കനത്ത മഴ; ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും; ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

പാലക്കാട്: കനത്ത മഴയെതുടര്‍ന്ന് ഷോളയാര്‍ ഡാമിന്റെ നാലുഷട്ടറുകള്‍ 12 മണിക്ക് തുറക്കും. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഒരടി ഉയരുമെന്നും അറിയിപ്പുണ്ട്. പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലേക്കും വെള്ളമെത്തും.

പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ നീരൊഴുക്കുണ്ട്. പറമ്പിക്കുളം, മലക്കപ്പാറ മേഖലകളില്‍ നല്ല മഴ ലഭിക്കുന്നുണ്ട്. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ പ്രളയത്തിനു ശേഷം അടയ്ക്കാനായിട്ടില്ല. ഡാം കവിഞ്ഞൊഴുകിയതോടെ ഷട്ടറുകള്‍ തകരാറിലായിരുന്നു. ഒരാഴ്ചയ്ക്കകം ഷട്ടറുകള്‍ നേരെയാക്കും. അതിനു ശേഷമേ ഷട്ടറുകള്‍ അടയ്ക്കൂ.

അതേസമയം, ഡാമിലേക്കുള്ള തകര്‍ന്ന റോഡും പരിസരവും ഇനിയും നേരെയാക്കിയിട്ടില്ല. പവര്‍ഹൗസും വെള്ളം കയറി നശിച്ചിരുന്നു. ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞിട്ടുണ്ട്. ചെളി വന്നടിഞ്ഞതാണ് പ്രശ്‌നം. ചെളി മാറ്റിയില്ലെങ്കില്‍ ഡാം പെട്ടെന്നു നിറയുന്ന അവസ്ഥയാണ് നിലവിലുളളത്. ചെളി മാറ്റാനുള്ള അനുമതിയ്ക്കു ചില നിയമങ്ങള്‍ തടസമാണെന്ന് അധികൃതര്‍ പറയുന്നു.

You must be logged in to post a comment Login