കനത്ത മഴ; മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിതി ഗതികള്‍ വിലയിരുത്തി. ഇന്നലെ രാത്രി 11 മണിയോടെയാണ് മുഖ്യമന്ത്രി സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്ത് എത്തിയത്. ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തശേഷം മുഖ്യമന്ത്രി മടങ്ങി.

മഴക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രത നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മഴ ശക്തമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം പൂര്‍ണ സജ്ജമായിരിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിച്ചു.

You must be logged in to post a comment Login