കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഐജിയുടെ യോഗം നാളെ; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്‍ തീരുമാനമായേക്കും

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിന്റെ അന്വേഷണപുരോഗതി വിലയിരുത്താന്‍ കൊച്ചി റെയ്ഞ്ച് ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച കോട്ടയത്ത് യോഗം ചേരും. യോഗത്തില്‍ ബിഷപ്പിനെ അറസ്റ്റുചെയ്യുന്നതടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം കൈകൊള്ളുമെന്നാണ് സൂചന.

രണ്ടുദിവസത്തിനകം കൂടുതല്‍ വ്യക്തത വരുത്തി അന്വേഷണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബിഷപ്പിനെ വിളിച്ചുവരുത്തണോ ജലന്ധറില്‍പോയി അറസ്റ്റുചെയ്യണോ എന്നും യോഗം തീരുമാനിച്ചേക്കും.കേസില്‍ സാക്ഷിമൊഴി നിര്‍ണായകമായതിനാലാണ് കന്യാസ്ത്രീയുടെ മൊഴി പലതവണ എടുക്കേണ്ടിവന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രണ്ടാംഘട്ട അന്വേഷണത്തില്‍ കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മൊഴികളിലെ വൈരുധ്യങ്ങള്‍ പരിഹരിച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചോദ്യം ചെയ്യലില്‍ ബിഷപ്പ് അന്വേഷണസംഘത്തോട് പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നും കണ്ടെത്തിയിട്ടുണ്ട്. കന്യാസ്ത്രീയെ നേരിട്ട് അറിയില്ലെന്നാണ് ബിഷപ്പ് അന്വേഷണസംഘത്തോട് പറഞ്ഞത്. എന്നാല്‍ 2014 മേയില്‍ കുടുംബത്തിലെ ആദ്യ കുര്‍ബാന ചടങ്ങില്‍ ബിഷപ്പ് പങ്കെടുത്തിരുന്നുവെന്നാണ് കന്യാസ്ത്രീയുടെ മൊഴി. ഇത് ശരിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

You must be logged in to post a comment Login