കമ്മ്യൂണിസ്റ്റുകള്‍ എവിടെ ഭരണത്തിലിരിക്കുന്നുവോ അവിടം അക്രമത്തിലേക്ക് വഴിമാറും: അമിത് ഷാ

ന്യൂഡല്‍ഹി: കമ്മ്യൂണിസ്റ്റുകള്‍ എവിടെ ഭരണത്തിലിരിക്കുന്നുവോ അവിടെ രാഷ്ട്രീയ പ്രവര്‍ത്തനം അക്രമത്തിലേക്ക് വഴിമാറുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറിയ ശേഷം 120ഓളം ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരാണ് കേരളത്തില്‍ കൊല്ലപ്പെട്ടതെന്ന് അമിത് ഷാ പറഞ്ഞു. ഭൂരിഭാഗം കൊലപാതകങ്ങളും നടന്നത് മുഖ്യമന്ത്രിയുടെ ജില്ലയിലാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതില്‍ ലജ്ജിക്കണമെന്നും അമിത് ഷാ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ജനരക്ഷാ യത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബുള്ളറ്റ് ഉപയോഗിച്ചും ജീവനെടുക്കാം. എന്നാല്‍ ഭയം ജനിപ്പിക്കാന്‍ വേണ്ടി ഞങ്ങളുടെ പ്രവര്‍ത്തകരെ തുണ്ടം തുണ്ടം വെട്ടിയാണ് കൊന്നത്, ജീവന്‍ ത്യജിക്കുക എന്നതില്‍ ഭയപ്പെടുന്നവരല്ലാതിരുന്നിട്ടു കൂടി’, അമിത് ഷാ ആഞ്ഞടിച്ചു.

ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത് കണ്ണൂര്‍ ജില്ലയിലായതിനാല്‍ ഈ കൊലപാതകങ്ങള്‍ക്കെല്ലാം ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചത്.

രാഷ്ട്രീയ അക്രമം കമ്മ്യൂണിസ്റ്റുകളുടെ സ്വഭാവത്തിലുള്ളതാണെന്നും ഒരു ഭയപ്പെടുത്തലിനും ഇടതു ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ താമര വിരിയുന്നത് തടയാനാവില്ലെന്നും അമിത് ഷാ പറഞ്ഞു.

‘അക്രമ രാഷ്ട്രീയം അവരുടെ സ്വഭാവത്തിലുള്ളതാണ്. ഏറ്റവും കൂടുതല്‍ രാഷ്ട്രീയ അക്രമങ്ങള്‍ റിപ്പോര്‍ട്ട ചെയ്തത് പശ്ചിമ ബംഗാളിലാണെന്നത് യാദൃശ്ചികമല്ല. ത്രിപുരയിലും കേരളത്തിലും മാത്രമാണ് ഇന്ന് കമ്മ്യൂണിസ്റ്റുകള്‍ ഭരണത്തിലുള്ളത്. എവിടെ അവര്‍ ഭരണത്തിലിരിക്കുന്നുവോ അവിടെ രാഷ്ട്രീയ പ്രവര്‍ത്തനം അക്രമത്തിലേക്ക് വഴിമാറും’, അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചില വിഷയങ്ങളില്‍ നിശ്ശബ്ദരാണെന്നും അത് അവരുടെ പക്ഷപാതമാണ് കാണിക്കുന്നതെന്നും ഷാ കുറ്റപ്പെടുത്തി.

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇരയായ ബിജെപി പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ റാലിയോടൊപ്പം പ്രദര്‍ശിപ്പിച്ചിരുന്നു. ഒക്ടോബര്‍ മൂന്നിന് കണ്ണൂരില്‍ ആരംഭിച്ച ജനരക്ഷാ യാത്ര 17ന് തിരുവനന്തപുരത്ത് സമാപിക്കും.

You must be logged in to post a comment Login