കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ വിഴുപ്പലക്കല്‍ ശക്തം

congress kerala

  • ദീപു മറ്റപ്പള്ളി

കോട്ടയം: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം.പരസ്പരം ചെളിവാരിയെറിയലും വിഴുപ്പലക്കലുമായി രണ്ട് ദിവസമായി നേതാക്കള്‍ സജിവമായി. തെരഞ്ഞെടുപ്പിലെ പരാജയത്തോടെ വിയോജിപ്പുള്ള നേതാക്കള്‍ക്കെതിരെ അസ്ത്രം എയ്യാനുള്ള അവസരമായും എല്ലാം കാണുന്നുണ്ട്.പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന കെപിസിസി പ്രസിഡന്റിന്റെ വിലക്ക് ലംഘിച്ചാണ് പ്രസ്താവനകളുമായി നേതാക്കളും സ്ഥാനാര്‍ത്ഥികളും എല്ലാം രംഗത്ത് എത്തിയിരിക്കുന്നത്. ഗ്രൂപ്പ് തിരിഞ്ഞുള്ള ആക്രമണവും ശക്തമാണ്. എല്ലാ ആരോപണങ്ങളും അവസാനം ചെന്ന് എത്തുന്നത് ഉമ്മന്‍ ചാണ്ടിയിലും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനിലുമാണ്. തെരഞ്ഞെടുപ്പ് പരാജയത്തിന് കെപിസിസി നേതൃത്വത്തെ വിമര്‍ശിച്ച് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. വിജയസാധ്യത നോക്കിയാണ് സ്ഥാനാര്‍ഥികളെന്ന് പറഞ്ഞ കെപിസിസി പ്രസിഡന്റ് പൊതുവായ വിലയിരുത്തല്‍ പോലുമില്ലാതെയാണ് കൊല്ലം ജില്ലയില്‍ സ്ഥാനാര്‍ഥികളെ കൊണ്ട് നിര്‍ത്തിയതെന്ന് ആര്‍.ചന്ദ്രശേഖരന്‍ ആരോപിച്ചു.

പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന് സുധീരന്റെ നിര്‍ദേശം ലംഘിച്ചാണ് കെപിസിസി നേതൃത്വത്തിന് എതിരെ ആര്‍.ചന്ദ്രശേഖരന്റെ വിമര്‍ശനം. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ആളുകള്‍ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും പോയെന്ന് ശൂരനാട് രാജശേഖരന്റെ പേര് പരാമര്‍ശിക്കാതെ ആര്‍. ചന്ദ്രശേഖരന്‍ പരിഹസിച്ചു. കെപിസിസിയുടെ അനങ്ങാപ്പാറ നയങ്ങളാണ് തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു കാരണം. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തിരിച്ചടിക്ക് കാരണമായി. മദ്യനയം വലിയ രീതിയില്‍ ദോഷം ചെയ്തു. പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കെ.സുധാകരന്‍ പറഞ്ഞു.ഗ്രൂപ്പ് നേതാക്കളെ ഒന്നിപ്പിച്ചുകൊണ്ടുപോകാത്തതും തോല്‍വിക്ക് കാരണമായി. ഐ ഗ്രൂപ്പിലെയും എ ഗ്രൂപ്പിലെയും നേതാക്കളെ ഗ്രൂപ്പ് തിരിഞ്ഞ് അക്രമിച്ചു. അതു പ്രതിരോധിക്കാന്‍ സര്‍ക്കാരിനോ നേതൃത്വത്തിനോ കഴിഞ്ഞില്ല. പാര്‍ട്ടിയും സര്‍ക്കാരും രണ്ടുതരത്തില്‍ ആരോപണങ്ങളുമായി മുന്നോട്ടുപോയത് വന്‍ തോല്‍വിക്ക് ഇടയാക്കിയെന്നും അദ്ദേഹം ആരോപിച്ചു.സോളര്‍ കേസും ബാര്‍ കേസും ഉയര്‍ത്തിപ്പിടിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ സര്‍ക്കാരിനോ കോണ്‍ഗ്രസ് നേതൃത്വത്തിനോ കഴിഞ്ഞില്ല. കണ്ണൂരിലെ സതീശന്‍ പാച്ചേനിയുടെ പരാജയം തന്നെ ഞെട്ടിച്ചുവെന്നും പരാജയകാരണം അന്വേഷിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ നേതൃമാറ്റത്തെ പറ്റി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഗൗരവമായി ആലോചിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍. ആരുടെ നേതൃത്വത്തില്‍ മുന്നോട്ടുപോകണമെന്ന് ഹൈക്കമാന്‍ഡും എംഎല്‍എമാരും ചേര്‍ന്ന് തീരുമാനിക്കണം. സര്‍ക്കാരിനെതിരെ പാര്‍ട്ടിയില്‍നിന്നു തന്നെ വിമര്‍ശനമുണ്ടായതാണ് വന്‍ പരാജയത്തിന് കാരണമായത്. ഭരണനേതൃത്വത്തിലും പാര്‍ട്ടി നേതൃത്വത്തിലും വിവേകക്കുറവുണ്ടായി. വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയിട്ടും വ്യക്തിപരമായി ഉയര്‍ന്ന വ്യാജ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ കഴിയാതിരുന്നതാണ് മൂവാറ്റുപുഴയിലെ തന്റെ പരാജയത്തിന് കാരണമായതെന്നും വാഴയ്ക്കന്‍ പറഞ്ഞു. തന്റെ തോല്‍വി ഉറപ്പാക്കാന്‍ ആലപ്പുഴ ജില്ലയിലെ ഒരു മണ്ഡലം തന്നാല്‍ മതിയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് പോയെന്നും സംഘടനാദൗര്‍ബല്യം വലിയ പരാജയത്തിന് കാരണമായെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. സിപിഎം മണ്ഡലമായ ഒറ്റപ്പാലത്ത് തോറ്റതിലല്ല. കൈപ്പത്തിക്ക് സ്വാധീനമുളള ആലപ്പുഴ ജില്ലയില്‍ സീറ്റ് തരാതിരിക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെയാണ് ഷാനിമോള്‍ ഉസ്മാന്റെ പരാതി. ബിജെപിക്ക് വോട്ടുമറിച്ചവര്‍ കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നും അവര്‍ പറഞ്ഞു. 2006 ല്‍ പെരുമ്പാവൂരിന് ശേഷം ഷാനിമോള്‍ ഉസ്മാന്റെ നിയമസഭയിലേക്കുളള രണ്ടാമത്തെ മല്‍സരമായിരുന്നു ഒറ്റപ്പാലത്ത്.

ഇതു കൂടാതെ കഴിഞ്ഞ ദിവസം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍, പദ്മജ വേണുഗോപാല്‍, കെ.മുരളീധരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പിന്നില്‍ നിന്ന് കുത്തിയെന്ന ആരോപണവുമായി തൃശൂരില്‍ മത്സരിച്ച് തോറ്റ പദ്മജയാണ് ആദ്യം രംഗത്തെത്തിയത്. മന്ത്രി സി.എന്‍.ബാലകൃഷ്ണനെ പ്രചാരണ ഘട്ടത്തില്‍ ഒരിക്കല്‍ പോലും കണ്ടില്ലെന്ന് പദ്മജ അഭിപ്രായപ്പെട്ടു. ജില്ലയില്‍ ശക്തമായ കോണ്‍ഗ്രസ് നേതൃത്വമില്ല. കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോയി. വോട്ട് രേഖപ്പെടുത്തിയ ശേഷം സി.എന്‍ ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന തെറ്റാണ്. കാലുപിടിച്ചിട്ടും മുതിര്‍ന്ന നേതാക്കള്‍ സഹായിച്ചില്ല. തിങ്കളാഴ്ച കെ.പി.സി.സിക്ക് പരാതി നല്‍കുമെന്നും അറിയിച്ചിരുന്നു.

പാര്‍ട്ടിയില്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് കെ.മുരളീധരന്‍ പറഞ്ഞു. വര്‍ഗീയതയെ ചെറുക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. ഉത്തരവാദിത്വം ഒരാളുടെ തലയില്‍കെട്ടിവെക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയോടും വര്‍ഗീയതയോടുമുള്ള മൃദുസമീപനം വിനയായി എന്ന് വി.ഡി സതീശന്‍ പറഞ്ഞു. ജനങ്ങള്‍ എല്ലാം കാണുന്നു എന്ന ധാരണയുണ്ടായില്ല. തെറ്റുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പാര്‍ട്ടി യോഗങ്ങളില്‍ പോലും അപഹസിക്കപ്പെട്ടു. പാര്‍ട്ടിയില്‍ തുറന്ന പരിശോധന അനിവാര്യമാണ്. സര്‍ക്കാരിന്റെ അവസാനകാലത്തെ ഉത്തരവുകള്‍ തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്തു.

You must be logged in to post a comment Login