച്ചിരുന്നു. ആയുര്‍വേദം,ധനുര്‍വേദം,ഗന്ധര്‍വ വേദം, സംഗീതം, സാഹിത്യം,തര്‍ക്കം, ചിത്രരചന വ്യാകരണം ശാസ്ത്രം എന്നിവയ്ക്ക് പുറമെ പക്ഷി മൃഗാദികളുടെ ഭാഷ പഠിപ്പിക്കുന്ന വിദ്യ കൂടി പഠിപ്പിച്ചിരുന്നു. ഈ വിഷയങ്ങളില്‍ ഉപരിപഠനത്തിനായി നാനാരാജ്യത്തു നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെയെത്തിരുന്നു.പ്രെത്യേക വിഷയങ്ങള്‍ക്ക് പ്രത്യേക കലാശാലകളുണ്ടായിരുന്നു. അത് പഠിപ്പിക്കുവാന്‍ അതാത് വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ള ആചാര്യന്മാരും ഉണ്ടായിരുന്നു
ഭാരതത്തിലെയും അയല്‍ രാജ്യങ്ങളിലേയും രാജാക്കന്മാര്‍ ധനുര്‍വിദ്യയില്‍ പരിശീലനം നേടാന്‍ തക്ഷശിലയിലാണ് എത്തിയിരുന്നത്. തക്ഷശിലയിലെ ഗീത അദ്ധ്യാപകരുടെ ആലാപനത്തില്‍ ക്രൂരസര്‍പ്പങ്ങളും വന്യമൃഗങ്ങള്‍ പോലും മയങ്ങി പോയിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. പ്രശസ്ത സംസ്‌കൃത വയ്യാകരണനായ പാണിയും,മൌര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്തനും അദ്ദേഹത്തിന്റെ സന്തത സഹചാരിയും ഗുരുവുമായിരുന്ന ചാണക്യനും ,മഗധാതിപനായ ബിംഭിസാരന്റെ കൊട്ടാരം വൈദ്യനായിരുന്ന ജീവകനും തക്ഷശിലാ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളായിരുന്നു.
ആത്രേയ മഹര്‍ഷിയെ പോലുള്ള പണ്ഡിത ശ്രേഷ്ട്ടന്‍മാര്‍ ആയിരുന്നു ഇവിടുത്തെ ആചാര്യന്‍മാര്‍. തക്ഷശില ഒരു സര്‍വകലാശാല എന്നതിനപ്പുറം മികച്ച ചികില്‍സാലയം കൂടിയായിരുന്നു. .മാറാരോഗങ്ങളെന്ന് പറഞ്ഞു മാറ്റി നിര്‍ത്തിയിരുന്ന പല അസുഖങ്ങളും തക്ഷശിലയില്‍ ചികില്‍സിച്ചു സുഖപ്പെടുത്തിയിരുന്നു. അശ്വഘോഷന്റെ സൂത്രാലാങ്കാരമെന്ന ഗ്രന്ഥത്തില്‍ അങ്ങിനെയൊരു സംഭവം വിവരിക്കുന്നുണ്ട്. തക്ഷശിലയും പരിസരവും അനേകവിധത്തിലുള്ള ഔഷധ ചെടികള്‍കൊണ്ട് നിറഞ്ഞിരുന്നു. അവിടെയുള്ള മുഴുവന്‍ സസ്യങ്ങളുടെയും ഔഷധ വീര്യം പരീക്ഷിച്ചറിഞ്ഞതുമായിരുന്നു. ഔഷധ ഗുണമില്ലാത്ത ഒരു പുല്‍നാമ്പു പോലും അവിടെയുണ്ടായിരുന്നില്ല. ഇതേകുറിച്ചു മഹാവര്‍ഗമെന്ന ബൗദ്ധ ഗ്രന്ഥത്തില്‍ ഒരു കഥ തന്നെയുണ്ട്.
അയല്‍ രാജ്യങ്ങളില്‍ നിന്നുപോലും ധാരാളം വിദ്യാര്‍ഥികള്‍ ഇവിടെ പഠനത്തിനായി എത്തിയിരുന്നു. എന്നാല്‍ അവരില്‍ നിന്നും നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനം നല്‍കുമായിരുന്നുള്ളൂ. ഓരോ വിദ്യാര്‍ഥിയുടെയും അറിവ് ആചാര്യന്‍മാര്‍ പരീക്ഷിച്ചറിയും. അതിനു ശേഷമേ പ്രവേശനം നല്‍കിയിരുന്നുള്ളൂ. തക്ഷശിലയില്‍ പഠിക്കാനുള്ള ചുരുങ്ങിയ പ്രായപരിധി പതിനാറു വയസായിരുന്നു. രണ്ടുതരത്തിലുള്ള വിദ്യാര്‍ഥികളാണ് തക്ഷശിലയില്‍ ഉണ്ടായിരുന്നത്. ഒന്ന് ഗുരു ദക്ഷിണ കൂടാതെ ഗുരു ശുശ്രൂഷ ചെയ്തു ജീവിക്കുന്ന ധര്‍മേന്ദ്രവാസി. മറ്റേത് ഗുരു ദക്ഷിണ കൊടുത്ത് പഠിക്കുന്ന ആചാര്യ ഭാഗദായകന്‍. ഇവര്‍ക്ക് തമ്മില്‍ പഠനകാര്യത്തില്‍ യാതൊരു വിവേചനവും ഉണ്ടായിരുന്നില്ല. എല്ലാ വിദ്യാര്‍ഥികളെയും ഗുരുനാഥന്‍മാര്‍ മക്കളെ പോലെയാണ് കരുതിയിരുന്നത്. വിഷയം പഠിക്കുന്നതിന് സമയപരിധി ഇല്ലായിരുന്നു. വിഷയത്തിന്റെ സ്വഭാവം അനുസരിച്ചും വിദ്യാര്‍ഥിയുടെ ബുദ്ധി ശക്തി ആശ്രയിച്ചും കാലപരിധിയില്‍ ഏറ്റകുറച്ചില്‍ വന്നേക്കാം.
തക്ഷശിലയെ കുറിച്ചുള്ള കഥകള്‍ പ്രാചീനബുദ്ധമത ഗ്രന്ഥങ്ങളില്‍ ധാരാളമുണ്ട്. ഒരു സര്‍വകലാശാല എന്നതിനപ്പുറം തക്ഷശില വിശ്വപ്രസിദ്ധമായ വാണിജ്യകേന്ദ്രം കൂടിയായിരുന്നു. പുരാതനഭാരതത്തെ മദ്ധ്യേഷ്യയോടുംപശ്ചിമേഷ്യയോടും ബന്ധിപ്പിച്ചിരുന്ന ചരിത്ര പ്രധാനമായ വ്യാപാരമാര്‍ഗം തക്ഷശിലവഴിയാണ് നടന്നിരുന്നത്. സമ്പന്നതയിലും ഈ സ്ഥലം പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. തക്ഷശിലയും, മിഥിലയിലെ പാണ്ടികയും കലിംഗ ദേശത്തെ പിംഗലയും കാശിയിലെ സാംഗയുമായിരുന്നു പ്രാചീന ഭാരതത്തിലെ നാലു സമ്പന്ന നഗരങ്ങള്‍.
തക്ഷശില സര്‍വകലാശാലയിലെ മുഴുവന്‍ ചിലവുകളും രാജഭണ്ഡാരത്തില്‍ നിന്നുമാണ് ചിലവഴിച്ചിരുന്നത് അശോകന്റെ രാജവാഴ്ചകാലത്ത് തക്ഷശിലയിലെ ഭണ്ഡാരത്തില്‍ മുപ്പത്തിയേഴ് കോടി സ്വര്‍ണ്ണ നാണയങ്ങള്‍ ഉണ്ടായിരുന്നുവെത്രേ. കാബൂള്‍ താഴ്‌വരയില്‍ കൂടി സിന്ധൂ നദി കടന്നുവരുന്നവര്‍ക്ക് ആദ്യമായി ദൃശ്യമാകുന്ന വലിയ ഇന്ത്യന്‍ നഗരം തക്ഷശില ആയിരുന്നു.
ദിഗ് വിജയി എന്നറിയപ്പെടുന്ന അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ഇന്ത്യന്‍ ആക്രമണത്തിന് തുടക്കം കുറിച്ചത് തക്ഷശിലയിലാണ്. മുപ്പത്തിനായിരം സായുധ ഭടന്‍മാരുമായിട്ടായിരുന്നു അലക്‌സാസാണ്ടറുടെ വരവ്.അക്കാലം വരെ യാതൊരു വിദേശ ശക്തിക്ക് മുന്നിലും തലകുനിച്ചിട്ടില്ലാത്ത തക്ഷശിലയിലെ രാജാവ് ഈ അവസരത്തില്‍ തന്ത്രപരമായ നിലപാടാണ് എടുത്തത്. അലക്‌സാണ്ടറുമായി സൗഹൃദം സ്ഥാപിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. മാത്രമല്ല അലക്‌സാണ്ടര്‍ പിന്നീട് തക്ഷശില സന്ദര്‍ശിച്ചതായി ചരിത്രത്തില്‍ രേഖപ്പെടുത്തുകയും ചെയ്തു.
മൗര്യ സാമ്രാജ്യം സ്ഥാപിതമായപ്പോള്‍ തക്ഷശില അതിന്റെ ഭാഗമായി. ഹിന്ദുസാര മഹാരാജാവിന്റെ കാലത്ത് തക്ഷശിലയില്‍ ഒരു കലാപമുണ്ടായപ്പോള്‍ അത് തീര്‍ക്കുവാനായി അദ്ദേഹം പുത്രനായ അശോകനെ നിയോഗിച്ചു. അശോകന്‍ കുറെക്കാലം തക്ഷശിലയിലെ ഉപരാജാവായിരുന്നു. മൗര്യന്‍മാരുടെ കാലത്ത് തക്ഷശിലയില്‍ ബുദ്ധമതത്തിന് പ്രചാരം വര്‍ദ്ധിച്ചു. അനേകം ബൗദ്ധ സ്ഥാപങ്ങള്‍ അവിടെ പിറവിയെടുത്തു. അശോക ചക്രവര്‍ത്തിയുടെ സ്വന്തം ചിലവില്‍ അനേകായിരം ബുദ്ധ ഭിക്ഷുക്കള്‍ തക്ഷശിലയില്‍ താമസിച്ചിരുന്നു. തക്ഷശില വിദ്യാപ്പീഠത്തില്‍ ധാരാളം കെട്ടിടങ്ങളും സ്തൂപങ്ങളും അദ്ദേഹം സ്ഥാപിച്ചു. ക്രമേണ ബൌദ്ധദര്‍ശനങ്ങളുടെ പഠനങ്ങള്‍ക്കുള്ള പ്രധാനകേന്ദ്രമായി തക്ഷശില ഉയര്‍ന്നു. മൌര്യ സാമ്രാജ്യം ശിഥിലമായതിന് ശേഷം കുറെകാലം ഹര്‍ഷന്റെ സാമ്രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു തക്ഷശില.
ദുര്‍ലഭ വര്‍ധകനെന്ന രാജാവിന്റെ കാലത്ത് ഈ ഭൂപ്രദേശം കശ്മീരിന്റെ ഭാഗമായി. അഞ്ചാം നൂറ്റാണ്ടിന്റെ ഒടുവില്‍ ഹൂണന്‍മാര്‍ നടത്തിയ ആക്രമണമാണ് തക്ഷശിലാ നഗരത്തിന്റെ യും സര്‍വകലാശാലയുടെയും നാശത്തിന് കാരണമായത്.പിന്നീട് വന്ന ഭരണാധികാരികള്‍ വിദ്യാ പീഠം പുനസ്ഥാപിക്കുവാന്‍ തയ്യാറായില്ല. അ ഉ ഏഴാം നൂറ്റാണ്ടില്‍ തക്ഷശിലയിലെ ബൗദ്ധപ്രഭ ക്ഷയിച്ചുതുടങ്ങിയെന്ന് സഞ്ചാരിയായ ഹുയാന്‍സാ ങ്ങിന്റെ കുറിപ്പുകളില്‍ കാണാം. തക്ഷശിലയിലെ ബൗദ്ധവിഹാരങ്ങള്‍ മിക്കവാറും നശിച്ചു കഴിഞ്ഞതായും അവിടുത്തെ ജനങ്ങള്‍ ക്രമേണ ബുദ്ധമതം ഉപേക്ഷിച്ചതായും ഹുയാന്‍സാങ്ങിന്റെ ഈ രേഖകളില്‍ നിന്നും വ്യക്തമാണ്.
ഭാരതത്തില്‍ മാത്രമല്ല വിദേശങ്ങളിലും പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്ന തക്ഷശില യുടെ ശ്മശാനം പോലുള്ള കിടപ്പ് കണ്ടു ഹുയാന്‍സാങ് നിരാശയോടെ തന്റെ സഞ്ചാര കുറിപ്പില്‍ ഇങ്ങിനെയെഴുതി ‘ മഹത്തായ ഒരു സര്‍വകലാശാലയുടെ പ്രാചീന മഹിമയെ അനുസ്മരിപ്പിക്കുന്ന ഒന്നും തന്നെ ഇവിടെ അവശേഷിച്ചിട്ടില്ല എന്ന് ‘ . ഇന്നിത് കശ്മീരിന്റെ അധീനതയില്‍ കിടക്കുന്ന വെറും പ്രദേശമാണ്. പുരാവസ്തു ഗവേഷകര്‍ തക്ഷശിലയില്‍ നടത്തിയ ഖനനത്തിന്റെ ഫലമായി വിലപ്പെട്ട അനേകം അവശിഷ്ട്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. മൂന്ന് നഗരങ്ങളുടെ അവശിഷ്ട്ടങ്ങളും രണ്ടു ഡസന്‍ ബൌദ്ധ സ്തൂപങ്ങളും ഒട്ടേറെ മന്ദിരാവശീഷ്ട്ടങ്ങളും ഖനനത്തിലൂടെ ലഭിച്ചു. ഈ കൂട്ടത്തില്‍ അശോകന്‍ നിര്‍മ്മിച്ചതെന്ന് കരുതുന്ന ധര്‍മ്മരാജിക സ്തൂപവും ഉള്‍പ്പെടും. അശോക ചക്രവര്‍ത്തിയുടെ ലിഖിതങ്ങളും സ്വര്‍ണ്ണത്തിലും വെള്ളിയിലുമുള്ള അനേകം നാണയങ്ങളും ഇവിടെ നിന്നു കണ്ടെടുത്തിട്ടുണ്ട്.
അലക്‌സാണ്ടറുടെ രാജകീയ മുദ്രയും, യവന വാഴ്ച്ചക്കാലത്തെ സ്വര്‍ണ്ണാഭരണങ്ങളും മറ്റ് അമൂല്യ വസ്തുക്കളും ലഭിച്ചിട്ടുണ്ട്. കരിങ്കല്ല് മിനുസപ്പെടുത്തുന്ന കലാവിദ്യയും,കുമ്മായം ഉപയോഗിച്ചുള്ള വിചിത്ര വേലകളും കാണുമ്പോള്‍ അന്നത്തെ സാങ്കേതിക വിദ്യ എത്രമാത്രം വളര്‍ച്ച പ്രാപിച്ചിരുന്നുവെന്ന് വിദ്യാപ്പീഠത്തിന്റെ അവശിഷ്ട്ടങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും. കെട്ടിടങ്ങളിലെ കൊത്തുവേലകളും പ്രതിമകളുടെ പരിപൂര്‍ണ്ണതയും ഏവരെയും ആകര്‍ഷിക്കും.
തക്ഷശിലയില്‍ നിന്നും ഖനനം ചെയ്‌തെടുത്ത വസ്തുക്കള്‍ അവിടുത്തെ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തില്‍ ഇപ്പൊഴും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തക്ഷശില എന്ന മഹാ സര്‍വകലാശാല സ്ഥിതി ചെയ്തിരുന്ന നഗരം ഇന്ന് വെറുമൊരു കുഗ്രാമമാണ്.കണ്ടാല്‍ സഹസ്രാബ്ദങ്ങളുടെ സംസ്‌ക്കാരങ്ങളും സാമ്രാജ്യങ്ങളും വിശ്വവിദ്യാലയങ്ങളും വന്‍കിട നഗരങ്ങളും മണ്ണടിഞ്ഞു കിടക്കുന്ന ഭൂമിയാണിതെന്ന് വിശ്വസിക്കാന്‍ പോലും സാധിക്കില്ല. അംബര ചുംബികളായ വിദ്യാലയങ്ങള്‍ നിലനിന്നിരുന്നിടത്ത് നിര്‍ദ്ധനരായ പഡാന്‍ കര്‍ഷകരുടെ ചെറ്റകുടിലുകള്‍ ആണ് ഇന്നുള്ളത്.
ഓരോ അധിനിവേശവും ഇല്ലാതാക്കുന്നത് സ്മാരകങ്ങളും, മന്ദിരങ്ങളും, സ്തൂപങ്ങളും മാത്രമല്ല അവിടെ ജീവിച്ചിരുന്ന മനുഷ്യരുടെ സ്വപ്‌നങ്ങളും ജീവിതരീതികളും കൂടിയാണ്. തകര്‍ത്തെറിയപ്പെടുന്ന പൗരാണിക സ്മാരകങ്ങള്‍ വെറും ചരിത്രം മാത്രമല്ല എന്നും അതെല്ലാം ഒരു രാജ്യത്തിന്റെ അന്തസും,യശസ്സും കൂടിയായിരുന്നു. കാലാന്തരത്തില്‍ വിദ്യാഭ്യാസരീതിയില്‍ നാം പാശ്ചാത്യരെ അനുകരിക്കാന്‍ തുടങ്ങി. ഭാഷയിലും,വേഷത്തിലും ജീവിതരീതിയിലും ആധുനീകത കൈവന്നു. എന്നാല്‍ വിദ്യാഭ്യാസം കച്ചവടമാകുന്ന പുതിയ പ്രവണത നമ്മുടെ രാജ്യത്തു വേരൂന്നിയപ്പോള്‍ പുരാതന സര്‍വകലാശാലകളും അവയുടെ മഹത്വവും എടുത്തു പറയേണ്ടിവരും. യോഗ്യത ഉള്ളവര്‍ക്ക് മാത്രം ലഭിക്കേണ്ടതാണ് അതതു വിഷയങ്ങളിലെ പാണ്ഡിത്യമെന്ന് മനസിലാക്കിയ പൂര്‍വകാല വിദ്യാസമ്പ്രദായത്തിന് ചില പരിമിതികള്‍ ഉണ്ടായിരുന്നുവെങ്കിലും അയോഗ്യനായ ഒരു വിദ്യാര്‍ഥിക്കും യോഗ്യതാ പരീക്ഷ പാസാകാന്‍ സാധിക്കുമായിരുന്നില്ല.
മണ്ണില്‍ അലിഞ്ഞുചേര്‍ന്ന എല്ലാം വെറും മണ്ണായി മാത്രം തീരില്ലന്നും. അധിനിവേശങ്ങളും പാലയാനങ്ങളും ആ ഭൂമിയില്‍ ജീവിച്ച മനുഷ്യനടക്കമുള്ള ജന്തുജാലങ്ങള്‍ക്ക് പരിവര്‍ത്തനവും നാശവും വിതക്കുമ്പോഴും ആ നാട്ടില്‍ നിലനിന്നിരുന്ന ഉന്നതമായ സംസ്‌ക്കാരത്തിന്റ ശേഷിപ്പുകള്‍ കാലത്തെ അതിജീവിച്ചു കണ്ടെത്തപ്പെടുന്നത് അതെല്ലാം പകരം വയ്ക്കാനില്ലാത്ത പൈതൃകങ്ങളും അറിവിന്റെ ഗിരിശൃംഗങ്ങളും ആയതുകൊണ്ടാണ്. ഖനനം ചെയ്‌തെടുത്തത് രാജാക്കന്മാരുടെയും, മഹാറാണിമാരുടെയും സിംഹാസനങ്ങള്‍ മാത്രമായിരുന്നില്ല. പുരാവസ്തുഗവേഷകര്‍ക്ക് എത്ര കുഴിച്ചാലും ആഴം കണ്ടെത്താനാവാത്ത അന്തമില്ലാത്ത വിഞ്ജാനം കൂടിയാണ്.

You must be logged in to post a comment Login