കനകമല ഐഎസ് കേസ്; എല്ലാ പ്രതികൾക്കും കൂടുതൽ ശിക്ഷ നൽകണമെന്ന് എൻഐഎ; അപ്പീൽ നൽകും

കനകമല ഐഎസ് കേസിൽ വിധിയെ എതിർത്ത് എൻഐഎ അപ്പീൽ നൽകും. എല്ലാ പ്രതികൾക്കും കൂടുതൽ ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടാണ് എൻഐഎ അപ്പീൽ നൽകുക. യുഎപിഎ സെക്ഷൻ 20 റദ്ദാക്കിയതും ആറാം പ്രതിയെ വെറുതെ വിട്ടതും എൻഐഎ ചോദ്യം ചെയ്യും.

കണ്ണൂർ കനകമല ഐഎസ് കേസിൽ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ എൻഐഐ കോടതി വിധി പറഞ്ഞത്. ഒന്നാം പ്രതി മൻസീദ് മുഹമ്മദിന് പതിനാല് വർഷം തടവും പിഴയുമാണ് വിധിച്ചത്. രണ്ടാം പ്രതി സ്വാലിഹ് മുഹമ്മദിന് പത്ത് വർഷം തടവു പിഴയും, മൂന്നാം പ്രതി റാഷിദ് അലിക്ക് ഏഴ് വർഷം തടവും പിഴയും, നാലാം പ്രതി റംഷാദിന് മൂന്ന് വർഷം തടവും പിഴയും, അഞ്ചാം പ്രതിക്ക് എട്ട് വർഷം തടവും പിഴയും, എട്ടാം പ്രതി മൊയ്നുദീൻ പാറക്കടവത്തിന് മൂന്നു വർഷം തടവും പിഴയും എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. തെളിവുകളുടെ അഭാവത്തിൽ ആറാം പ്രതി എൻ കെ ജാസ്മിനെ കോടതി കുറ്റവിമുക്തമാക്കിയിരുന്നു. പ്രതികൾക്ക് കുറഞ്ഞ ശിക്ഷയാണ് ലഭിച്ചതെന്നാണ് എൻഐഎയുടെ വാദം. ആറാം പ്രതിയെ വെറുതെ വിട്ട നടപടിയേയും എൻഐഎ എതിർക്കും.

2016 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. കണ്ണൂരിലെ കനകമലയിൽ ഒത്തുകൂടിയ സംഘത്തെ എൻഐഎ പിടികൂടുകയായിരുന്നു. സംസ്ഥാനത്തെ ചില രാഷ്ട്രീയ നേതാക്കൾ, ഹൈക്കോടതി ജഡ്ജിമാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കും ഏഴ് സ്ഥാപനങ്ങൾക്കും നേരെ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. അൻസാറുൽ ഖലീഫ എന്ന പേരിലുള്ള ടെലഗ്രാം ഗ്രൂപ്പിൽ പ്രതികൾ അംഗങ്ങളായിരുന്നു.

You must be logged in to post a comment Login