കനത്ത മഴ: ഏലം വിപണിയില്‍ തകര്‍ച്ച

ഇടുക്കി:. ഇടുക്കിയിലെ പുറ്റടിയില്‍ ഇന്നലെ നടന്ന ഓപ്ഷന്‍ ലേലത്തില്‍ ശരാശരി വില 564. 95 രൂപയായിരുന്നു. ഓപ്പണ്‍ മാര്‍ക്കറ്റിലെ വില ഇതിലും താഴും. ആയിരത്തിലധികം രൂപ വില ലഭിക്കേണ്ട സാഹചര്യത്തിലാണിത്. കഴിഞ്ഞവര്‍ഷം ഈ സമയം ഏലത്തിന് 1000 രൂപയിലേറെ ലഭിച്ചിരുന്നു.
ഓണം സീസണ്‍ പടിക്കലെത്തി നില്‍ക്കെ വിലത്തകര്‍ച്ച കര്‍ഷകര്‍ക്കു തിരിച്ചടിയാകും.ആഴ്ച്ചകളായി തുടരുന്ന കനത്ത മഴയില്‍ കൃഷിയിടങ്ങള്‍ പലതും നാമാവശേഷമായി. ഒപ്പം കുമിള്‍ രോഗവും കൃഷിക്ക് പ്രതിന്ധി സൃഷ്ടിക്കുന്നു. ഒരു വര്‍ഷത്തിലേറെയായി സംസ്ഥാനത്ത് ഏലം വിപണിയില്‍ കാര്യമായ ഉണര്‍വുണ്ടായിട്ടില്ല. വിളിത്തുകയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മാസങ്ങളോളം ഓക്ഷന്‍ ലേലം നിലച്ചിരുന്നു.

cardamomവര്‍ഷത്തില്‍ ഏലത്തിന് ഏറ്റവുമധികം വില ലഭിക്കേണ്ട നവംമ്പര്‍ മാസത്തിലും ലേലകേന്ദ്രങ്ങള്‍ അടഞ്ഞു കിടന്നതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് നേരിടേണ്ടി വന്നത്. പലരും കെട്ടിക്കിടന്ന ഉത്പന്നം കുറഞ്ഞ വിലക്ക് പൊതു വിപണിയില്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരായി.തര്‍ക്കം പരിഹരിച്ച് ലേലം പുനരാരംഭിച്ചെങ്കിലും ഗ്വാട്ടിമാല ഏലത്തിന്റെ വന്‍തോതിലൂടെയുള്ള ഇറക്കുമതി വീണ്ടും പ്രതിസന്ധിയായി. വിലക്കുറവില്‍ വിപണിയിലേക്കെത്തിച്ച ഗ്വാട്ടിമാല ഏലം ഇന്ത്യന്‍ ഏലത്തിന്റെ വില കുത്തനെ ഇടിച്ചു.
തുടര്‍ന്ന് വിലയില്‍ അല്‍പ്പം ഉയര്‍ച്ച ഉണ്ടായെങ്കിലും ഫെബ്രുവരി ആദ്യം മുതല്‍ തുടര്‍ന്ന കനത്ത വെയിലില്‍ ഏലത്തോട്ടങ്ങള്‍ കരിഞ്ഞുണങ്ങി. പിന്നാലെയെത്തിയ കാലവര്‍ഷം കര്‍ഷകന് കൂട്ടാകുമെന്ന പ്രതീക്ഷയിലായിരുന്നെങ്കിലും ഇടുക്കി, വയനാട് ജില്ലകളില്‍ നിര്‍ത്താതെ പെയ്യുന്ന മഴ കൃഷിയെ ബാധിച്ചു. അഴുകല്‍ ബാധിച്ച് കൃഷിയിടങ്ങല്‍ നാശത്തിന്റെ വക്കിലാണ്.
ഒരു കിലോ ഏലക്ക ഉല്‍പ്പാദിപ്പിക്കാന്‍ 900 മുതല്‍ 1000 രൂപ വരെയാണു കുറഞ്ഞ ചെലവ്. വളക്കൂറു കുറഞ്ഞ മണ്ണാണെങ്കില്‍ ചിലവ് ഇതിലും കൂടും. അനുദിനം വര്‍ധിച്ചുവരുന്ന തൊഴിലാളി കൂലിയും രാസവളത്തിന്റെ വിലയും കര്‍ഷകര്‍ക്ക് ഇരട്ടി പ്രഹരമാണ് നല്‍കിയിരിക്കുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് സംസ്ഥാനത്ത് 1,75,000 ഏക്കര്‍ ഏല കൃഷിയുണ്ട്.
തൊഴിലാളികളെ കുറച്ചും പരിപാലനം ചുരുക്കിയും കൃഷി നിലനിര്‍ത്താനാകുമോ എന്ന പരീക്ഷണത്തിലാണ് ചെറുകിട കര്‍ഷകര്‍. എന്നാല്‍ വിപണി വില പിടിച്ചു നിര്‍ത്താന്‍ സ്‌പൈസസ് ബോര്‍ഡ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നു.

You must be logged in to post a comment Login