കമ്പനി ജീവനക്കാരല്ലാത്തവര്‍ക്ക് ഇനി മുതല്‍ വാറ്റ് ആനുകൂല്ല്യം ലഭിക്കില്ല: ഫെഡറല്‍ ടാക്‌സ് അതോറിറ്റി 

 


ദുബൈ: കമ്പനി ജീവനക്കാരല്ലാത്തവര്‍ക്കായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ചെലവഴിക്കുന്ന തുകയ്ക്കു മൂല്യവര്‍ധിത നികുതി (വാറ്റ്)യുമായി ബന്ധപ്പെട്ട ആനുകൂല്യമുണ്ടാകില്ലെന്നു ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്ടിഎ) അറിയിച്ചു. അതായത് വാറ്റ് ഇനത്തില്‍ ഈടാക്കിയ തുകയില്‍ കിഴിവു ലഭിക്കില്ല. കൂടാതെ ഔദ്യോഗിക ആവശ്യങ്ങളുമായി ബന്ധപ്പെടാതെ നല്‍കുന്ന സൗകര്യങ്ങള്‍ക്കൊന്നും ഇളവുണ്ടാകില്ല എന്നും അതോറിറ്റി അറിയിച്ചു. അതുകൊണ്ട് തന്നെ താമസം, ഭക്ഷണം, ഉല്ലാസയാത്രകള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇനി മുതല്‍ ആനുകൂല്ല്യങ്ങള്‍ ലഭിക്കുകയില്ല.

ജീവനക്കാര്‍ക്കും അല്ലാത്തവര്‍ക്കുമുള്ള ആനുകൂല്യ വ്യവസ്ഥകള്‍ വ്യക്തമായി നിര്‍വചിക്കുന്നതാണ് പുതിയ വിശദീകരണം. സ്ഥാപനവുമായി തൊഴില്‍ കരാര്‍ ഒപ്പുവച്ച ജീവനക്കാര്‍ക്കു നല്‍കുന്ന സേവനങ്ങള്‍ ആനുകൂല്യത്തിന് അര്‍ഹമാണ് എന്നും അതോറിറ്റി വ്യക്തമാക്കി. സ്റ്റാഫ് പാര്‍ട്ടികള്‍, സര്‍വീസ് അവാര്‍ഡുകള്‍, റിട്ടയര്‍മെന്റ് സമ്മാനങ്ങള്‍ തുടങ്ങിയവയൊന്നും ഇളവുകളില്‍ ഉള്‍പ്പെടില്ല.

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ അവരുടെ ഇടപാടുകാര്‍ക്ക് ഹോട്ടലുകളില്‍ കോണ്‍ഫറന്‍സ് നടത്തുന്നതിന്റെ ചെലവും വാഹന ഡീലര്‍മാരും മറ്റും പുതിയ മോഡല്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ടു നടത്തുന്ന വിരുന്നുകളും വാറ്റ് ആനുകൂല്യത്തില്‍ ഉള്‍പ്പെടില്ലെന്ന് ഈ മേഖലയിലെ വിദഗ്ധരും ചൂണ്ടിക്കാട്ടി. ബിസിനസ് ലക്ഷ്യമിട്ടു നടത്തുന്ന ഇത്തരം പരിപാടികള്‍ക്ക് ഇളവുകള്‍ ബാധകമല്ല. എന്നാല്‍ നിയമനം നേടി ജോലിയില്‍ പ്രവേശിക്കാനെത്തുന്ന ഒരാള്‍ക്കുള്ള താല്‍ക്കാലിക ഹോട്ടല്‍ താമസ ചെലവിന് ആനുകൂല്യമുണ്ടാകും.

You must be logged in to post a comment Login