കന്യാസ്ത്രീകളുടെ സമരപന്തലില്‍ സിപിഐഎമ്മിനെ കാണാത്തതെന്ത്?; അല്ലെങ്കില്‍ സഭയും സിപിഐഎമ്മും തമ്മിലെന്ത്?

കൊച്ചി: കൊച്ചിയില്‍ കന്യാസ്ത്രീകളുടെ സമരം നടക്കുന്നു. പിന്തുണയുമായി നിരവധി സംഘടനകളും വ്യക്തികളും എത്തുന്നു.സിപിഐഎമ്മിനെയും അതിന്റെ നേതാക്കളേയും മാത്രം സമരപന്തലില്‍ കാണാനില്ല. എവിടെ സാമൂഹിക പ്രശ്‌നമുണ്ടായാലും ആശയസംഘര്‍ഷമുണ്ടായാലും അതില്‍ ഇടപെടുക എന്നതാണ് സിപിഐഎം മുമ്പൊക്കെ പിന്തുടര്‍ന്നു വന്നിരുന്ന രീതി.അതില്‍ നിന്നൊരു വലിയ മാറ്റം ഇവിടെ കാണാം.

ഇഎംഎസ് ഉണ്ടായിരുന്ന കാലത്തായിരുന്നു എന്ന് ആലോചിച്ചു നോക്കുക. സഭക്കകത്തെ ഈ പ്രശ്‌നം ആശയപരമായും രാഷ്ടീയമായും നിയമപരമായും സിപിഐഎമ്മും സര്‍ക്കാരും ഇങ്ങനെ ആയിരിക്കില്ല കൈകാരും ചെയ്യുക എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടോ?

ഇഎംഎസിന്റെ കാര്യം പോകട്ടെ. ഇഎംഎസ് എന്നും ജീവിച്ചിരിക്കണമെന്നും സിപിഐഎമ്മിന് ആശയ വ്യക്ത നല്‍കണമെന്നും പറയുന്നത് ഒരു മാര്‍ക്‌സിസ്റ്റ് നിലപാടല്ലല്ലോ.

നമുക്ക് ഇഎംഎസ് അക്കാദമി ഉണ്ടല്ലോ. അല്ലെങ്കില്‍ വേണ്ട ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ എങ്ങിനെ സ്വാധീനം ഉണ്ടാക്കാം എന്നതിനെ കുറിച്ച് ഒരു പാര്‍ട്ടി നയം ഉണ്ടല്ലോ? മുസ്ലീം ലീഗിനെ കൂട്ടുപിടിക്കുന്നതുമായി ബന്ധപ്പെട്ട് അതില്‍ വ്യക്തത വരുത്തിയതാണല്ലോ? ന്യൂനപക്ഷത്തിന്റെ പേരിലുള്ള പാര്‍ട്ടികളെയും അതിലെ വോട്ടു കച്ചവടക്കാരേയും കൂടെ കൂട്ടുക അല്ല വേണ്ടതെന്നും ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെട്ട് മതമേധാവികളുടേയും വോട്ട് കച്ചവടക്കാരുടേയും സ്വാധീനത്തില്‍ നിന്ന് അവരെ മോചിപ്പിച്ച് നേരിട്ട് ഇടതുപക്ഷ ബന്ധത്തിലേക്ക് കൊണ്ടുവരികയാണ് വേണ്ടത് എന്നുമാണല്ലോ സിപിഐഎമ്മിന്റെ പുതിയ സമീപനം: അല്ലെങ്കില്‍ പാര്‍ട്ടി നയമായി രേഖയില്‍ പറയുന്നത്. എന്നിട്ടും എന്തുകൊണ്ട് കന്യാസ്ത്രീകളുടെ സമരം സിപിഐഎമ്മിന് അതിന്റെ നേതാക്കള്‍ക്ക് കണ്ടില്ലെന്ന് നടിക്കേണ്ടി വരുന്നു?

ഇനി മാര്‍ക്‌സിസ്റ്റ് ചരിത്ര പരിശോധനാ രീതിയില്‍ നോക്കുകയാണെങ്കിലോ? 1957ലെ ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിടുന്നതിന് വഴി ഒരുക്കിയ 59ലെ വിമോചന സമരത്തെ നയിച്ചത് സഭയും കന്യാസ്ത്രീകളും ആയിരുന്നു. സഭയുടെ സാമ്പത്തിക താല്‍പര്യങ്ങളും വിശ്വാസവുമായി ബന്ധപ്പെട്ട ആശങ്കകളും ആയിരുന്നു വിമോചന സമരത്തിന് വഴി ഒരുക്കിയത് .

ആലഞ്ചേരിയുമായി ബന്ധപ്പെട്ട ഭൂമി കച്ചവടക്കേസും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കന്യാസ്ത്രീ പീഡനവും യഥാര്‍ത്ഥത്തില്‍ വിമോചന സമരത്തിലെ രണ്ടു മുദ്രാവാക്യങ്ങള്‍ റദ്ദുചെയ്യുന്നവയായിരുന്നു.

ഒരു ലക്ഷത്തിലേറെ വരും കന്യാസ്ത്രീകളുടെ എണ്ണം. അച്ചന്‍മാരുടെ എണ്ണത്തേക്കാള്‍ എത്രയോ കൂടുതലാണിത്. മിക്ക ക്രൈസ്തവ വീടുകളില്‍ നിന്നും കന്യാസ്ത്രീകളുണ്ട്. വിശ്വാസികള്‍ക്ക് കൂടുതല്‍ അടുപ്പവും അവരോടാണ്.അവരാണ് പറയുന്നത് സഭയില്‍ നടക്കുന്നത് ഇതാണ്. സര്‍ക്കാരും സംഘടനകളും ഇടപെടൂ എന്ന്. സഭയും കന്യാസ്ത്രീകളും തമ്മില്‍ ഇവിടെ ഒരു ഭിന്നത രൂപപ്പെട്ടിരിക്കുന്നു. സഭയുടെ സ്വഭാവത്തെ കുറിച്ചും എന്താണ് സഭ എന്നതിനെ കുറിച്ചും മറ്റാരുമല്ല കന്യാസ്ത്രീകള്‍ തന്നെ പറയുമ്പോള്‍ അത് മുഖവിലക്കെടുത്ത് പ്രവര്‍ത്തിക്കയല്ലേ സിപിഐഎമ്മും സര്‍ക്കാരും ചെയ്യേണ്ടത്?

സഭയെ തകര്‍ക്കാനാണ് ഇതെല്ലാം എന്ന പതിവു പല്ലവി അച്ചന്‍മാര്‍ ഉയര്‍ത്തുകയും അതിന് കന്യാസ്ത്രീകള്‍ തന്നെ മറുപടി നല്‍കുകയും ചെയ്തതോടെ സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും ആ പേടിയും വേണ്ട. സര്‍ക്കാരൊ പാര്‍ട്ടിയൊ ഇതില്‍ ഇടപെട്ടാല്‍ സഭയെയും വിശ്വാസത്തേയും ആക്രമിക്കുന്നു എന്ന പതിവു മുദ്രാവാക്യത്തിനു ഇവിടെ പ്രസക്തിയില്ല.

മാണിയും ജോസഫും ഉമ്മന്‍ ചാണ്ടിയും ഇടപെടാത്തതും പി സി ജോര്‍ജ് കന്യാസ്ത്രീകളെ തെറി പറയുന്നതും എ.കെ ആന്റണി ഇതിനു തുല്യമായ മൗനം പാലിക്കുന്നതും മനസിലാക്കാം. കമ്മ്യൂണിസ്റ്റ് വിരുദ്ധമുന്നണിയിലെ കൂട്ടുകാരാണല്ലോ ആന്റണിക്കും ഉമ്മന്‍ ചാണ്ടിക്കും ഈ അച്ചന്‍മാരും സഭയും. പി.കെ കുഞ്ഞാലിക്കുട്ടി സമരപന്തലില്‍ എത്താത്തതും മനസിലാക്കാം. ഗോപി കോട്ടമുറിക്കലോ പി ശശിയൊ പി.കെ ശശിയൊ സമരപന്തലില്‍ വരാത്തതും മനസിലാകും. അതുപോലെ അല്ലല്ലോ പാര്‍ട്ടി.

ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നടകത്തിന്റെ പേരില്‍ ആവിഷ്‌കാരസ്വാതന്ത്രത്തിന് എതിരെ സഭ ഉറഞ്ഞു തുള്ളിയപ്പോള്‍ കെ കരുണാകരന്‍ അതിന് വഴങ്ങി കൊടുത്തതു പോലും മനസിലാക്കാം. കുരിശില്‍ കിടന്ന് ക്രിസ്തു മഗ്ദലന മറിയവുമായി ബന്ധപ്പെടുന്നത് സ്വപ്നം കണ്ടു എന്ന് കസന്‍ ദിസാക്കിസ് എഴുതിയത് നാടകമായപ്പോഴാണ് ആ വിഷക്കാര സ്വാതന്ത്രത്തിന് എതിരെ സഭ രംഗത്തുവന്നത്. ഇന്ന് കന്യാസ്ത്രീകള്‍ പറയുന്നു ഡെകാമറോണ്‍ കഥകളെ വെല്ലുന്ന കാര്യമാണ് ഫ്രാങ്കോ മുളയ്ക്കലിനെ പോലുള്ള അച്ചന്‍മാര്‍ തങ്ങളോടു ചെയ്യുന്നതെന്ന്.

‘ഇതില്‍ നടപടി എടുക്കാതെ മാറി നില്‍ക്കുന്ന സര്‍ക്കാരും സിപിഐഎമ്മും കരുണാകരനും, ആന്റണിയും ഉമ്മന്‍ ചാണ്ടിയും സഭക്കും അച്ചന്‍മാര്‍ക്കും വേണ്ടി കേരളത്തോടു ചെയ്ത തെറ്റിനേക്കാള്‍ വലിയ തെറ്റാണ് ചെയ്യുന്നത്.

അല്ലെങ്കില്‍ പറയണം സഭയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരു പോലെ സ്ഥാപനവല്‍ക്കരിക്കപ്പെടുകയും ജീര്‍ണിക്കുകയും ചെയ്തു എന്ന്. സഭക്ക് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കാനുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് പി.കെ ശശിയെപ്പോലുള്ളവരെ സംരക്ഷിക്കാനുണ്ടെന്ന്. ഇല്ലെങ്കില്‍ സിപിഐഎമ്മും സര്‍ക്കാരും കൊച്ചിയിലെ സമരപന്തലിലേക്ക് പോകണം. കന്യാസ്ത്രീകളുടെ ആവശ്യങ്ങള്‍ കേള്‍ക്കണം അവര്‍ക്ക് നീതി ലഭ്യമാക്കണം.

വാല്‍ക്കഷണം: പിണറായി വിജയന്‍ ബിഷപ്പിനെ നികൃഷ്ടജീവി എന്നു വിളിച്ചുവെന്ന് പറഞ്ഞു കുരച്ചു ചാടിയവരെല്ലാം കന്യാസ്ത്രീകളുടെ സമരപന്തലില്‍ പിന്തുണ അറിയിക്കാന്‍ എത്തിയിട്ടുണ്ട്. ഇവര്‍ ബിഷപ്പിനെ എന്താണാവോ വിശേഷിപ്പിക്കുക . ദൈവപുത്രന്‍ എന്നായിരിക്കാം. നികൃഷ്ടജീവി പ്രയോഗം നടത്തിയ പിണറായിയുടെ സര്‍ക്കാരിനാകട്ടെ ഇപ്പോള്‍ ബിഷപ്പ് ദൈവപുത്രന്‍ ആയിരിക്കുന്നു. ഇതാണ് ചരിത്രപരമായ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം.

നികൃഷ്ടജീവി പ്രയോഗം നടത്തിയ പിണറായിയുടെ സർക്കാരിനാകട്ടെ ഇപ്പോൾ ബിഷപ്പ് ദൈവപുത്രൻ ആയിരിക്കുന്നു. ഇതാണ് ചരിത്രപരമായ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം.

You must be logged in to post a comment Login